ഇന്ത്യയില്‍ കൊവിഡ് 19 രണ്ടാം തരംഗം അതിശക്തം; ജാഗ്രതയോടെ ഇരിക്കുക

First Published May 6, 2021, 12:07 PM IST


കൊവിഡ് 19 ന്‍റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ രാജ്യത്തെമ്പാടുമായി ശരാശരി പതിനായിരത്തോളം രോഗാണുബാധകളാണ് സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ രണ്ടാം തരംഗത്തിലേക്ക് രോഗവ്യാപനം കടന്നതോടെ മെയ് ആദ്യ ആഴ്ചയില്‍ തന്നെ കേസുകൾ ഉയരാൻ തുടങ്ങി. മെയ് മാസം തുടക്കം തന്നെ ഇന്ത്യയില്‍ ഒറ്റ ദിവസം  4,00,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങി. ഓരോ ദിവസവും രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ആശുപത്രികള്‍ നിറഞ്ഞു. ഓക്സിജനും വെന്‍റിലേറ്ററിനുമായി ജനം നെട്ടോട്ടം ഓടുകയാണ്. അതിനിടെയാണ് രാജ്യത്തെ കൊവിഡ് മരണസംഖ്യ അടുത്ത മാസത്തോടെ നാല് ലക്ഷം കവിയുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജൂലൈ അവസാനത്തോടെ ഇന്ത്യയില്‍ മരണ സംഖ്യ 10 ലക്ഷം കവിയുമെന്നാണ് വാഷിംഗ്ടൺ സർവ്വകലാശാലയുടെ പഠനം. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 4, 12,784 പേര്‍ കൂടി പുതുതായി രോഗബാധിതരായി. 3,980 പേരാണ് മരിച്ചത്. 35,66,398 പേരാണ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് രോഗബാധ രൂക്ഷമായ ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇന്ന് കേരളം.