ലോക ഫോട്ടോഗ്രഫി ദിനം; ഫോട്ടോഗ്രാഫര്‍ രവി ജീവിതം പറയുന്നു
ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനമാണ്. ക്യാമറ കണ്ട് പിടിച്ച കാലം മുതലിങ്ങോട്ട് ഇതുവരെയായും ആ ഉപകരണത്തെ നെഞ്ചോട് ചേര്‍ത്ത് അനേകമനേകം ആളുകള്‍ ലോകമെങ്ങും ഉണ്ടായിട്ടുണ്ട്. സ്വന്തം ചിത്രം കണ്ടിരിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത് എന്നത് പോലെതന്നെ താന്‍ എടുത്ത ഒരു ചിത്രം മറ്റൊരാളിന്‍റെ മുഖത്ത് പുഞ്ചിരി വിരിയിക്കുമെങ്കില്‍ ആര്‍ക്കാണത് ഇഷ്ടമല്ലാത്തത് ? അതെ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാമ്പൊയിലുകാരനായ രവി കെ യു ജീവിതം പറയുന്നു. (ചിത്രങ്ങള്‍: എറണാകുളത്തെ ജീവിതത്തിനിടെ രവി മോബെലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍)
എങ്ങനെയാണ് ഫോട്ടോഗ്രാഫിയിലേക്ക് എത്തുന്നത് ?
ഫോട്ടോഗ്രഫിയോട് ചെറുപ്പം മുതലേ താല്പര്യമുണ്ടായിരുന്നു. കലപരമായ താല്പര്യത്തില്‍ നിന്നാകണം ഫോട്ടോഗ്രഫിയോടും അടുപ്പം തോന്നിയത്. ഒരു സഹൃത്ത് വഴിയാണ് ഫോട്ടോഗ്രാഫിയിലെത്തുന്നത്. 25 വര്‍ഷത്തോളം ഫോട്ടോഗ്രാഫറായിരുന്നു. അന്നത്തെ സാഹചര്യം അങ്ങനെയായിരുന്നു. ഒമ്പത് വയസില്‍ അച്ഛന്‍ മരിച്ചു. പിന്നെ അമ്മ വീട്ടില്‍ നിന്നാണ് പഠനം. നാട്ടില്‍ പണിയെടുത്ത് കുടുംബം നോക്കേണ്ട ചുമതല എന്നിലായിരുന്നു. കുടുംബം നോക്കാനായി പല പണികളും ചെയ്തിരുന്നു. നാടന്‍ പണികള്‍, കൃഷിപ്പണികള്‍, അങ്ങനെ പലപണികളും ചെയ്തിരുന്നു.
അങ്ങനെ ചെറിയ ചെറിയ പണിക്ക് പോയിത്തുടങ്ങി. ഒമ്പതാം ക്ലാസായപ്പോഴേക്കും പഠനവും പണിയും ഒരുമിച്ച് കൊണ്ട് പോകാന്‍ പറ്റാതായി. വീട്ടിലാണെങ്കില്‍ അമ്മയും അനിയനും അനിയത്തിയും ഉണ്ട്. അങ്ങനെ പതിനാറ് വയസാകുമ്പോഴേക്കും ചെറിയൊരു വീട് വച്ചു. അമ്മയും അനിയനേയും അനിയത്തിയേയും അങ്ങോട്ട് കൊണ്ടുവന്നു. ഇരുവരെയും കല്യാണം കഴിപ്പിച്ച് വിട്ടു.
കൃഷിപ്പണിയില്‍ തന്നെ തുടര്‍ന്നു. പക്ഷേ ഇടയ്ക്ക് കൃഷിയും നഷ്ടമായി. ആ സമയത്താണ് അടുത്ത സുഹൃത്തും കളിക്കൂട്ടുകാരനുമായ രാധാകൃഷ്ണന്‍ ടൗണിലെ സ്റ്റുഡിയോയില്‍ പോയി അവിടെനിന്ന് ഫോട്ടോഗ്രഫി പഠിക്കുന്നത്. ആ കളിക്കൂട്ടുകാരനാണ് ഫോട്ടോഗ്രഫിയില്‍ എന്‍റെ ആശാന്‍. രാധാകൃഷ്ണന്‍ നാട്ടില്‍ സ്റ്റുഡിയോയിട്ടപ്പോള്‍ ഞാനും ചേര്‍ന്നു. അങ്ങനെ ഞങ്ങള് രണ്ട് പേരും കൂടി ഷെയറിട്ട് നാട്ടിലൊരു സ്റ്റുഡിയോ ആരംഭിച്ചു. ഇന്നും ആ ബന്ധം നിലനിര്‍ത്തുന്നു.
കുറേക്കാലം ഞങ്ങള്‍ രണ്ടുപേരും സ്റ്റുഡിയോ നോക്കി നടത്തി. പിന്നീട് സുഹൃത്ത് അവിടെ നിന്ന് താമസം മാറി. അപ്പോള്‍ സ്റ്റുഡിയോയുടെ ജോലി മൊത്തം ഞാനേറ്റെടുക്കുകയായിരുന്നു. അങ്ങനെയൊരു 15 വര്‍ഷത്തോളം നാട്ടില്‍ തന്നെ സ്വന്തമായി സ്റ്റുഡിയോ നടത്തി. ന്യൂജനറേഷന്‍ കുട്ടികള്‍ വന്നതോടെ അവരോടൊപ്പം ഓടിയെത്താന്‍ പറ്റാതായി. ഇപ്പോ 56 വയസ്സായി. പിന്നെ നോട്ട് നിരോധനവും വന്നതോടെ ആരുടെ കൈയിലും പണമില്ലാതായി. അതോടെ നമ്മക്കും പണിയും പോയി.
എന്തൊക്കെ പടങ്ങളായിരുന്നു എടുത്തിരുന്നത് ?
കല്യാണ പടങ്ങള്‍ മുതല്‍ എല്ലാ പടങ്ങളും എടുക്കുമായിരുന്നു. ജോലിക്ക് വേണ്ടിയായിരുന്നില്ല. കമ്പം കൊണ്ടാണ് ഫോട്ടോഗ്രാഫി പഠിച്ചത് തന്നെ. അതുകൊണ്ട് എവിടെ പോയാലും കാണുന്ന കാഴ്ചകളിലൊക്കൊ ഒരു ഫോട്ടാഗ്രാഫറുടെ നോട്ടത്തിലൂടെയാകും കാണുക. അത്തരമൊരു കാഴ്ചപ്പാടോടെയായിരുന്നു ഫോട്ടോഗ്രഫിയെ സമീപിച്ചത്.
നന്നായി പണിയെടുക്കുന്നത് കൊണ്ട് ആളുകള്‍ക്ക് നമ്മളോട് ഒരു പ്രത്യേക സ്നേഹവുമുണ്ടായിരുന്നു. അങ്ങനെ നാട്ടിലെ ഫോട്ടോഗ്രഫി ജോലികളൊക്കെ എനിക്ക് തന്നെയായിരുന്നു കിട്ടിയിരുന്നത്. ഇന്നിതുവരെ ഞാനെടുത്ത് കൊടുത്ത ഫോട്ടോകളെക്കുറിച്ച് ആരും മോശമായിട്ടൊരു സംസാരം ഇതുവരെ നടത്തിയിട്ടില്ലെന്നത് തന്നെയാണ് വലിയ സമ്പാദ്യവും
ഫോട്ടോഗ്രഫി ഉപേക്ഷിക്കാനുള്ള കാരണം ?
ഞങ്ങളുടേത് ഒരു ഗ്രാമപ്രദേശമാണ്. കൃഷിയാണ് അവിടുത്തെ പ്രധാനവരുമാന മാര്‍ഗ്ഗം. തെങ്ങ്, കൗങ്ങ് കൃഷിയായിരുന്നു പ്രധാനം. ആയിടയ്ക്കാണ് തെങ്ങിനും കൗങ്ങിനും ഒരുപോലെ മഞ്ഞളിപ്പ് പോലുള്ള രോഗബാധയുണ്ടായത്. അതോടെ നാട്ടുകാരുടെ വരുമാനം ഇടിഞ്ഞു. അതിനിടെ നോട്ട് നിരോധനവും. രണ്ടും ഒരുമിച്ച് വന്നതോടെ കാര്‍ഷിക വൃത്തിയില്‍ മുന്നോട്ട് പോയിരുന്ന നാടിന്‍റെ നടുവെടിഞ്ഞു എന്ന് തന്നെ പറയാം.
മാത്രമല്ല ഞാന്‍ താമസിക്കുന്നത് ഉരുള്‍പൊട്ടലൊക്കെയുള്ള പ്രദേശമാണ്. നിരന്തരം ഉരുള്‍പൊട്ടാന്‍ തുടങ്ങിയതോടെ ആളുകള്‍ പലരും കിട്ടിയവിലയ്ക്ക് സ്ഥലം വിറ്റ് മറ്റ് ദേശങ്ങളിലേക്ക് പോയി. ഗ്രാമത്തില്‍ ആളുകള്‍ കുറഞ്ഞതും ഉള്ള ആളുകളുടെ കൈയില്‍ പണമില്ലാതായതും ചിലവ് കുറക്കാന്‍ എല്ലാവരും നിര്‍ബന്ധിതരായി. അതോടെ നമ്മുടെ പണിയും കുറഞ്ഞു. അങ്ങനെയാണ് ഞാനും മാറി ചിന്തിക്കാന്‍ തുടങ്ങിയത്. അതിനിടെ വയസ്സായി.
ഇപ്പോള്‍ എന്ത് ചെയ്യുന്നു ?
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിലെ ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്തുള്ള ആനക്കാമ്പൊയിലിലാണ് വീട്. ഇപ്പോള്‍ വാടകയ്ക്കാണ് താമസിക്കുന്നത്. സ്റ്റുഡിയോ നിര്‍ത്തിയപ്പോള്‍ നാട്ടില്‍ തന്നെ ചെറിയൊരു സ്റ്റേഷനറി കട തുടങ്ങി. ഭാര്യയാണ് ഇപ്പോള്‍ കടനോക്കുന്നത്. മകന്‍ സഹായത്തിനുണ്ട്. പുതിയ വീട്ടിലേക്ക് ഈ മാസം മുപ്പതിനാണ് കേറിത്താമസം തീരുമാനിച്ചത്.
ഇനിയൊരവസ്ഥയില്‍ നാട്ടിലേക്ക് പോകാന്‍ പറ്റുമോയെന്നറിയില്ല. ഞാനെത്തിയില്ലേലും തീരുമാനിച്ച ദിവസം മാറ്റേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഇനിയും ഇതൊന്നും നീട്ടികൊണ്ട് പോകേണ്ടതില്ലല്ലോ. പത്ത് വര്‍ഷത്തിന് മേലെയായി വാടകയ്ക്ക് താമസം തുടങ്ങിയിട്ട്. വാടക കൊടുക്കാന്‍ പോലും ഇപ്പോള്‍ ഏറെ ബുദ്ധിമുട്ടാണ്. നാട്ടുകാരുടെ സഹായത്താലാണ് വീട് പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. പക്ഷേ കാര്യങ്ങള്‍ നടത്താന്‍ പണം വേണം. അങ്ങനെയാണ് കൊച്ചിയിലെത്തിയത്.
ഇവിടെ ഇപ്പോള്‍ മറൈന്‍ ഡ്രൈവിലുള്ള ജിസിഡിഎയുടെ കോംപ്ലക്സില്‍ സെക്യൂരിറ്റി സൂപ്പര്‍വെയ്സറാണ്. ഭാര്യയും രണ്ട് കുട്ടികളുമാണ് ഉള്ളത്. മകള്‍ എംകോമിന് പഠിക്കുന്നു. മകന്‍ കടയിലെ കാര്യങ്ങളൊക്കെയായി നടക്കുന്നു. അവന്‍ പ്ലസ്റ്റു വരെ പഠിച്ചു. എല്ലാത്തിനും പണം തികയുന്നില്ല. കടമാണെങ്കില്‍ ഏറെയുണ്ട്. അപ്പോള്‍ കിട്ടുന്ന ജോലിയാകട്ടെ എന്ന് കരുതിയാണ് എറണാകുളത്തേക്ക് വന്നത്.
ലോക്ഡൗണിന് തൊട്ട് മുമ്പായിരുന്നു എറണാകുളത്തെത്തിയത്. ലോക്ഡൗണായതിനാല്‍ വന്നതിന് ശേഷം ജൂണില്‍ ഒരു തവണയേ നാട്ടിലേക്ക് പോകാന്‍ പറ്റിയിട്ടൊള്ളൂ. വീടിന്‍റെ ചില്ലറ പണികള്‍ കഴിയാനുണ്ട്. കുടുംബക്കാരുടെയും നട്ടുകാരുടെയും സഹായത്താല്‍ അതൊക്കെ പതുക്കെ നടക്കുന്നു. പിന്നെ പഞ്ചായത്തില്‍ നിന്ന് കുറച്ച് പണം കിട്ടി. വീടിന്‍റെ തേപ്പ് പണിയൊക്കെ പകുതി കാശിന് സുഹൃത്തുക്കളാണ് ചെയ്തത്. പതുക്കെ അതൊക്കെ വീട്ടണം. അത്യാവശ്യമുള്ള പണികള്‍ ചെയ്ത് കേറിക്കൂടാമെന്ന ചിന്തയിലാണ്.
ഫോട്ടോഗ്രഫിയെക്കുറിച്ച്... ?
ആദ്യം ഫോട്ടോഗ്രഫി തുടങ്ങിയത് ഫീല്‍ഡ് ക്യാമറ ഉപയോഗിച്ചാണ്. വലിയ ക്യാമറ, സ്റ്റാന്‍റില്‍ വച്ച് തലവഴി തുണിയൊക്കെ ഇട്ടിട്ട് വേണം അന്നൊക്കെ പടമെടുക്കാന്‍. അന്നൊക്കെ ബ്ലാക്ക് ആന്‍റ് വൈറ്റ് പടമെടുത്ത് ഡാര്‍ക്ക് റൂമില്‍ വച്ച് വേണം പ്രോസസ് ചെയ്യാന്‍. ഏറെ പണിയുണ്ടായിരുന്നു. അന്നത്തെ കാലത്ത് ഭയങ്കര റിസ്ക്കുണ്ട് ഫോട്ടോയെടുക്കാന്‍. പടമെടുത്ത് നമ്മളത് ഡവലപ്പ് ചെയ്ത് വരുന്നത് വരെ നമ്മള്‍ കാത്തിരിക്കണമായിരുന്നു.
ഇന്ന് പടമെടുക്കുമ്പോള്‍ തന്നെ നമ്മുക്ക് റിസള്‍ട്ട് സെറ്റ് ചെയ്യാന്‍ പറ്റുന്നു. ചിത്രത്തിന്‍റെ ക്വാളിറ്റി, ലൈറ്റ് അങ്ങനെ എന്തും നമ്മുക്ക് സെറ്റ് ചെയ്യാന്‍ പറ്റുന്നു. മാത്രമല്ല, പടം മോശമാണെങ്കില്‍ അന്നേരം തന്നെ വീണ്ടുമെടുക്കാനുള്ള സാധ്യതയുമുണ്ട്. പണ്ടെന്നുവച്ചാല്‍ ചിത്രം ഡവലപ്പ് ചെയ്ത് പ്രിന്‍റ് അടിക്കുന്നത് വരെ ടെന്‍ഷനാണ്. ഫിലിമും ഡിജിറ്റലിലും അതിന്‍റെതായ സുഖവും പ്രശ്നങ്ങളുമുണ്ട്.
പഴയ ഫീല്‍ഡ് ക്യാമറയായാലും പുതിയ ഡിജിറ്റല്‍ ക്യാമറയായാലും എടുക്കുന്ന ചിത്രം പരമാവധി നന്നായി എടുക്കാനാണ് നോക്കുന്നത്. ഉപകരണം എനിക്കൊരു പ്രശ്നമായിരുന്നില്ല. ചെയ്യുന്ന ജോലി പരമാവധി നന്നായി ചെയ്യാനാണ് ശ്രമിച്ചിരുന്നത്. എത് ചിത്രമെടുക്കുമ്പോഴും അതിനോട് നൂറ് ശതമാനം ആത്മാര്‍ത്ഥത കാണിക്കാന്‍ ശ്രമിച്ചിരുന്നു. ഇതുവരെ ചെയ്ത ജോലികളിലെല്ലാം ഏറ്റവും ഇഷ്ടപ്പെട്ടതും ഫോട്ടോഗ്രഫി തന്നെയായിരുന്നു.
ഡിജിറ്റല്‍ പ്രിന്‍റിന് ആയുസ് കുറവാണ്. ബ്ലാക്ക് ആന്‍റ് വൈറ്റ് ഫിലിം പ്രിന്‍റ് നമ്മള്‍ എത്രയും വാഷ് ചെയ്യുന്നുവോ അത്രയും വല്ല റിസള്‍ട്ട് കിട്ടും. കൂടുതല്‍ കാലം ആ ചിത്രം നിലനില്‍ക്കും. നാച്ചുറല്‍ ഫോട്ടോഗ്രഫി ബ്ലാക്ക് ആന്‍റ് വൈറ്റ് ഫോട്ടോയാണെന്നേ ഞാന്‍ പറയൂ. ഡിജിറ്റലില്‍ ഇപ്പോള്‍ കൂടുതല്‍ സാധ്യതകളുണ്ട്. നിറമില്ലാത്തൊരാളെ പോലും വേണമെങ്കില്‍ നല്ല നിറമുള്ളയാളാക്കി മാറ്റമെന്നതാണ് ഡിജിറ്റലിന്‍റെ ഗുണം.
പുതിയ കുട്ടികളോട്...
നിങ്ങള്‍ക്ക് ഫോട്ടോയെടുക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ നാട്ടിലുള്ള ക്യാമറ മൊത്തം വാങ്ങി കഴിത്തിലിട്ടോട്ട് ഷൈന്‍ ചെയ്ത് നടക്കേണ്ട കാര്യമില്ല. ക്യാമറയില്‍ പടമെക്കാന്‍ അറിയാമെങ്കില്‍ ഒരു ക്യാമറും ഒരു ലെന്‍സും മതി. താല്പര്യമുള്ളയാളാണെങ്കില്‍ നിങ്ങള്‍ക്ക് മനോഹരമായ പടങ്ങളെടുക്കാം. ഫ്രൈമും ലൈറ്റും സെറ്റ് ചെയ്യാനറിയാമെങ്കില്‍ വിലകൂടിയ ക്യാമറയുടെ ആവശ്യമില്ല. മറ്റെല്ലാം ഇന്ന് കമ്പ്യൂട്ടറില്‍ ചെയ്ത് എടുക്കാവുന്നതേയുള്ളൂ.
മക്കള്‍ രണ്ട് പേരും പടമെടുക്കും എന്നാല്‍ ഞാന്‍ രണ്ട് മക്കളോടും പറഞ്ഞത്, ഫോട്ടോഗ്രാഫിയെന്നാല്‍ അതിന് കുറച്ച് ഉത്തരവാദിത്വം കൂടുതലാണ്. നമ്മളെ ഒരാള്‍ ഒരു വര്‍ക്കിന് വിളിച്ചെന്നിരിക്കട്ടെ. ഒമ്പത് മണിക്കാകും എത്താന്‍ പറഞ്ഞത്. പക്ഷേ നമ്മള്‍ എട്ടരയ്ക്ക് തന്നെ ഫീല്‍ഡില്‍ എത്തണം. അത്രയും കൃത്യനിഷ്ഠയുണ്ടെങ്കില്‍ മാത്രമേ ഒരു ഫോട്ടോഗ്രാഫറാകാന്‍ പോകാവൂയെന്നാണ്. എത്ര ചെറിയ വര്‍ക്കാണെങ്കിലും ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥതയുണ്ടായിരിക്കണം രവി പറഞ്ഞു.
എന്തെങ്കിലും വേദനിപ്പിക്കുന്നതോ സന്തോഷം തോന്നുന്നതോ ആയ ഓര്‍മ്മകള്‍ ?
ഒരിക്കല്‍, ഒരു പള്ളിയില്‍ ആദ്യ കുര്‍ബാനയുടെ ഫോട്ടോയെടുക്കാന്‍ എന്നെ വിളിച്ചു. ഞാന്‍ ഫോട്ടോഗ്രഫി തുടങ്ങിയ കാലം. അന്ന് ഫോട്ടോയെടുക്കാന്‍ വേണ്ടി നില്‍ക്കുമ്പോള്‍, കുട്ടി കുര്‍ബാന സ്വീകരിക്കുന്ന സമയത്ത് പെട്ടെന്ന് ഒരാള്‍ എന്‍റെ ക്യാമറയ്ക്ക് മുന്നില്‍ വന്ന് നിന്നു. അങ്ങനെ ആ പടം എനിക്ക് കിട്ടിയില്ല. അച്ഛനോട് ഒന്നുകൂടി കൂര്‍ബാന നല്‍കാമോ എന്ന് ചോദിക്കാന്‍ പറ്റില്ലല്ലോ. അത് എന്നെ ഏറെ വേദനിപ്പിച്ചു. ഒരാള്‍ നമ്മളെ വിശ്വസിച്ച് ഒരു ജോലി ഏല്‍പ്പിച്ചിട്ട് നമ്മുക്കത് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ പിന്നെയെന്തെന്നതായിരുന്നു എന്‍റെ പ്രശ്നം. അതായിരുന്നു ജോലിക്കിടെ എനിക്ക് എടുക്കാന്‍ പറ്റാതെ പോയ ഏക പടവും.
എന്നാല്‍, മറ്റ് പലപ്പോഴും നമ്മള്‍ ചെയ്ത വര്‍ക്ക് പാര്‍ട്ടിക്ക് കൊടുക്കുമ്പോള്‍, ഇത് വളരെ നന്നായിട്ടുണ്ട് എന്ന് പറയുമ്പോഴുണ്ടാകുന്ന സുഖം. അതിനപ്പുറത്തേക്ക് മറ്റൊന്നും ഞാന്‍ നോക്കാറില്ല. പലപ്പോഴും നമ്മളെക്കാള്‍ കൂടിയ ക്യാമറും ലൈറ്റുമൊക്കെയായിട്ടാകും മറ്റ് ക്യാമറാമാന്‍ വരുന്നത്. പക്ഷേ അപ്പോഴും നമ്മുടെ പടം ഒരു പടി മുന്നിലാണെന്ന് ജോലി ഏല്‍പ്പിച്ചവര് തന്നെ പറയുമ്പോഴുണ്ടാകുന്നതാണ് എറ്റവും വലിയ സന്തോഷം.
ആറേഴ് വര്‍ഷം മുമ്പ് ഒരിക്കല്‍ ആനക്കാമ്പൊയിലില് അഞ്ചാറ് പേര് മരിച്ച ഉരുള്‍പൊട്ടലുണ്ടായി. അന്ന് ഇന്നത്തെ പോലെയുള്ള സംവിധാനങ്ങളില്ല. ഉരുള്‍പൊട്ടി കുറേക്കഴിഞ്ഞായിരിക്കും പുറം ലോകം അറിയുന്നത് തന്നെ. ഞാനന്ന് എടുത്ത ചിത്രങ്ങള്‍ മനോരമ പത്രത്തിലടക്കം അച്ചടിച്ച് വന്നു. ഇപ്പോള്‍ എറണാകുളത്ത് ജോലിക്കിടയില്‍ സമയം കിട്ടുമ്പോള്‍ മറൈന്ഡ്രൈവിലേക്കിറങ്ങും. നല്ല രസകരമായ എന്തെങ്കിലും കണ്ടാല്‍ മൊബൈലില്‍ പടമെടുക്കും. പിന്നെ, ഒരു ക്യാമറും ലൈന്‍സും ഒഴികെയുള്ള മറ്റ് സാധനങ്ങളെല്ലാം ഞാന്‍ വിറ്റു. കൈയില്‍ വെറുതേ വച്ച് കളയണ്ടല്ലോ. ആ പണം അത്യാവശ്യത്തിന് ഉപയോഗിക്കുകയും ചെയ്യാമല്ലോന്ന് കരുതി രവി പറഞ്ഞ് നിര്‍ത്തി.