T20 World Cup | കലാശപ്പോരില്‍ മാറ്റമുറപ്പ്; ഓസീസിനെതിരായ കിവീസ് സാധ്യതാ ഇലവന്‍
ദുബായ്: പരീക്ഷണങ്ങള്‍ക്ക് സ്ഥാനമില്ല, ഏറ്റവും മികച്ച പ്ലേയിംഗ് ഇലവനെ മൈതാനത്തിറക്കുക. ടി20 ലോകകപ്പില്‍(T20 World Cup 2021) ന്യൂസിലന്‍ഡ്-ഓസ്‌ട്രേലിയ കലാശപ്പോരിന്(New Zealand vs Australia Final) മുമ്പ് ഇരു ടീമുകളും ചിന്തിക്കുന്നത് ഇതായിരിക്കും. കലാശപ്പോരിന് മുമ്പേ പരിക്കിന്‍റെ തിരിച്ചടി നേരിട്ട കിവികള്‍ക്ക് പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്താതെ മാര്‍ഗമില്ല. ടി20യില്‍ ആദ്യ ഫൈനല്‍ കളിക്കുന്നതിന്‍റെ നേരിയ ആശങ്കയും ടീമിനുണ്ടായേക്കാം. അതേസമയം ടി20 ലോകകപ്പില്‍ അവസാനമായി മുഖാമുഖം വന്ന 2016ല്‍ ജയിക്കാനായത് കിവികള്‍ക്ക് ആശ്വാസമാണ്. പരിക്കേറ്റ ഡേവോൺ കോൺവെയ്ക്ക്(Devon Conway) പകരം ടിം സീഫെർട്ടാകും( Tim Seifert) കലാശപ്പോരില്‍ പാഡണിയുക. ഓസ്‌ട്രേലിയക്കെതിരെ ന്യൂസിലന്‍ഡിന്‍റെ സാധ്യതാ ഇലവന്‍ പരിശോധിക്കാം.
സ്‌കോട്‌ലന്‍ഡിനെതിരെ 93 റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗുപ്റ്റിലും സെമിയില്‍ 72 റണ്‍സുമായി വിജയശില്‍പിയായ ഡാരന്‍ മിച്ചലും ഓപ്പണിംഗ് വിക്കറ്റില്‍ നിര്‍ണായകമാകും.
മധ്യനിരയില്‍ നായകന്‍ കെയ്‌ന്‍ വില്യംസണും ഗ്ലെന്‍ ഫിലിപ്‌സും ടിം സീഫെര്‍ട്ടുമാകും ഇറങ്ങുക. സെമിയില്‍ അഞ്ച് റണ്‍സ് മാത്രം നേടിയ വില്യംസണിന്‍റെ ബാറ്റില്‍ നിന്ന് ന്യൂസിലന്‍ഡ് ഏറെ പ്രതീക്ഷിക്കുന്നുണ്ട്.
പരിക്കേറ്റ് കോണ്‍വെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായതോടെയാണ് ടിം സീഫെര്‍ട്ട് പ്ലേയിംഗ് ഇലവനില്‍ മടങ്ങിയെത്തുന്നത്. വിക്കറ്റിന് പിന്നിലും സീഫെര്‍ട്ടിനാവും ചുമതല.
ഓള്‍റൗണ്ടര്‍ ജിമ്മി നീഷം ഫോമിലേക്കെത്തിയത് കിവികള്‍ക്ക് ആശ്വാസമാണ്. സെമിയില്‍ ഗെയിം ചേഞ്ചറായി മാറിയ നിഷം 11 പന്തില്‍ 27 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു.
ഇടംകൈയന്‍ സ്‌പിന്നര്‍ മിച്ചല്‍ സാന്‍റ്‌നറാണ് ടീമിലെ മറ്റൊരു ഓള്‍റൗണ്ടര്‍. സെമിയില്‍ രണ്ട് ഓവര്‍ മാത്രമേ എറിഞ്ഞുള്ളൂവെങ്കിലും ഓസീസിനെതിരെ കൂടുതല്‍ പന്തുകള്‍ പ്രതീക്ഷിക്കാം.
ബൗളിംഗ് നിരയാണ് ന്യൂസിലന്‍ഡിന്‍റെ ഏറ്റവും വലിയ കരുത്ത്. ടൂര്‍ണമെന്‍റില്‍ 11 വിക്കറ്റുണ്ട് പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടിന്. എന്നാല്‍ സെമിയില്‍ നാല് ഓവര്‍ എറിഞ്ഞിട്ടും വിക്കറ്റ് നേടാനായില്ലെന്നത് പരിഹരിക്കണം.
ബോള്‍ട്ടിനൊപ്പം ആഡം മില്‍നെ, ഇഷ് സോധി, ടിം സൗത്തി എന്നിവരാകും ന്യൂസിലന്‍ഡ് ബൗളിംഗ് ആക്രമണത്തില്‍ പങ്കാളികളാവുക.