ഷവോമി അവരുടെ പുതിയ ഷവോമി 15, ഷവോമി 15 അള്‍ട്ര സ്മാര്‍ട്ട്ഫോണുകള്‍ ബാഴ്‌സലോണയിലെ മൊബൈൽ വേൾഡ് കോൺഗ്രസില്‍ വച്ച് അവതരിപ്പിച്ചു
ബാഴ്‌സലോണ: ഷവോമി പുത്തന്‍ സ്‍മാർട്ട്‌ഫോണുകളായ ഷവോമി 15 ഉം, ഷവോമി 15 അൾട്രയും ആഗോള വിപണിയിൽ അവതരിപ്പിച്ചു. ബാഴ്‌സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് ഷവോമി 15-നൊപ്പം ഷവോമി 15 അൾട്രയുടെ ആഗോള വേരിയന്‍റും കമ്പനി ഔദ്യോഗികമായി അവതരിപ്പിച്ചത്. രണ്ട് ഫോണുകളിലും സ്‍നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രൊഫഷണൽ ഗ്രേഡ് ലെയ്ക ക്യാമറകളുമായാണ് ഇവ വരുന്നത്. ഫോണുകളിൽ അമോലെഡ് ഡിസ്‌പ്ലേകളും 90 വാട്സ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന സിലിക്കൺ കാർബൺ ബാറ്ററികളും ഉണ്ട്. രണ്ട് ഫോണുകളിലും എഐ റൈറ്റിംഗ്, എഐ ഇന്‍റർപ്രെറ്റർ, എഐ സബ്ടൈറ്റിലുകൾ, എഐ സ്‌പീച്ച് റെക്കഗ്നിഷൻ, എഐ ഫോട്ടോ എഡിറ്റിംഗ് ടൂളുകൾ തുടങ്ങിയ ഹൈപ്പർ എഐ സവിശേഷതകളുണ്ട്.
ഈ രണ്ട് ഫോണുകളുടെയും ഇന്ത്യൻ വില മാർച്ച് 11ന് വെളിപ്പെടുത്തും. രണ്ട് ഫോണുകളും അവയുടെ പ്രത്യേക സവിശേഷതകളോടെ ഷവോമി ഇന്ത്യ സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ആഗോള വിപണിയിൽ ഷവോമി 15 അൾട്രയുടെ 16 ജിബി + 512 ജിബി വേരിയന്‍റിന് വില 1499 യൂറോയിൽ (ഏകദേശം 1,36,100 രൂപ) ആരംഭിക്കുന്നു. സ്റ്റാൻഡേർഡ് മോഡലായ ഷവോമി 15ന്‍റെ വില 12 ജിബി + 256 ജിബി വേരിയന്‍റിന്‍റെ വില 999 യൂറോയിൽ (ഏകദേശം 90,700 രൂപ) ആരംഭിക്കുന്നു.
ഷവോമി 15 അൾട്രാ
ഡ്യുവൽ (നാനോ+നാനോ) സിം പിന്തുണയോടെയാണ് ഷവോമി 15 അൾട്രാ വരുന്നത്, ഷവോമിയുടെ ഹൈപ്പർഒഎസ് 2 സ്കിൻ അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയ്‌ഡ് 15-ലാണ് ഇത് പ്രവർത്തിക്കുന്നത്. നാല് ഒഎസ് അപ്‌ഗ്രേഡുകൾക്ക് ഫോൺ യോഗ്യമാണെന്ന് കമ്പനി അറിയിച്ചു. 16 ജിബി വരെ എൽപിഡിഡിആർ 5x റാമുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. 6.73 ഇഞ്ച് WQHD+ (1440x3200 പിക്സലുകൾ) ക്വാഡ് കർവ്ഡ് LTPO AMOLED ഡിസ്പ്ലേയാണ് ഫോണിനുള്ളത്, ഇത് 120Hz വരെ റിഫ്രഷ് റേറ്റും 3200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും പിന്തുണയ്ക്കുന്നു.
ലെയ്‍കയുടെ നാല് ക്യാമറകളാണ് കമ്പനി ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. 1 ഇഞ്ച് ടൈപ്പ് LYT-900 സെൻസറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (OIS) ഉള്ള 50 മെഗാപിക്സൽ പ്രൈമറി പിൻ ക്യാമറയാണ് ഇതിന്‍റെ സവിശേഷത. 50 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, ഒഐഎസ്, 3x ഒപ്റ്റിക്കൽ സൂം എന്നിവയുള്ള 50 മെഗാപിക്സൽ സോണി IMX858 ടെലിഫോട്ടോ ക്യാമറ സെൻസർ, OIS, 4.3x ഒപ്റ്റിക്കൽ സൂം എന്നിവയുള്ള 200 മെഗാപിക്സൽ ISOCELL HP9 പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയും ഇതിലുണ്ട്. സെൽഫികൾക്കായി , മുൻവശത്ത് 32 മെഗാപിക്സൽ ക്യാമറയുണ്ട്.
512 ജിബി വരെ UFS 4.1 സ്റ്റോറേജ് ഫോണിൽ ലഭ്യമാണ്. കണക്റ്റിവിറ്റിക്കായി, ഫോണിൽ 5ജി, 4ജി എല്‍റ്റിഇ, വൈ-ഫൈ 7, ബ്ലൂടൂത്ത് 6, ജിപിഎസ്, എന്‍എഫ്‌സി, യുഎസ്‌ബി 3.2 ജെന്‍ 2 ടൈപ്പ്-സി പോർട്ട് എന്നിവയുണ്ട്. ഫോണിൽ കാണപ്പെടുന്ന സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ, കോമ്പസ്, ബാരോമീറ്റർ, ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്‌കാനർ എന്നിവ ഉൾപ്പെടുന്നു.
90 വാട്സ് വയർഡ്, 80 വാട്സ് വയർലെസ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5410 എംഎഎച്ച് സിലിക്കൺ കാർബൺ ബാറ്ററിയാണ് ഈ ഫോണിനുള്ളത്. എയ്‌റോസ്‌പേസ്-ഗ്രേഡ് ഗ്ലാസ് ഫൈബർ ഉപയോഗിച്ചാണ് ഫോണിന്റെ ചേസിസ് നിർമ്മിച്ചിരിക്കുന്നത്. പൊടി, വെള്ളം എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിനായി ഐപി68 റേറ്റിംഗോടെയാണ് ഫോൺ വരുന്നത്.
ഷവോമി 15
ഇനി ഷവോമി 15നെക്കുറിച്ച് പറഞ്ഞാൽ ഫ്ലാഗ്ഷിപ്പ് ഷവോമി 15 അൾട്രയുടെ അതേ ചിപ്പാണ് ഷവോമി 15-ലും പ്രവർത്തിക്കുന്നത്. ഈ ഫോൺ 16 ജിബി വരെ റാം ലഭിക്കുന്നു. സ്റ്റാൻഡേർഡ് മോഡലിൽ 6.36 ഇഞ്ച് LTPO അമോലേഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റും 3200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസും ഉണ്ട്.
അൾട്രാ മോഡലിനെപ്പോലെ, ഷവോമി 15 ലും ഒഐഎസ് ഉള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 50 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും ഉണ്ട്. ഒഐഎസ്, 3x ഒപ്റ്റിക്കൽ സൂം എന്നിവയുള്ള 50-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ട്. അൾട്രാ മോഡലിലേതുപോലെ 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഇതിലുള്ളത്.
ഷവോമി 15ന് 1 ടിബി വരെ യുഎഫ്‌സി 4.0 സ്റ്റോറേജ് ഉണ്ട്. ബ്ലൂടൂത്ത് 5.4 ഒഴികെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ അൾട്രാ മോഡലിന് സമാനമാണ്. ഫ്ലാഗ്ഷിപ്പ് മോഡലിൽ ബ്ലൂടൂത്ത് 6.0 കണക്റ്റിവിറ്റി ഉണ്ട്. ഈ ഫോണിന് 90 വാട്സ് വയർഡ്, 50 വാട്സ് വയർലെസ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5240 എംഎഎച്ച് ബാറ്ററിയുണ്ട്. പൊടി, വെള്ളം എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിനായി ഐപി68 റേറ്റിംഗോടെയാണ് ഫോൺ വരുന്നത്. 25 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് സമയം ഫോൺ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.
Read more: വിവോ ടി4എക്സ് 5ജി ലോഞ്ച് പ്രഖ്യാപിച്ചു; 6,500 എംഎഎച്ച് ബാറ്ററി, മറ്റ് സ്‌പെസിഫിക്കേഷനുകള്‍
