ഗംഗ; മൃതദേഹങ്ങളുടെ കണക്കെടുക്കാന്‍ ജില്ലാ ഭരണാധികാരികളോട് നിര്‍ദ്ദേശിച്ച് യുപി സര്‍ക്കാര്‍

First Published May 22, 2021, 4:49 PM IST

ഗംഗാ നദിയും അതിന്‍റെ പോഷകനദികളിലും നിന്നോ നദികളുടെ തീരപ്രദേശത്ത് നിന്നോ കണ്ടെത്തിയ മൃതദേഹങ്ങളുടെ കണക്കെടുക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജില്ലാ ഭരണ കൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ (എൻ‌എം‌സി‌ജി) യു‌പി സർക്കാരിൽ നിന്ന് വിശദമായ റിപ്പോർട്ട് ചോദിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ ജില്ലാ ഭരണാധികാരികളോട് കണക്ക് ശേഖരിക്കാനാവശ്യപ്പെട്ടത്. കൊവിഡ് രണ്ടാം തരംഗം ശക്തമായതിന് പിന്നാലെ ബീഹിറിലെ ബസ്തര്‍ മേഖലയില്‍ ഗംഗാ നദിയില്‍ നിന്നും കുട്ടികളുടെത് ഉള്‍പ്പെടെയുള്ള മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. ഇത് ഉത്തര്‍പ്രദേശില്‍ നിന്നും ഒഴുക്കിവിട്ടതാണെന്ന് ബീഹാര്‍ ജില്ലാ ഭരണാധികാരികള്‍ ആരോപണമുന്നയിച്ചതോടെ ഗംഗാ നദിയിലെ മൃതദേഹങ്ങളെ ചൊല്ലി ഇരുസംസ്ഥാനങ്ങളും കടുത്ത വാക്പോരിലേക്ക് കടന്നിരുന്നു. ഇതോടെ ദേശീയ തലത്തിലും ഗംഗാ നദിയിലെ മൃതദേഹങ്ങള്‍ ചര്‍ച്ചാവിഷയമായി. രാജ്യത്ത് ഏഴോളം സംസ്ഥാനങ്ങളില്‍ കൊവിഡ് രണ്ടാം തരംഗം ശക്തമായ സമയത്ത് ഗംഗയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത് രാജ്യാന്തരവാര്‍ത്താ പ്രാധാന്യം നേടി. ഇതിനിടെ ഉത്തർപ്രദേശിലെ ശ്രീങ്‌വർപൂരിൽ നിന്ന് ഗംഗാ നദീതീരത്ത് സംസ്കരിച്ച നിലയില്‍ നൂറ് കണക്കിന് മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നു. (ചിത്രങ്ങള്‍ സഞ്ജയ് കനോജിയ , ഗെറ്റി.)