ഐഫോണ്‍ 17നോട് നേരിട്ട് ഏറ്റുമുട്ടാന്‍ ഷവോമി 17 സീരീസ് ഈ മാസം ലോഞ്ച് ചെയ്യും. ഷവോമി 16 ശ്രേണി സ്‌മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലിറക്കുന്നത് ഒഴിവാക്കിയാണ് ഷവോമിയുടെ ഈ നീക്കം. 

ബെയ്‌ജിങ്: ചൈനീസ് ടെക് ഭീമനായ ഷവോമിയുടെ അടുത്ത ഫ്ലാഗ്ഷിപ്പ് സ്‌മാർട്ട്‌ഫോൺ സീരീസ് ഈ മാസം പുറത്തിറങ്ങും. ഒരു പ്രധാന റീബ്രാൻഡിംഗോടെയാണ് ഈ ഫോൺ എത്തുക. ഷവോമി 15 തലമുറയിൽ നിന്ന് നേരിട്ട് പുതിയ 17 സീരീസിലേക്ക് മാറുകയാണെന്ന് കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചു. ആപ്പിളിന്‍റെ അടുത്തിടെ പുറത്തിറക്കിയ ഐഫോൺ 17 സീരീസുമായി മത്സരിക്കാനാണ് ഈ നീക്കം എന്നാണ് റിപ്പോർട്ടുകൾ. ഏതാനും ആഴ്ചകൾക്കുള്ളിൽ ഷവോമി 17 സീരീസ് പുറത്തിറക്കുമെന്നും ഷവോമിയുടെ പ്രസിഡന്‍റ് ലു വെയ്ബിംഗ് ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്ബോയില്‍ വ്യക്തമാക്കി.

ഐഫോണ്‍ 17 vs ഷവോമി 17

ആപ്പിള്‍ ഈ മാസം ആദ്യം പുറത്തിറക്കിയ ഐഫോൺ 17 സീരീസിനെതിരെ ഈ ഫോൺ നേരിട്ട് മത്സരിക്കുമെന്നും അദേഹം വ്യക്തമാക്കി. പ്രീമിയം ഫോൺ മേഖലയില്‍ ഷവോമിയുടെ വലിയ കുതിച്ചുചാട്ടമാണ് ഈ വരാനിരിക്കുന്ന ലൈനപ്പ് പ്രതിനിധീകരിക്കുന്നതെന്നും ലു വെയ്ബിംഗ് പറഞ്ഞു. ലോഞ്ചിന് മുന്നോടിയായി ഷവോമി തങ്ങളുടെ വെയ്‌ബോ പ്രൊഫൈൽ ചിത്രത്തില്‍ മാറ്റം വരുത്തി. പുറത്തിറങ്ങാത്ത ഒരു ഫോണിന്‍റെ പിൻഭാഗം, അതിനടുത്തായി ഷവോമി 17 സീരീസ് എന്ന് എഴുതിയിരിക്കുന്നു. കഴിഞ്ഞ വർഷത്തെ ഷവോമി 15 ലൈനപ്പിനെപ്പോലെ, ക്വാൽകോമിന്‍റെ അടുത്ത തലമുറയിലെ ഹൈ-എൻഡ് ചിപ്‌സെറ്റായ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 5 പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ ഷവോമി 17 സീരീസും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

50 എംപി ട്രിപ്പിള്‍ റീയര്‍ ക്യാമറ

ഷവോമി 17, ഷവോമി 17 പ്രോ, ഷവോമി 17 പ്രോ മാക്‌സ് എന്നീ മൂന്ന് സ്‌മാര്‍ട്ട്‌ഫോണുകൾ ഇതിലുണ്ടാകും. ഇവയിലെല്ലാം ക്വാൽകോമിന്‍റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ ഉണ്ടായിരിക്കും. ഷവോമി 17 സീരീസിൽ 6.3 ഇഞ്ച് 1.5കെ ഒഎൽഇഡി ഡിസ്‌പ്ലേ ഉള്‍പ്പെടുത്താനാണ് സാധ്യത. ഇതിന് 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് പിന്തുണ ലഭിക്കും. ക്യാമറ സജ്ജീകരണത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ഓമ്‌നിവിഷൻ സെൻസറുള്ള 50 എംപി പ്രൈമറി ക്യാമറയും ഇതിൽ ഉണ്ടായിരിക്കാം. 50 എംപി അൾട്രാ വൈഡ് ലെൻസും 50 എംപി ടെലിഫോട്ടോ ലെൻസും (Samsung ISOCELL JN5 സെൻസർ) ഇതിൽ ലഭ്യമാകുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

ആന്‍ഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 3 പ്ലാറ്റ്‌ഫോമിലായിരിക്കും ഷവോമി 17 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ നിര്‍മിക്കുക എന്നാണ് വിവരം. അൾട്രാസോണിക് ഫിംഗർപ്രിന്‍റ് സെൻസറിന്‍റെ ഡ്യുവൽ സർട്ടിഫിക്കേഷൻ സാങ്കേതികവിദ്യ, ഐപി68, ഐപി69 റേറ്റിംഗുകൾ എന്നിവ ഇതിന് നൽകാം. ബാറ്ററിയുടെ കാര്യത്തിൽ, ശക്തമായ 7000 എംഎഎച്ച് ബാറ്ററി ഉണ്ടായിരിക്കാം. ഈ വലിയ ബാറ്ററി ചാർജ് ചെയ്യുന്നതിന്, 100 വാട്‌സ് വയർഡ്, 50 വാട്‌സ് വയർലെസ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണ ലഭിക്കാനുള്ള സാധ്യതയുണ്ട്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming