ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ്, ഐഫോണ്‍ 17 എയര്‍ എന്നിവയാണ് അടുത്ത തലമുറ ഐഫോണ്‍ ലൈനപ്പില്‍ അവതരിക്കുക.

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ടെക് ഭീമനായ ആപ്പിൾ ഐഫോൺ 17 സീരീസ് ഇന്ന് പുറത്തിറക്കും. സെപ്റ്റംബർ 9ന് ഇന്ത്യൻ സമയം രാത്രി 10:30ന് ഈ ലോഞ്ച് നടക്കും. "Awe Dropping" എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ യുഎസിലെ കാലിഫോർണിയയിലെ കുപെർട്ടിനോയിലുള്ള ആപ്പിൾ പാർക്കിലെ സ്റ്റീവ് ജോബ്‌സ് തിയറ്ററില്‍ ആണ് "Awe Dropping" നടക്കുന്നത്. അതേസമയം ഈ പരിപാടി തത്സമയമാണോ അതോ മുൻകൂട്ടി റെക്കോർഡുചെയ്‌തതാണോ എന്ന് വ്യക്തമല്ല. ഓൺലൈനിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക്, ഐഫോൺ 17 ലോഞ്ചിന്റെ ലൈവ് സ്ട്രീമിൽ ട്യൂൺ ചെയ്യാൻ ആപ്പിൾ ഡോട്ട് കോം, ആപ്പിൾ ടിവി ആപ്പ് അല്ലെങ്കിൽ കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ എന്നിവ സന്ദർശിക്കാം.

എന്തൊക്കെ പ്രതീക്ഷിക്കാം?

ഐഫോണ്‍ 17 സ്‌മാര്‍ട്ട്‌ഫോണ്‍ ലൈനപ്പ്, പുതിയ സ്‌മാര്‍ട്ട്‌വാച്ചുകള്‍, എയര്‍പോഡ്‌സ്, മറ്റ് ഡിവൈസുകള്‍ എന്നിവയാണ് ആപ്പിള്‍ ഇന്ന് പുറത്തിറക്കുക എന്ന് ബ്ലൂംബെര്‍ഗിന്‍റെ മാര്‍ക് ഗുര്‍മാന്‍ പറയുന്നു. ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ്, ഐഫോണ്‍ 17 എയര്‍ എന്നിവയാണ് അടുത്ത തലമുറ ഐഫോണ്‍ ലൈനപ്പില്‍ അവതരിക്കുക. ഇവയില്‍ ഐഫോണ്‍ 17 എയര്‍ പുത്തന്‍ മോഡലും ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഐഫോണുമായിരിക്കും. ഇവയ്‌ക്ക് പുറമെ ആപ്പിള്‍ വാച്ച് സീരീസ് 11, ആപ്പിള്‍ വാച്ച് അള്‍ട്രാ 3, ആപ്പിള്‍ വാച്ച് എസ്ഇ, എയര്‍പോഡ്‌സ് പ്രോ 3, ഐപാഡ് പ്രോ, വിഷന്‍ പ്രോ, ആപ്പിള്‍ ടിവി, ഹോംപാഡ് മിനി എന്നിവയും "Awe Dropping"-ല്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

ഐഫോണ്‍ 17 പ്രോ മാക്‌സ് ( iPhone 17 Pro Max) ആയിരിക്കും ഐഫോൺ 17 സീരീസിലെ ഏറ്റവും പ്രീമിയം ഫ്ലാഗ്‌ഷിപ്പ് ഫോണ്‍. ഐഫോണ്‍ 17 നിരയില്‍ ഏറ്റവുമധികം വില വരുന്ന ഐഫോണ്‍ 17 പ്രോ മാക്‌സില്‍ വരാന്‍ സാധ്യതയുള്ള ഫീച്ചറുകള്‍ നേരത്തെ ആപ്പിള്‍ ഹബ് പുറത്തുവിട്ടിരുന്നു. ഐഫോണുകളുടെ ചരിത്രത്തില്‍ ആദ്യമായി 5,000 എംഎഎച്ച് ബാറ്ററി വരുന്നു എന്നതാണ് ഇതിലൊരു സൂചന. 6.9 ഇഞ്ച് വരുന്ന വലിയ ഓലെഡ് ഡിസ്‌പ്ലെ ഐഫോണ്‍ 17 പ്രോ മാക്‌സില്‍ വരുമെന്നാണ് ആപ്പിളിന്‍റെ ഹബിന്‍റെ ലീക്ക് സൂചിപ്പിക്കുന്നത്. 120Hz പ്രോ-മോഷന്‍ ഡിസ്‌പ്ലെ ആയിരിക്കുമിത്. ആന്‍റി-റിഫ്ലക്‌റ്റീവ് ഡിസ്‌പ്ലെ എന്നതായിരിക്കും മറ്റൊരു പ്രത്യേകത.

അലുമിനിയം + ഗ്ലാസ് ഡിസൈനില്‍ വരുന്ന ഐഫോണ്‍ 17 പ്രോ മാക്‌സിന് കരുത്തേകുക ഏറ്റവും പുതിയ എ19 പ്രോ ചിപ്പായിരിക്കും. 12 ജിബി റാമാണ് മറ്റൊരു സ്പെസിഫിക്കേഷന്‍. ഇതിനൊപ്പം 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് സൗകര്യങ്ങളും വരുമെന്ന് ആപ്പിള്‍ ഹബ് അവകാശപ്പെടുന്നു. 5,000 എംഎഎച്ചിന്‍റെ വലിയ ബാറ്ററിയും വേപര്‍ ചേമ്പര്‍ കൂളിംഗും റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജിംഗും ഉറപ്പിക്കാമെന്നും ആപ്പിള്‍ പറയുന്നു. ഐഫോണ്‍ 16 പ്രോ മാക്‌സിലുണ്ടായിരുന്നത് 4,685 mAh ബാറ്ററിയായിരുന്നു. ബ്ലാക്ക്, വൈറ്റ്, ഗ്രേ, ഡാര്‍ക് ബ്ലൂ, ഓറഞ്ച് നിറങ്ങളാണ് ഐഫോണ്‍ 17 പ്രോ മാക്‌സിന് പറയപ്പെടുന്നത്. ആപ്പിള്‍ വൈ-ഫൈ 7 ചിപ് ഫോണിലുണ്ടാകുമെന്നും സൂചനയുണ്ട്.

ഈ വർഷം ഐഫോൺ നിരയിലേക്ക് പുതിയതായി എത്താൻ സാധ്യതയുള്ള ഒരു കൂട്ടിച്ചേർക്കൽ ഐഫോൺ 17 എയർ ആയിരിക്കും. ഇത് പ്ലസ് മോഡലിന് പകരക്കാരനായേക്കാം. ഏകദേശം 5.5 എംഎം കനമുള്ള ഐഫോൺ 17 എയർ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കനം കുറഞ്ഞ ഐഫോണായിരിക്കും. 6.6 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ, എ19 ചിപ്പ്, ഭാരം കുറഞ്ഞതും എന്നാൽ പ്രീമിയം ഡിസൈനും ഇതിനുണ്ടാകും. 48 എംപി പിൻ ക്യാമറയും 24 എംപി മുൻ ക്യാമറയും ഉള്ള ക്യാമറ സജ്ജീകരണം ലഭിക്കും. സ്റ്റൈലിഷും സ്ലിമ്മും ആയ ഫോണുകളും ഇഷ്ടപ്പെടുന്നവരെയാണ് ഈ ഫോൺ പ്രത്യേകിച്ച് ലക്ഷ്യമിടുന്നത്.

ആപ്പിൾ വാച്ച് സീരീസ് 11, ഉയർന്ന നിലവാരമുള്ള വാച്ച് അൾട്രാ 3, താങ്ങാനാവുന്ന വിലയുള്ള എസ്ഇ മോഡൽ എന്നിവയും "Awe Dropping" പരിപാടിയിൽ ഇന്ന് കമ്പനി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ എയർപോഡ്സ് 3 ഇയർബഡുകളും ലോഞ്ച് ചെയ്തേക്കും. ഈ എല്ലാ പുതിയ ആപ്പിൾ ഡിവൈസുകളും 'ലിക്വിഡ് ഗ്ലാസ്' ഡിസൈൻ ഭാഷയുള്ള ഏറ്റവും പുതിയ iOS 26 ഓപ്പറേറ്റിംഗ് സിസ്റ്റവുമായിട്ടായിരിക്കും പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ.