T20 World Cup | കിംഗ് കോലി പുറത്ത്; എക്കാലത്തേയും മികച്ച ടി20 ടീമുമായി ഹർഭജൻ സിംഗ്
ദുബായ്: സ്ഥിരത കൊണ്ട് ഏതൊരു ടി20 ടീമിലും ഇടംപിടിക്കുന്ന താരങ്ങളിലൊരാളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി(Virat Kohli) എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ കിംഗ് കോലിയെ ഒഴിവാക്കി എക്കാലത്തേയും മികച്ച ടി20 ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യന്‍ മുൻ സ്‌പിന്നര്‍ ഹർഭജൻ സിംഗ്(Harbhajan Singh). 93 അന്താരാഷ്‌ട്ര ടി20കളില്‍ 52.05 ശരാശരിയില്‍ 29 അര്‍ധ ശതകങ്ങള്‍ സഹിതം 3227 റണ്‍സ് സമ്പാദ്യമായുള്ള താരമാണ് കോലി. നിലവില്‍ കളിക്കുന്നവരും വിരമിച്ച താരങ്ങളും ഉള്‍പ്പെട്ട ടീമാണ് ഭാജി പ്രഖ്യാപിച്ചിരിക്കുന്നത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയിലൂടെയാണ് ഹര്‍ഭജന്‍ തന്‍റെ ഇലവന്‍ പുറത്തുവിട്ടത്. ടീം ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവ്‌രാജ് സിംഗിനും(Yuvraj Singh) ടീമില്‍ ഇടംപിടിക്കാനായില്ല.
വിരാട് കോലിക്ക് പകരം ഇംഗ്ലീഷ് തീപ്പൊരി ബാറ്റ്സ്‌മാന്‍ ജോസ് ബട്‍ലറെയാണ് മൂന്നാമനായി ഹർഭജൻ തന്‍റെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ക്രീസിൽ നിലയുറപ്പിച്ചാൽ എതിരാളികളെ ഒറ്റയ്ക്ക് തകർക്കാൻ കഴിയുന്ന താരമാണ് ബട്‍ലറെന്ന് ഹർഭജൻ വ്യക്തമാക്കുന്നു.
ടീം ഇന്ത്യക്ക് ലോകകപ്പ് കിരീടം സമ്മാനിച്ച ഇതിഹാസ നായകന്‍ എം എസ് ധോണിയാണ് ഹര്‍ഭജൻ ഇലവന്‍റെ ക്യാപ്റ്റന്‍.
ആരും ഭയക്കുന്ന വെടിക്കെട്ട് ഓപ്പണിംഗ് സഖ്യമാണ് ഇലവന്‍റേത്. ഹിറ്റ്‌മാന്‍ രോഹിത് ശര്‍മയും യൂണിവേഴ്‌സ് ബോസ് ക്രിസ് ഗെയ്‌ലുമാണ് ഇന്നിംഗ്‌സ് തുടങ്ങുക.
നാലാം സ്ഥാനത്ത് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍ എത്തുമ്പോള്‍ മിസ്റ്റര്‍ 360 എ ബി ഡിവില്ലിയേഴ്‌സ് ആണ് അഞ്ചാമത്.
ആറാമത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാനായി എം എസ് ധോണി ക്രീസിലെത്തും. തകര്‍പ്പന്‍ ഓള്‍റൗണ്ടര്‍മാരാണ് പിന്നാലെയെത്തുക.
വിന്‍ഡീസ് ത്രിമൂര്‍ത്തികളായ ഡ്വെയ്ന്‍ ബ്രാവോ, കീറോൺ പൊള്ളാര്‍ഡ്, സുനിൽ നരെയ്ന്‍ എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍.
ബൗളര്‍മാരില്‍ ഇന്ത്യയിൽ നിന്ന് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ മാത്രമാണ് ഹര്‍ഭജന്‍ ഇലവനില്‍ ഉൾപ്പെടുത്തിയത്.
ബുമ്രയ്‌ക്കൊപ്പം ലങ്കന്‍ ഇതിഹാസം ലസിത് മലിംഗയാണ് ഫാസ്റ്റ് ബൗളർ. യോര്‍ക്കറുകള്‍ കൊണ്ട് എതിരാളികള്‍ക്ക് പേടിസ്വപ്‌നമായിരുന്നു മലിംഗ.