നതിംഗ് ഫോണ്‍ (3) ജൂലൈ ഒന്നാം തീയതി പുറത്തിറങ്ങും, പ്രതീക്ഷിക്കുന്ന സ്പെസിഫിക്കേഷനുകളും ഫീച്ചറുകളും വിശദമായി

ദില്ലി: ഏറ്റവും പുതിയ നതിംഗ് ഫോണ്‍ (3) ഇന്ത്യയില്‍ പുറത്തിറങ്ങാന്‍ ഇനി ഒരാഴ്‌ച മാത്രം. ജൂലൈ ഒന്നാം തീയതിയാണ് നതിംഗ് ഫോണ്‍ 3 (Nothing Phone 3) ഇന്ത്യയില്‍ ഔദ്യോഗികമായി കമ്പനി അവതരിപ്പിക്കുക. മുന്‍ഗാമിയായ നതിംഗ് ഫോണ്‍ (2) പുറത്തിറങ്ങി ഏതാണ്ട് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഫോണ്‍ 3-യുടെ വരവ് എന്നതാണ് പ്രധാന പ്രത്യേകത. 50 മെഗാപിക്‌സലിന്‍റെ ട്രിപ്പിള്‍ റീയര്‍ ക്യാമറകളും, 50 എംപി സെല്‍ഫി ക്യാമറയും സഹിതം വരുമെന്ന് പ്രതീക്ഷിക്കുന്ന നതിംഗ് ഫോണ്‍ 3-യുടെ ലീക്കായ സ്പെസിഫിക്കേഷനുകള്‍ വിശദമായി അറിയാം.

നതിംഗ് ഫോണ്‍ 3 ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 8എസ് ജെന്‍ 4 ചിപ്പ് സഹിതമാണ് വരിക എന്ന് ഉറപ്പായിട്ടുണ്ട്. ഫ്ലാഗ്‌ഷിപ്പ് നിലവാരത്തിലുള്ള ഏറ്റവും കരുത്തുറ്റ ചിപ് അല്ല ഇത്. എന്നിരുന്നാലും നതിംഗ് ഫോണ്‍ 2-വുമായി താരതമ്യം ചെയ്യുമ്പോള്‍ വമ്പന്‍ അപ്‌ഗ്രേഡുകള്‍ ഫോണ്‍ 3-യില്‍ പ്രതീക്ഷിക്കുന്നു. നതിംഗ് ഫോണ്‍ 3 50 എംപിയുടെ ട്രിപ്പിള്‍ റീയര്‍ ക്യാമറ സംവിധാനം കൊണ്ടുവരുമെന്നാണ് ഒരു സൂചന. 3x സൂം സഹിതം 50 എംപി പെരിസ്‌കോപ് ലെന്‍സ്, 50 എംപി പ്രധാന ക്യാമറ, 50 എംപി അള്‍ട്രാ വൈഡ് ക്യാമറ എന്നിവയാണിത്. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ള ഫ്രണ്ട് ക്യാമറ 32 മെഗാപിക്‌സലില്‍ നിന്ന് 50 എംപിയായി അപ്‌ഗ്രേഡ് ചെയ്യപ്പെടുമെന്നും ലീക്കുകള്‍ സൂചിപ്പിക്കുന്നു. ഈ മുന്‍ ക്യാമറയില്‍ ഓട്ടോഫോക്കസ് ഫീച്ചര്‍ ഉള്‍പ്പെട്ടേക്കും.

അതേസമയം, ഡിസ്‌പ്ലെയുടെ വലിപ്പത്തില്‍ മാറ്റമുണ്ടാവില്ല. 6.7 ഇഞ്ച് എല്‍ടിപിഒ ഓലെഡ് സ്‌ക്രീന്‍ വരാനിരിക്കുന്ന നതിംഗ് ഫോണ്‍ 3-യില്‍ 120 റിഫ്രഷ് റേറ്റിലും വ്യത്യാസം പ്രതീക്ഷിക്കുന്നില്ല. ബാറ്ററിയിലും കാര്യമായ അപ്‌ഗ്രേഡ് പ്രതീക്ഷിക്കുന്നുണ്ട്. നതിംഗ് ഫോണ്‍ 2-വിലെ 4,700 എംഎഎച്ച് ബാറ്ററിക്ക് പകരം 5,150mAh ബാറ്ററി ഫോണ്‍ 3-യില്‍ വരുമെന്നും 100 വാട്സ് വയേര്‍ഡ് ചാര്‍ജിംഗാണ് കൂടെയുണ്ടാവുകയെന്നും പറയപ്പെടുന്നു. ഫോണില്‍ വയലെസ് ചാര്‍ജിംഗ് സൗകര്യം തുടരും. നതിംഗ് ഫോണ്‍ 3-യില്‍ ഇ-സിം സൗകര്യം വരുമെന്ന സൂചന ഉപഭോക്താക്കളെ ആവേശം കൊള്ളിക്കുന്നതാണ്. പതിവ് ഡിസൈനില്‍ നിന്ന് വ്യത്യസ്‌തമായാണ് നതിംഗ് ഫോണ്‍ 3 അവതരിപ്പിക്കുക എന്നതും ത്രില്ലടിപ്പിക്കും.

രണ്ട് സ്റ്റോറേജ് വേരിയന്‍റുകളിലായിരിക്കും നതിംഗ് ഫോണ്‍ (3) ഇന്ത്യയിലേക്ക് വരിക. 12 ജിബി റാം + 256 ജിബി സ്റ്റോറേജ്, 16 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയന്‍റുകളായിരിക്കും ഇത്. രണ്ട് വര്‍ഷം മുമ്പ് നതിംഗ് ഫോണ്‍ (2) 44,999 രൂപ ആരംഭ വിലയിലാണ് ഇന്ത്യയില്‍ പുറത്തിറങ്ങിയിരുന്നത്. അതിനാല്‍, അമിത വിലവര്‍ധന ഇന്ത്യന്‍ ഉപഭോക്താക്കളെ തിരിച്ചടിച്ചേക്കും.

Asianet News Live | Iran Israel Conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking News