കൊവിഡ് 19; ദില്ലിയില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ പലായനം

First Published Apr 20, 2021, 10:18 AM IST


രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷത്തിന് മുകളിലെത്തി. 10 ദിവസം കൊണ്ടാണ് രോഗബാധിതരുടെ എണ്ണം ഇരട്ടിയായത്. ലോകത്ത് കൊവിഡ് വ്യാപനത്തില്‍ രണ്ടാമതുള്ള ഇന്ത്യയില്‍ 1,53,14,714 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ 1,80,550 പേര്‍ മരിച്ചപ്പോള്‍ 1,31,03,220 പേര്‍ക്ക് രോഗം ഭേദമായി. എങ്കിലും ഇപ്പോഴും ഇന്ത്യയില്‍ 20,30,944 പേരാണ് കൊവിഡ് 19 ന്‍റെ വിവിധ വകഭേദങ്ങള്‍ ബാധിച്ച് ഇന്ത്യയില്‍ ചികിത്സയിലുള്ളത്. രണ്ട് ജനിതകമാറ്റം വന്ന രോഗാണുവിന് പിന്നാലെ മൂന്ന് ജനിതകമാറ്റം വന്ന വൈറസിന്‍റെ വകഭേദവും ഇന്ത്യയില്‍ കണ്ടെത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. രാജ്യത്ത് കഴിഞ്ഞ ആറ് ദിവസമായി 2 ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് രണ്ടേ മുക്കാൽ ലക്ഷം പിന്നിട്ടേക്കുമെന്നാണ് സൂചന. തുടർച്ചയായ രണ്ട് ദിവസം രണ്ടര ലക്ഷത്തിന് മുകളിലാണ് രോഗബാധിതർ. 18 വയസിന് മുകളിലുള്ളവർക്ക് അടുത്ത ഒന്ന് മുതൽ വാക്സിനേഷൻ തുടങ്ങാനിരിക്കേ വാക്സീൻ ഉത്പാദകരായ സിറം ഇൻസ്റ്റിറ്റ്യൂട്ടിനും, ഭാരത് ബയോടെക്കിനുമായി 7500 കോടി രൂപയുടെ സാമ്പത്തിക സഹായം കേന്ദ്രം അനുവദിച്ചു.  രാജ്യത്തെ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതലുള്ള ദില്ലിയില്‍ ലോക്ഡൌണ്‍ പ്രഖ്യാപിച്ചു. ഇതോടെ രാജ്യതലസ്ഥാനത്ത് നിന്ന് ഒരു വര്‍ഷത്തിനിടെ രണ്ടാം പലായനത്തിന് തയ്യാറെടുക്കുകയാണ് കുടിയേറ്റ തൊഴിലാളികളെന്നാണ് റിപ്പോര്‍ട്ട്.