സാംസങിന്റെ പുതിയ മിഡ് റേഞ്ച് ഫോണായ A37-ന്റെ 12+256 GB വേരിയന്റിന്റെ യൂസർ റിവ്യൂ. മികച്ച ബിൽഡ് ക്വാളിറ്റിയും സോഫ്റ്റ്‌വെയർ എക്സ്പീരിയൻസും നൽകുന്ന ഈ ഫോണിന്റെ ഡിസൈൻ, ഡിസ്‌പ്ലേ, ക്യാമറ, ബാറ്ററി എന്നിവയെ കുറിച്ച് അറിയാം
സാംസങിന്റെ സ്ട്രോങ് സെല്ലിങ് സീരീസാണ് അവരുടെ A സിരീസ് ഫോണുകൾ. ഇതുവരെ അതിൽ വന്ന മിക്ക മോഡലുകൾക്ക് ഇന്ത്യയിൽ വൻവരവേൽപ്പാണ് ലഭിച്ചത്. അതിൽപ്പെട്ട ഏറ്റവും പുതിയ മോഡലാണ് A 37. മിഡ് റേഞ്ച് ഫോണായാണ് ഇത് സാംസങ് അവതരിപ്പിക്കുന്നത്. A 37 ന്റെ 12+256 GB വേരിയന്റിന്റെ യൂസർ റിവ്യൂ ആണിത്.

ഡിസൈൻ ലാവൻഡർ നിറത്തിലുള്ള മോഡലാണ് നമ്മുക്ക് റിവ്യൂവിന് വേണ്ടി ലഭിച്ചത്. ഒരു ടിപ്പിക്കൽ A സിരീസ് ഡിസൈനാണ് സാംസങ് ഇതിനും നൽകിയിരിക്കുന്നത്. തൊട്ടടുത്ത മോഡലായ A 17 ഇതും തമ്മിൽ മുൻ ഡിസൈനിൽ നിന്ന് തിരിച്ചറിയുക ബുദ്ധിമുട്ടാണ്. ഗോറില്ല ഗ്ലാസ് വിക്ട്സ് പ്ലസിന്റെ പ്രൊട്ടക്ഷനാണ് മുന്നിലേയും പിന്നിലേയും ഗ്ലാസുകൾക്ക് നൽകിയിരിക്കുന്നത്. പിറകിലേക്ക് വന്നാൽ ഒരു പ്രീമിയം ഗ്ലാസ് ഫീലാണ് നമ്മുക്ക് ലഭിക്കുന്നത്. പക്ഷേ പിറകിലെ ഗ്ലാസ് പാനലിൽ നമ്മുടെ വിരലടയാളം പതിയുന്നത് ഒരു പ്രശ്നമായി തോന്നി. ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് നൽകിയിരിക്കുന്നത്. ക്യാമറ വിവരങ്ങളിലേക്ക് പിന്നീട് വരാം.
IP 68 റേറ്റിങ് നൽകിയിട്ടുള്ള ഫോൺ വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും മികച്ച സംരക്ഷണം നൽകുമെന്ന് പ്രതീക്ഷിക്കാം. 196 ഗ്രാം ഭാരവും 7.4 മില്ലി മീറ്റർ മാത്രം കനവുമുള്ള ഈ ഫോൺ തുടർച്ചയായി ഉപയോഗിച്ചിട്ടും കൈകളിൽ വലിയ ബുദ്ധിമുട്ട് തോന്നിയില്ല. ഫോണിന്റെ നിർമാണ നിലവാരം മികച്ചത് എന്ന് തന്നെ പറയേണ്ടി വരും.
ഡിസ്പ്ലെ
120 ഹേർട്സ് റീഫ്രെഷ് റേറ്റോട് കൂടിയ 6.7 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ AMOLED ഡിസ്പ്ലെ മികച്ചതാണെങ്കിലും ഈ പ്രൈസ് റേഞ്ചിലെ ചില ഫോണുകൾ കുറച്ചു കൂടി ബെറ്ററായ റീഫ്രഷ് റേറ്റ് നൽകുന്നുണ്ടെന്നത് ഈ വില വച്ചു നോക്കുമ്പോൾ A37 നെ അൽപ്പം പിറകിലാകുന്നുണ്ട്. സ്മൂത്തായ, വിവിഡായ ഒരു എക്സ്പീരിയൻസ് തന്നെയാണ് ഈ സ്ക്രീൻ നൽകുന്നത്. 1900 നിട്സ് പീക്ക് ബ്രൈറ്റ്നെസ് ഉണ്ടായത് കൊണ്ടുതന്നെ ഉയർന്ന വെളിച്ചത്തിലും ഫോൺ ഉപയോഗത്തിൽ കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിച്ചില്ല.
പെർഫോമൻസ്, ഹാർഡ് വെയർ
സാംസങിന്റെ സ്വന്തം ഹൃദയമായ എക്‌സിനോസ് പ്രോസസറാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. എക്‌സിനോസ് 1480 ( Samsung Exynos Processor 1480 ) വേർഷനാണ് A 37 ന് കരുത്ത് പകരുന്നത്. 12 GB LPDDR5X റാമും UFS 3.1 സ്റ്റോറേജുമാണ് ഈ പ്രോസസറിനെ ഉയർന്ന വേരിയന്റി ൽ പിന്തുണക്കുന്നത്. നോർമൽ ഉപയോഗത്തിനും ചെറിയ മൾട്ടി ടാസ്കിങിനും ഇത് യാതൊരു പ്രശ്നവുമല്ലാതെ സഹായിക്കുന്നുണ്ട്. പക്ഷേ ചില യൂസേർസിന് എക്സിനോസ് പ്രോസസർ പിന്നീട് സ്ലോ ആയി അനുഭവപെടാറുണ്ട്. അൻടുടു, ബെഞ്ച് മാർക്ക് സ്കോറിലേക്ക് വന്നാൽ ഈ പ്രൈസ് റേഞ്ചിലെ ഫോണുകൾ വച്ചു നോക്കുമ്പോൾ A37 ൽ നിന്ന് കുറച്ചു കൂടി പെർഫോർമെൻസ് പ്രതീക്ഷിക്കുന്നുണ്ട്.
ഗെയിമിങിലേക്ക് വന്നാൽ ഇതൊരു ഹാർഡ് ഗെംയിമിങ് ഫോണൊന്നുമല്ല എന്നിരുന്നാലും ഹെവി ഗെംയിമുകളും കളിക്കാൻ സാധിക്കും. കോൾ ഓഫ് ഡ്യൂട്ടി പോലെയുള്ള ഗെയിമുകൾ കളിക്കുമ്പോൾ നല്ല രീതിയിൽ ഡിവൈസ് ചൂടാകുന്നുണ്ട് എന്നത് ഒരു പ്രശ്നമാണ്. അതേസമയം കാര്യമായ ഫ്രെയിം ഡ്രോപ്പുകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.
സോഫ്റ്റ് വെയറിലേക്ക് വന്നാൽ One UI 8.5 നമ്മുക്ക് പരിചിതമാണ്. അതുകൊണ്ട് തന്നെ എളുപ്പത്തിൽ ആർക്കും ഉപയോഗിക്കാൻ സാധിക്കും. AI Ai ഫീച്ചറുകളും ഇൻഡസ്ട്രിക്ക് അനുസൃതമായി തന്നെ ഇതിൽ സാംസങ് ഉൾപ്പെടുത്തിയിട്ടുണ്ട്. Ai ഇറേസർ, സ്പീച്ച് ടു ടെക്സ്റ്റ് ബിക്സ്ബി-ജെമിനി ഇന്റഗ്രേഷൻ എല്ലാം പെർഫെക്ടായി വർക്ക് ചെയ്യുന്നുണ്ട്. ആറു വർഷത്തെ സെക്യൂരിറ്റ് അപ്ഡേറ്റ് കൂടി സാംസങ് ഉറപ്പു നൽകുന്നുണ്ട്.

ബാറ്ററി
5000 MaH ന്റെ പ്രൈസ് റേഞ്ചിലെ സ്റ്റാൻഡേർഡ് ലെവൽ ബാറ്ററി തന്നെ A 37 ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നോർമൽ ഉപയോഗവും ലൈറ്റ് ഗെംയിമിങും കുറഞ്ഞ ക്യാമറ ഉപയോഗവുമാണെങ്കിൽ ഫുൾ ഡേ ബാറ്ററി ഇതിൽ നിന്ന് ലഭിക്കുന്നുണ്ട്. ഫോൺ ഉപയോഗിക്കാതെ ഇരിക്കുമ്പോൾ ബാറ്ററി ഉപയോഗം കുറയ്ക്കാൻ സാംസങ് One Ui നന്നായി ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ട്. 45 വാട്ടിന്റെ ഫാസ്റ്റ് ചാർജാണ് ഫോൺ പിന്തുണക്കുന്നുണ്ട്. ഏകദേശം 74 മിനിറ്റ് കൊണ്ട് ഫോൺ 100 ചാർജിലേക്ക് എത്തുന്നുണ്ട്. ഒരു താരതമ്യത്തിലേക്ക് വന്നാൽ ഈ വിലയിൽ മറ്റു ബ്രാൻഡുകളിൽ കുറച്ചു കൂടി വാട്സ് കൂടിയ ചാർജിങ് ലഭ്യമാണ്. അതേസമയം ബാറ്ററിയുടെ ഹെൽത്ത് സംരക്ഷിക്കാനുള്ള സാംസങിന്റെ ചാർജിങ് ഫിലോസഫി അനുസരിച്ചാണ് 45 വാട്ടിൽ സാംസങ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
ക്യാമറ
ഒരു ഡീസന്റ് ക്യാമറ എക്സ്പീരിയൻസാണ് ഈ ഫോണിൽ നിന്ന് ലഭിച്ചത്. 50 എംപി മെയിൻ സെൻസർ, 8 എംപി അൾട്രാ വൈഡ്, 5 എംപി മാക്രോ ലെൻസ് ഇങ്ങനെ ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഇതിന് ലഭിച്ചിരിക്കുന്നത്. മൈക്രോ ലെൻസ് നൽകിയിട്ടില്ല. മെയിൻ ക്യാമറ ഡേ ലൈറ്റിൽ മികച്ച നാച്ചുറൽ കളറോടു കൂടിയുള്ള ഔട്പുട് നൽകുന്നുണ്ട്. ഒഐഎസ് (OIS) ഉണ്ടായത് കൊണ്ട് തന്നെ മികച്ച സ്റ്റെബിലൈസ്ഡ് വീഡിയോ ഔട്പുട്ടും ലഭിക്കുന്നുണ്ട്. വൈഡ് ആംഗിൾ ലെൻസ് അത്ര മികച്ച ഡീറ്റൈലിങ് നൽകുന്നില്ല. നൈറ്റ് ഫോട്ടോഗ്രഫിയും മികച്ചതാണ് മൊത്തത്തിൽ ഈ പ്രൈസ് റേഞ്ചിൽ പ്രശ്നങ്ങളില്ലാത്ത ഒരു ക്യാമറ ഔട്പുട് ഇതിലൂടെ ലഭിക്കുന്നുണ്ട്. ചില ക്യാമറ സാംപിൾസ് ചേർക്കുന്നു.

മികച്ച ബിൽഡ് ക്വാളിറ്റിയും സ്മൂത്തായ ഒരു സോഫ്റ്റ് വെയർ എക്സ്പീരിയൻസും ലഭിക്കുന്ന ഒരു മിഡ് റേഞ്ച് ഫോണാണ് നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ സാംസങ് A37 നല്ലൊരു ഓപ്ഷനാണ്. ഇടയ്ക്ക് അൽപ്പം ഫോട്ടോഗ്രഫിയും അൽപ്പം ഗെയിമിങും പിന്തുണക്കുന്നുണ്ട് ഈ ഫോൺ. കാര്യമായ പ്രശ്നങ്ങളുമില്ലാത്ത ഒരു ഡിസ്പ്ലെയും ലഭിക്കും. 6 വർഷത്തേക്ക് സോഫ്റ്റ് വെയർ അപ്‍ഡേറ്റ് ലഭിക്കുമെന്നതും ഈ ഫോൺ പരിഗണിക്കാൻ ഒരു ഘടകമാണ്.
അതേസമയം പ്രൈസിങിൽ അൽപ്പം കൂടി പാളിപ്പോയിട്ടുണ്ട്. 8 GB+128GB വേരിയന്റിന് 33,899 രൂപയും, 8 GB + 256 GB വേരിയന്റിന് 38,393 രൂപ, നമ്മൾ റിവ്യൂ ചെയ്ത് 12GB+256 GB വേരിയന്റിന് 48000 രൂപയുമാണ് വില. ഇൻഡസ്ട്രിയിലെ മറ്റു ബ്രാൻഡുകൾ വച്ചു നോക്കുമ്പോൾ ഈ പ്രൈസ് റേഞ്ചിൽ കുറച്ചു കൂടി സ്പെസിഫിക്കേഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിരുന്നാലും സാംസങ് സോഫ്റ്റ് വെയർ എക്സ്പീരിയൻസും ബിൽഡ് ക്വാളിറ്റിയും ലഭിക്കുന്ന ഒരു ഓൾറൗണ്ടർ ഫോൺ നോക്കുന്നവർക്ക് ഇതൊരു ഓപ്ഷനാണ്.
