ഇന്ത്യയില്‍ ആപ്പിളിന്‍റെ ഐഫോണ്‍ 17 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകളുടെ വില്‍പന ആരംഭിച്ചു. സെയില്‍ തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുന്നേ ബെംഗളൂരുവിലെയും മുംബൈയിലെയും ദില്ലിയിലേയും ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ വന്‍ ക്യൂ ദൃശ്യമായി.

ബെംഗളൂരു: ആപ്പിളിന്‍റെ ഏറ്റവും പുതിയ ഐഫോണ്‍ 17 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകളുടെ വില്‍പന ഇന്ത്യയില്‍ ആരംഭിച്ചു. വില്‍പനയ്‌ക്ക് മുന്നോടിയായി നീണ്ട ക്യൂവാണ് ബെംഗളൂരുവിലെയും മുംബൈയിലെയും ദില്ലിയിലെയും ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നില്‍ ദൃശ്യമായത്. പുലര്‍ച്ച മുതല്‍ ക്യൂ നിന്നാണ് ആപ്പിള്‍ പ്രേമികള്‍ പുത്തന്‍ ഐഫോണുകള്‍ സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ഫിനിക്‌സ് മാളില്‍ പുത്തന്‍ മോഡലുകള്‍ വാങ്ങാന്‍ ഐഫോണ്‍ പ്രേമികള്‍ ടോക്കണുമായി മണിക്കൂറുകള്‍ മുന്നേ നിലയുറപ്പിച്ചിരുന്നു. ഡിസൈനിലടക്കം അപ്‌ഗ്രേഡുകള്‍ ആപ്പിള്‍ കൊണ്ടുവന്നത് സന്തോഷിപ്പിക്കുന്നു എന്നാണ് ഇന്ത്യയില്‍ വില്‍പനയുടെ ആദ്യ മണിക്കൂറുകളില്‍ തന്നെ ഐഫോണ്‍ 17 ശ്രേണി സ്‌മാര്‍ട്ട്‌ഫോണുകള്‍ കൈക്കലാക്കിയവരുടെ ആദ്യ പ്രതികരണം.

ഐഫോണ്‍ 17 സീരീസില്‍ നാല് സ്‌മാര്‍ട്ട്‌ഫോണുകളാണ് ആപ്പിള്‍ പുറത്തിറക്കിയത്. ഐഫോണ്‍ 17, ഐഫോണ്‍ എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നിവയാണിത്. ഡിസൈനിലും ബാറ്ററി ശേഷിയിലും ക്യാമറയിലും സ്റ്റോറേജിലും അടക്കം മികച്ച അപ്‌ഗ്രേഡുകള്‍ ഈ സീരീസില്‍ ആപ്പിള്‍ അവതരിപ്പിച്ചിരുന്നു. വെറും 5.6 മില്ലീമീറ്റര്‍ മാത്രം കട്ടിയുള്ള ഐഫോണ്‍ എയര്‍ ആയിരുന്നു ഈ നിരയിലെ ഏറ്റവും ശ്രദ്ധാകേന്ദ്രം. ചരിത്രത്തിലെ ഏറ്റവും സ്ലിമ്മായ ഐഫോണാണ് പുത്തന്‍ ഐഫോണ്‍ എയര്‍. 

ഐഫോണ്‍ 17 സീരീസ് മോഡലുകളുടെ ഇന്ത്യയിലെ വില ചുവടെ നല്‍കുന്നു

ഐഫോണ്‍ 17

256 ജിബി - 82,900 രൂപ

512 ജിബി - 1,02,900 രൂപ

ഐഫോണ്‍ എയര്‍

256 ജിബി - 1,19,900 രൂപ

512 ജിബി - 1,39,900 രൂപ

1 ടിബി - 1,59,900 രൂപ

ഐഫോണ്‍ 17 പ്രോ

256 ജിബി - 1,34,900 രൂപ

512 ജിബി - 1,54,900 രൂപ

1 ടിബി - 1,74,900 രൂപ

ഐഫോണ്‍ 17 പ്രോ മാക്‌സ്

256 ജിബി - 1,49,900 രൂപ

512 ജിബി - 1,69,900 രൂപ

1 ടിബി - 1,89,900 രൂപ

2 ടിബി - 2,29,900 രൂപ

ഐഫോണ്‍ 17 ഓഫറുകള്‍

ഐഫോൺ 17 സീരീസിന് എത്രത്തോളം പ്രീ-ഓര്‍ഡര്‍ ഇന്ത്യയില്‍ ലഭിച്ചുവെന്ന് വ്യക്തമല്ല. മികച്ച പ്രീ-ഓര്‍ഡര്‍ ഓഫറുകള്‍ ഇന്ത്യയില്‍ ലഭ്യമായിരുന്നു. ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, അമേരിക്കൻ എക്‌സ്‌പ്രസ് എന്നിവയുടെ തിരഞ്ഞെടുത്ത കാർഡുകളിൽ 5,000 രൂപ ക്യാഷ്ബാക്ക് എന്നിവ ഐഫോണ്‍ 17 സീരീസ് മോഡലുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്‌ത് വാങ്ങുന്നവര്‍ക്ക് ലഭിച്ചിരുന്നു. ഇതിന് പുറമെ 6 മാസം വരെ പലിശരഹിത ഇഎംഐ, ആപ്പിൾ ട്രേഡ് ഇൻ, മൂന്ന് മാസത്തെ ആപ്പിൾ മ്യൂസിക്, മൂന്ന് മാസത്തെ ആപ്പിൾ ടിവി+, ആപ്പിൾ ആർക്കേഡ് ആക്‌സസ് എന്നിവയും ഐഫോണ്‍ 17 ഫോണുകളുടെ പ്രീ-ഓര്‍ഡറിന്‍റെ ഭാഗമായി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചു.

വോട്ടുകൊള്ളയിൽ നമുക്ക് സത്യമറിയണ്ടേ? | Surgical Strike By Unni Balakrishnan | Voter Fraud Claim