Asianet News MalayalamAsianet News Malayalam

ഡീൽ ഉറപ്പിച്ചു, മിനിറ്റിൽ 600 തവണ ഗർജിക്കുന്ന എകെ 47 - 203 യന്ത്രത്തോക്കുകൾ ഇനി ഇന്ത്യൻ സൈന്യത്തിന് സ്വന്തം

ഒരു മിനിറ്റിൽ 600 വെടിയുണ്ടവരെ ഉതിർക്കാൻ ഈ യന്ത്രത്തോക്കിനാകും. അതായത് ഒരു സെക്കൻഡിൽ 10 ഉണ്ട. 

rajnath singh signs the final deal, indian army to get the AK 47 203 assault rifles soon
Author
Moscow, First Published Sep 4, 2020, 11:04 AM IST

ഇന്ത്യയും റഷ്യയും തമ്മിൽ എകെ 47 -203 യന്ത്രത്തോക്കുകൾക്കു വേണ്ടിയുള്ള ഇടപാടിന് അന്തിമരൂപമായി. ഇന്ത്യൻ സൈന്യത്തിന് ആകെ വേണ്ട 7,70,000  അസോൾട്ട് റൈഫിളുകളിൽ ഒരു ലക്ഷം എണ്ണം ഉടനടി ഇറക്കുമതി ചെയ്യാനും, ബാക്കി കലാഷ്നിക്കോവ് നൽകുന്ന സാങ്കേതിക സഹകരണത്തോടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ തന്നെ നിർമ്മിച്ചെടുക്കാനുമുള്ള പദ്ധതിയുടെ കരട് രേഖയിൽ ഇപ്പോൾ മോസ്‌കോ സന്ദർശിക്കുന്ന രാജ്‌നാഥ് സിംഗ് ഒപ്പുവെച്ചു എന്ന് റഷ്യൻ വാർത്ത ഏജൻസിയായ സ്പുട്നിക്കിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.. ഇപ്പോൾ ഇന്ത്യൻ ആർമി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇൻസാസ് റൈഫിളുകൾക്ക് പകരമാണ് ഈ പുതിയ തോക്കുകൾ കൊണ്ടുവരുന്നത്. ഒരു മിനിറ്റിനുള്ളിൽ 600 വെടിയുണ്ടകൾ പായിക്കാനുള്ള കഴിവ് കലാഷ്നിക്കോവ് കമ്പനി നിർമിക്കുന്ന ഈ അത്യാധുനിക യന്ത്രത്തോക്കുകൾക്കുണ്ട്. 

 

rajnath singh signs the final deal, indian army to get the AK 47 203 assault rifles soon

 

ഇന്ത്യയിൽ ആദ്യമായി വികസിപ്പിച്ചെടുത്ത അസാൾട്ട് റൈഫിളാണ് ഇൻസാസ്. എന്നാൽ, യുദ്ധമുഖത്തെ വിപരീത സാഹചര്യങ്ങളിൽ, വിശേഷിച്ചും അതിർത്തിയിലെ പർവ്വതനിരകളിൽ സാധാരണമായ മരം കോച്ചുന്ന തണുപ്പിലും പൊടിയിലും, പലപ്പോഴും അത് ജാമാകുന്ന പ്രശ്നമുണ്ട്. എന്നുമാത്രമല്ല, തണുപ്പേറുന്നതോടെ അതിന്റെ പ്രവർത്തനത്തിലും ഇടയ്ക്കിടെ കൃത്യതക്കുറവുണ്ടാകും. ഈ രണ്ടു പ്രശ്നങ്ങളും അതിജീവിച്ചുകൊണ്ട് ഇന്ത്യ എ കെ 47 എന്ന വിഖ്യാതമായ അസാൾട്ട് റൈഫിളിന്റെ പുതുതലമുറ സാങ്കേതികവിദ്യയെ ആശ്രയിച്ചുകൊണ്ട് ഉത്തർപ്രദേശിലെ അമേഠിയിലുള്ള  സ്മാൾ ആംസ് പ്രൊഡക്ഷൻ പ്ലാന്റിൽ നിന്ന് പുറത്തിറങ്ങാൻ പോകുന്നത്, എ കെ 203 എന്നുപേരായ, ഒരുപക്ഷേ, ലോകത്തിലേക്കും വെച്ച് ഏറ്റവും മാരകമായ ഒരു ആക്രമണായുധമാണ്. കഴിഞ്ഞ ആറുവർഷമായി പ്രതിരോധമേഖലയിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള നിരവധി 'മേക്ക് ഇൻ ഇന്ത്യ' (Make in India) പ്രോജക്ടുകളിൽ ആദ്യമായി പുറത്തിറങ്ങാൻ പോകുന്നതും ഒരുപക്ഷേ, ഇതുതന്നെയായിരിക്കും. 

 

rajnath singh signs the final deal, indian army to get the AK 47 203 assault rifles soon

 

2019 മാർച്ചിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേഠിയിലെ ഫാക്ടറി ഉദ്‌ഘാടനം ചെയ്യുന്നത്. മോദി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്രതിരോധമേഖലയിലെ സഹകരണങ്ങൾ മെച്ചപ്പെടുത്തുന്ന കൂട്ടത്തിൽ, കലാഷ്‌നിക്കോവ് അസാൾട്ട് റൈഫിളുകൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യയുടെ കൈമാറ്റവും സാധ്യമായത്. ഏകദേശം ഏഴു ലക്ഷത്തോളം എ കെ 203 റൈഫിളുകളാണ് അമേഠിയിലെ ഫാക്ടറിയിൽ നിര്‍മ്മിക്കപെടാൻ പോകുന്നത്. ഇവിടെ നിർമിക്കപ്പെടുന്ന ഒരു എകെ 203 -ക്ക് ഏകദേശം 1000$ നിർമ്മാണച്ചെലവുണ്ടാകും. നിർമാണവും, ഉത്പന്നത്തിന്റെ പ്രവർത്തനവും തൃപ്തികരമാകുന്ന പക്ഷം, നയതന്ത്രസൗഹൃദമുള്ള രാജ്യങ്ങളിലേക്ക് ഈ തോക്ക് കയറ്റിയയക്കുന്നതിനെപ്പറ്റിയും ആലോചനകൾ നടക്കുന്നുണ്ട്. ഇന്ത്യയുടെ ഓർഡനൻസ് ഫാക്ടറി ബോർഡ്(OFB), റഷ്യൻ  സൈന്യത്തിന്റെ Rosoboronexport, കലാഷ്‌നിക്കോവ് ഗ്രൂപ്പിന്റെ പേറ്റന്റ് കൈവശമുള്ള Rostec എന്നിവർക്കിടയിലാണ് ഇപ്പോൾ നിർമ്മാണത്തിനുള്ള കരാർ ഒപ്പുവെക്കപ്പെട്ടിട്ടുള്ളത്.

 

rajnath singh signs the final deal, indian army to get the AK 47 203 assault rifles soon

 

1998 മുതൽ ഇന്ത്യൻ സൈനികർ യുദ്ധമുഖത്ത് ഉപയോഗിക്കാൻ വിധിക്കപ്പെട്ടിട്ടുള്ളത് ഇൻസാസ് റൈഫിളുകളാണ്. മാവോയിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിൽ അടക്കമുള്ള ആഭ്യന്തരകലാപാനിയന്ത്രണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പാരാമിലിട്ടറി സൈനികരുടെ കയ്യിൽ പലപ്പോഴും നിലവാരം കുറഞ്ഞ അസാൾട്ട് റൈഫിളുകളാണ് ഉണ്ടാവാറുള്ളത്. അതേസമയം അവരെ വധിക്കാൻ തക്കം പാർത്ത് പതുങ്ങിയിരിക്കുന്ന മാവോയിസ്റ്റുകളുടെ കയ്യിൽ ഏറ്റവും പുതിയ എകെ 47 യന്ത്രത്തോക്കുകളും. നമ്മുടെ ഇൻസാസ് യന്ത്രത്തോക്കുകൾ ഉപയോഗിച്ചിട്ടുള്ള നേപ്പാളീസ് ആർമിയും തോക്കിന്റെ മോശം പെർഫോമൻസിനെ പഴിച്ചിട്ടുണ്ട്. ഇന്ത്യയിൽ പുതിയതായി നിർമ്മിക്കപ്പെടാൻ പോകുന്ന എകെ 203 ഇന്ത്യൻ നിർമിത യന്ത്രത്തോക്കുകളുടെ എല്ലാ പരിമിതികളെയും അതിജീവിക്കുന്ന, അതേ സമയം ഭാരക്കുറവുള്ള, നീളക്കുറവുള്ള, പോളിമർ ഹാൻഡ് ഗാർഡുകളുള്ള ഒരു മോസ്റ്റ് മോഡേൺ അസാൾട്ട് റൈഫിൾ തന്നെയായിരിക്കും. 

 

rajnath singh signs the final deal, indian army to get the AK 47 203 assault rifles soon

 

നാറ്റോ ഗ്രേഡ് 7.62 mmx39mm വെടിയുണ്ടയാണ് ഈ തോക്കിൽ നിറക്കേണ്ടി വരിക. അത് സാധാരണ ഉപയോഗിക്കുന്ന 5.56mm വെടിയുണ്ടയേക്കാൾ ആഘാതമുണ്ടാക്കുന്നതാവും. ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ടു മോഡുകളിൽ ഈ യന്ത്രത്തോക്ക് പ്രവർത്തിക്കും. GP-34 ഗ്രനേഡ് ലോഞ്ചറുകളും, ബയണറ്റും ഘടിപ്പിക്കാനുള്ള സൗകര്യവും ഈ റൈഫിളിലുണ്ടാകും. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ സൈനികരുടെ മനോവീര്യവും, അവരുടെ യുദ്ധമുഖത്തെ പ്രഹരശേഷിയും ഇരട്ടിപ്പിക്കാൻ ഈ മെയ്ക്ക് ഇൻ ഇന്ത്യാ പ്രോജക്ടിന് സാധിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. 

 

Follow Us:
Download App:
  • android
  • ios