ഐഫോണ്‍ 17, ഐഫോണ്‍ എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നീ നാല് പുത്തന്‍ ഐഫോണുകളില്‍ ഏതാണ് വാങ്ങേണ്ടത് എന്ന സംശയം ഇനിയാര്‍ക്കും വേണ്ട. സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 17 മുതല്‍ ഏറ്റവും മുന്തിയ പ്രോ മാക്‌സ് മോഡലുകള്‍ വരെയുള്ള സമ്പൂര്‍ണ വിവരങ്ങള്‍.
തിരുവനന്തപുരം: പതിവുപോലെ ഇത്തവണയും നാല് പുതിയ ഐഫോണുകൾ ടെക് ഭീമനായ ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നു. ഐഫോൺ 17, ഐഫോൺ എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവയാണ് പുത്തന്‍ ശ്രേണിയിലുള്ളത്. എന്നാൽ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഇത്തവണ ഐഫോണ്‍ തെരഞ്ഞെടുപ്പ് അത്ര എളുപ്പമല്ല. കാരണം ഓരോ ഫോണുകളും ഒരു പ്രത്യേക കൂട്ടം ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ്. അപ്പോൾ 17 സീരീസിലെ ഏത് ഐഫോണാണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യം? ഇതാ അറിയേണ്ടതെല്ലാം.
ഐഫോൺ 17
ഏകദേശം എല്ലാവർക്കും ഒരുപോലെ അനുയോജ്യമായ മോഡല്‍. വില ആരംഭം 82,900 രൂപ.
സാധാരണ ഉപഭോക്താക്കളെ സംബന്ധിച്ച് ഐഫോൺ 17 ആയിരിക്കും വാങ്ങാന്‍ ഏറ്റവും നല്ല ഓപ്ഷൻ. ഐഫോണ്‍ 17 ഒതുക്കം കൂടിയതോ അമിത വലിപ്പമുള്ളതോ അല്ല. അതിനാൽ മിക്കവാറും എല്ലാവർക്കും ഇത് അനായാസം ഉപയോഗിക്കാൻ കഴിയും. ഈ വര്‍ഷം വാനില ഐഫോണിന് നിരവധി അപ്‌ഗ്രേഡുകൾ ലഭിച്ചിട്ടുണ്ട്. ഇത് ഐഫോൺ 17 പ്രോയുടെ ഏകദേശം 95 ശതമാനത്തോളം വരും. ഇപ്പോൾ രണ്ടിലും സമാനമായ ബിൽഡ് മെറ്റീരിയൽ ഉപയോഗിക്കുന്നു. രണ്ടിനും അലുമിനിയം ഫ്രെയിമുകളും സെറാമിക് ഷീൽഡ് 2 ഉം ഉണ്ട്. രണ്ടിനും ഒരേ ഐപി റേറ്റിംഗും സമാനമായ മുൻ ക്യാമറയാണ് ആപ്പിള്‍ നല്‍കിയിരിക്കുന്നത്. രണ്ടിന്‍റെയും സ്‌ക്രീനുകളിൽ ആന്‍റി-റിഫ്ലക്‌ടീവ് കോട്ടിംഗും 120Hz റിഫ്രഷ് നിരക്കുള്ള പ്രോ-മോഷനും ഉണ്ട്. രണ്ടിലും സ്‌ക്രീനുകൾ ഒന്നുതന്നെയാണ്. രണ്ടിന്‍റെയും അടിസ്ഥാന വേരിയന്‍റുകൾക്ക് 256 ജിബി സ്റ്റോറേജ് നല്‍കിയിരിക്കുന്നു. രണ്ടും ഒരേ എ19 ആർക്കിടെക്‌ചറിനെ അടിസ്ഥാനമാക്കിയുള്ള ചിപ്‌സെറ്റ് ഉപയോഗിക്കുന്നു. വളരെ കുറച്ച് വീഡിയോകളും ചിത്രങ്ങളും എടുക്കുന്നവരെ സംബന്ധിച്ച് ഐഫോൺ 17 ധാരാളം. നിങ്ങള്‍ക്ക് വലിയ സ്‌ക്രീനോ കൂടുതല്‍ ആഡംബരമോ ആവശ്യമില്ലെങ്കിൽ ഐഫോൺ 17 പ്രോ മോഡലുകളുടെ സ്ഥാനത്ത് ഐഫോണ്‍ 17 തന്നെ ധാരാളം.
ഐഫോൺ 17 പ്രോ
പ്രൊഫഷണൽ ഉപയോഗത്തിന് മികച്ചത്. വില ആരംഭം 1,34,900 രൂപ.
ഇനി ഐഫോൺ 17 പ്രോയുടെ ഫീച്ചറുകള്‍ പരിശോധിക്കാം. സ്റ്റാന്‍ഡേര്‍ഡ് ഐഫോൺ 17 ഉം, ഐഫോൺ 17 പ്രോയും തമ്മിൽ നിരവധി വ്യത്യാസങ്ങൾ ഉണ്ട്. അവ താഴെപ്പറയുന്നു.
1. ഐഫോൺ 17 വേഗതയേറിയ ഫോണാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാൽ ഐഫോൺ 17 പ്രോയ്ക്ക് എ19 പ്രോ ചിപ്‌സെറ്റ് ഉള്ളതിനാൽ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം ലഭിക്കും.
2. ഐഫോണ്‍ 17 പ്രോയിലെ വേപ്പർ കൂളിംഗ് സിസ്റ്റം വലിയ മുതല്‍ക്കൂട്ടാണ്.
3. ഐഫോൺ 17 പ്രോയിൽ അൽപ്പം കൂടി മെച്ചപ്പെട്ട സ്‍പീക്കറുകള്‍ നല്‍കിയിരിക്കുന്നു.
4. ഫോട്ടോകൾ കൈമാറുന്നതിനും മറ്റും ഐഫോൺ 17ൽ യുഎസ്ബി 2 ആണ് നല്‍കിയിരിക്കുന്നത്. എന്നാൽ ഐഫോൺ 17 പ്രോയിൽ യുഎസ്ബി 3 ഉള്ളതിനാൽ പ്രൊഫഷണൽ വീഡിയോഗ്രാഫർമാർ ഉപയോഗിക്കുന്ന വേഗതയേറിയ ആക്‌സസറികളുമായി കണക്റ്റ് ചെയ്യാൻ കഴിയും.
5. ഐഫോൺ 17 പ്രോയിൽ ഒരു ലിഡാർ സെൻസർ ഉണ്ട്. ഇത് ഐഫോൺ 17ൽ ഇല്ല.
ഇനി ക്യാമറ സിസ്റ്റം പരിശോധിക്കാം. വലിയ ഇമേജ് സെൻസർ കാരണം ഐഫോണ്‍ 17 പ്രോ മോഡല്‍ മുന്നിട്ടുനിൽക്കുന്നു. വലിയ വ്യത്യാസം ഓക്‌സിലറി ക്യാമറകളിലാണ്. അൾട്രാവൈഡ്, ടെലിഫോട്ടോ ക്യാമറകൾ ലഭിക്കുന്നു. ഐഫോൺ 17 പ്രോയിൽ പ്രൊഫഷണലുകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ക്യാമറ സംവിധാനമാണുള്ളത്. അതായത് ഐഫോൺ 17 പ്രോ കണ്ടന്‍റ് ക്രിയേറ്റേഴ്‌സിനെയും പ്രൊഫഷണൽ ഫോട്ടോഗ്രഫർമാരെയും വീഡിയോഗ്രഫർമാരെയുമൊക്കെ ലക്ഷ്യമിട്ടുള്ളതാണ്. ക്രിയേറ്റീവ് ഫ്രെയിമിംഗിനായി നമുക്ക് അതിന്‍റെ വ്യത്യസ്‌ത ക്യാമറകൾ ഉപയോഗിക്കാം. എന്നാൽ ഫോട്ടോഗ്രഫിയോ വീഡിയോഗ്രഫിയോ നിങ്ങളുടെ ലിസ്റ്റിൽ ഇല്ലെങ്കിൽ നിങ്ങൾക്ക് ഐഫോൺ 17 പ്രോ ക്യാമറ സിസ്റ്റം ആവശ്യമില്ല. ഐഫോൺ 17 ഉപയോഗിച്ച് നിങ്ങൾ എടുക്കുന്ന ബ്രഞ്ച് ഫോട്ടോകളും സെൽഫികളുമൊക്കെ ഐഫോൺ 17 പ്രോ ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോകൾ പോലെ തന്നെ മനോഹരമായിരിക്കും. ഇതിലും പ്രീമിയം ഫീച്ചറുകള്‍ ആവശ്യമുള്ളവരെ ലക്ഷ്യമിട്ടുള്ളതാണ് ഏറ്റവും മുന്തിയ ഐഫോണ്‍ 17 പ്രോ മാക്‌സ് മോഡല്‍.
ഐഫോൺ എയർ
ലക്ഷ്വറി ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളത്. വില ആരംഭം 119900 രൂപ.
വരാനിരിക്കുന്ന ഫോൾഡബിൾ ഐഫോണിലേക്കുള്ള ആപ്പിളിന്‍റെ ആദ്യ ചുവടുവയ്പ്പാണ് ഐഫോൺ എയർ. ഭാവിയെ മനസിൽ വെച്ചുകൊണ്ടാണ് എയർ മോഡല്‍ ആപ്പിള്‍ വികസിപ്പിച്ചെടുത്തത്. ഹാർഡ്‌വെയറിന്‍റെ കാര്യത്തിൽ, ഐഫോൺ എയർ ഐഫോൺ 17 പ്രോയുടെയും ഐഫോൺ 17 ഹാർഡ്‌വെയറിന്‍റെയും മിശ്രിതമാണ്. ഡിസൈനിന്‍റെ കാര്യത്തിൽ മിനുസമാർന്ന രൂപകൽപ്പനയും ടൈറ്റാനിയം ഫ്രെയിമും കാരണം ഈ വർഷത്തെ ഏറ്റവും പ്രീമിയം ലുക്കുള്ള ഐഫോൺ ആണിത്.
ഇതൊരു അൾട്രാ-പ്രീമിയം ഫോണാണ്. ആഡംബരം കാണിക്കാൻ വേണ്ടി മാത്രം സ്‍മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് വേണ്ടി ഉള്ളതാണ് ഐഫോൺ എയർ. അതായത് വേണമെങ്കിൽ വൺപ്ലസ് നോർഡ് പോലുള്ള ഒരുഫോൺ ഉപയോഗിച്ച് ദൈനംദിന കാര്യങ്ങൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്നവരാകും അവർ. എന്നാൽ വൺപ്ലസ് നോർഡ് പോലുള്ള ഒരു ഫോൺ അവർ ഒരിക്കലും പരസ്യമായി ഉപയോഗിക്കില്ല. കാരണം അവരുടെ ആഡംബര ജീവിതത്തിന് വളരെ സാധാരണവും ലളിതവുമായ വൺപ്ലസ് നോർഡ് പോലുള്ളവ ഒരിക്കലും യോജിക്കില്ല എന്നവർ കരുതുന്നു. അതിനാൽ, അവർ വിലയേറിയ ഒരു ഫോൺ വാങ്ങുന്നു. അവരുടെ ജോലികൾ കൈകാര്യം ചെയ്യാനോ ഫോണിൽ അവർ ചെയ്യുന്ന മറ്റെന്തെങ്കിലും കാര്യങ്ങൾക്കോ വിലയേറിയ ഒരു ഫോൺ ആവശ്യമുള്ളതുകൊണ്ടല്ല. പകരം അവരുടെ സാമ്പത്തിക ശേഷി കാണിക്കാൻ വേണ്ടി മാത്രം അവരുടെ ജീവിതശൈലിക്ക് അനുയോജ്യമായ ഒരു ഫോൺ വാങ്ങുന്നു. ഇത്തരം ഉപയോക്താക്കൾക്ക് ഐഫോൺ എയർ തികച്ചും അനുയോജ്യമാണ്.



