ദില്ലി: ആപ്പിളിന്‍റെ പുതിയ ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, 11 പ്രോ മാക്സ് എന്നിവ ഇറങ്ങി കഴിഞ്ഞു. എ13 ബയോണിക് ചിപ്പ് അടക്കം  ഒട്ടനവധി പുതിയ പ്രത്യേകതകളുമായാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. ക്യാമറയില്‍ വരുത്തിയ മാറ്റങ്ങളാണ് മൂന്ന് ഐഫോണുകളുടെയും പ്രധാന പ്രത്യേകത എന്ന് പറയാം. ഈ ഫോണിന്‍റെ വില നിലവാരം പരിശോധിക്കാം.

ഐഫോണ്‍ 11 ന്‍റെ വില ഇന്ത്യയില്‍ ആരംഭിക്കുന്നത് 64,900 രൂപയിലാണ്. 64 ജിബി മോഡലിനാണ് ഈ വില. ഐഫോണ്‍ 11 പ്രോയുടെ വില ആരംഭിക്കുന്നത് 99,900 രൂപയിലാണ്. ഐഫോണ്‍ 11 പ്രോ മാക്സ് വില ആരംഭിക്കുന്നത് 1,09,900 രൂപയിലാണ്. ഇവയുടെ സ്റ്റോറേജും 64 ജിബി തന്നെയാണ്. ആപ്പിള്‍ ഐഫോണിന്‍റെ പുതിയ മോഡലുകളുടെ 64 ജിബി പതിപ്പുകള്‍ മാത്രമായിരിക്കും സെപ്തംബര്‍ അവസാനത്തോടെ ഇന്ത്യയില്‍ എത്തുക.

ഈ മോഡലുകള്‍ക്ക് പുറമേ ആപ്പിള്‍ ഐഫോണ്‍ 11 സീരിസില്‍ മറ്റ് സ്റ്റോറേജ് മോഡലുികള്‍ ഉണ്ട്. ഐഫോണ്‍ 11ന് 64 ജിബി മോഡലിന് പുറമേ 128ജിബി, 256 ജിബി പതിപ്പുകള്‍ ഉണ്ട്. അത് പോലെ ഐഫോണ്‍ 11 പ്രോയ്ക്ക് 256 ജിബി, 512 ജിബി പതിപ്പുകള്‍ ഉണ്ട്. ഐഫോണ്‍ 11 പ്രോ മാക്സിലേക്ക് വന്നാല്‍ ഈ ഫോണിന് ബേസ് മോഡലിന് പുറമേ 256 ജിബി, 512 ജിബി പതിപ്പുകള്‍ ഉണ്ട്.