മധുരക്കിഴങ്ങ് നടാം, നല്ല വരുമാനവും നേടാം, എന്തെല്ലാം ശ്രദ്ധിക്കണം
മധുരക്കിഴങ്ങ് കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍

നാരിനാൽ സമൃദ്ധമായ ഭക്ഷണമാണ് മധുരക്കിഴങ്ങ്. ജീവകം എ, ജീവകം ബി 6, ബീറ്റാ കരോട്ടിൻ തുടങ്ങിയവയാലും സമൃദ്ധമാണ്. നല്ല സൂര്യപ്രകാശം ഉള്ള വെള്ളക്കെട്ടില്ലാത്ത സ്ഥലത്താണ് കൃഷി ചെയ്യേണ്ടത്. പരമാവധി നാലുമാസം കൊണ്ട് വിളവെടുക്കാം.
20-30 സെന്റീമീറ്റര്‍ നീളമുള്ള നാലോ അഞ്ചോ മുട്ടുകളുള്ള കരുത്തുള്ള വള്ളിക്കഷണങ്ങള്‍ ആണ് നടേണ്ടത്. വള്ളികളുടെ തലപ്പും നടുഭാഗവും നടാനെടുക്കാം.
കൃഷിയിടം കിളച്ചൊരുക്കി തടമെടുത്തോ കൂന കൂട്ടിയോ വള്ളി നടാം. അടിവളം ചേര്‍ക്കാന്‍ വിട്ടുപോകരുത്. ഒരു സെന്റിന് 2 കിലോ കുമ്മായം, സെന്റിന് 40 കിലോ ചാണകം, കമ്പോസ്റ്റ് ഇതെല്ലാം അടിവളം ആയി ചേര്‍ക്കാവുന്നതാണ്.
നടുമ്പോള്‍ വള്ളിയുടെ മധ്യഭാഗത്തെ മുട്ടുകള്‍ മണ്ണില്‍ നന്നായി താഴ്ത്തിയും മുറിച്ച അഗ്രഭാഗങ്ങള്‍ പുറത്തുമായി വേണം നടാന്‍. കൂനകളിലാണ് നടുന്നതെങ്കില്‍ കൂനകള്‍ തമ്മില്‍ രണ്ടരയടി അകലം വേണം. ഒരു കൂനയില്‍ മൂന്ന് വള്ളിക്കഷണങ്ങള്‍ വരെ നടാം.
വള്ളികൾ നട്ടശേഷം നനച്ചുകൊടുക്കണം. വേഗത്തിൽ വേര് മുളയ്ക്കാൻ സഹായിക്കുമിത്. നട്ട് രണ്ടാഴ്ച കഴിഞ്ഞും അഞ്ചാഴ്ച കഴിഞ്ഞും കളനീക്കി മണ്ണ് കൂട്ടാം. വള്ളി നീളുന്നത് കണ്ടാല്‍ വള്ളികള്‍ ഇളക്കി കൊടുക്കണം.
കിഴങ്ങുചെള്ളുകളുടെ ഉപദ്രവം തടയാന്‍ കമ്യൂണിസ്റ്റ് പച്ച കൊണ്ട് തടത്തില്‍ പുതയിടുന്നതും, ഫിഷ് അമിനോ ആസിഡ് തളിക്കുന്നതും ഫലപ്രദമാണ്.
മധുരക്കിഴങ്ങിന്റെ കഷണങ്ങള്‍ തന്നെ 100 ഗ്രാമുള്ള ചെറിയ കഷണങ്ങളാക്കി മുറിച്ചു അഞ്ചുമീറ്റര്‍ അകലത്തില്‍ കൃഷിയിടത്തില്‍ വെക്കുന്നതും കീടബാധകൾ തടയാൻ ഫലപ്രദമാണ്. ഒരേ സ്ഥലത്ത് തന്നെ വീണ്ടും വീണ്ടും കൃഷി ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം.