T20 World Cup | അടുത്ത ടി20 ലോകകപ്പ്: ഈ അഞ്ച് താരങ്ങള്‍ ടീം ഇന്ത്യക്ക് മുതല്‍ക്കൂട്ടെന്ന് സെവാഗ്
ദുബായ്: അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനായി(2022 ICC Men's T20 World Cup) ടീം ഇന്ത്യ(Team India) ഇപ്പോഴേ ഒരുക്കങ്ങൾ തുടങ്ങണമെന്ന് ഇതിഹാസ ഓപ്പണര്‍ വീരേന്ദർ സെവാഗ്(Virender Sehwag). ഇന്ത്യയുടെ കരുത്താകുമെന്ന് കരുതുന്ന അഞ്ച് താരങ്ങളെ സെവാഗ് ചൂണ്ടിക്കാട്ടുന്നു. യുഎഇയില്‍ ഇപ്പോള്‍ പുരോഗമിക്കുന്ന ടി20 ലോകകപ്പില്‍(T20 World Cup 2021) ടീം ഇന്ത്യ പതറിയപ്പോഴാണ് വീരുവിന്‍റെ വാക്കുകള്‍ എന്നത് ശ്രദ്ധേയമാണ്. ശക്തരായ പാകിസ്ഥാനോടും ന്യൂസിലന്‍ഡിനോടും തോറ്റ വിരാട് കോലിയും(Virat Kohli) സംഘവും സെമിഫൈനല്‍ കാണാതെ പുറത്തായിരുന്നു. ഐപിഎല്ലിലെ പരിചയസമ്പത്ത് മുതലാക്കാനായില്ല എന്നത് മാത്രമല്ല, നീണ്ട ബയോ-ബബിള്‍(Bio-secure bubble) താരങ്ങളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചതായി വിലയിരുത്തല്‍ വന്നുകഴിഞ്ഞിട്ടുണ്ട്.
ഒരു വര്‍ഷമാണ് ടി20 ലോകകപ്പിന് അവശേഷിക്കുന്നത്. അടുത്ത വർഷം ഒക്ടോബർ 16 മുതൽ നവംബർ 13 വരെയാണ് ഓസ്ട്രേലിയയിൽ ലോകകപ്പ് പോരാട്ടങ്ങൾ.
ഒരുപിടി യുവതാരങ്ങളുടെ മികവിൽ ഇന്ത്യക്ക് മുന്നേറ്റം ഉണ്ടാകുമെന്നാണ് സെവാഗിന്‍റെ പ്രവചനം. ഇക്കുറി ഇന്ത്യ കാലിടറി വീണിരുന്നു.
കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, റിതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ എന്നീ അഞ്ച് താരങ്ങളെ അടുത്ത ലോകകപ്പിലേക്ക് സെവാഗ് ചൂണ്ടിക്കാട്ടുന്നു.
യുവത്വത്തിന്‍റെ പ്രസരിപ്പ് വേണ്ടുവോളമുള്ള ഇവരെ ഇനിയുള്ള ഒരു വർഷം തുടർച്ചയായി ഇന്ത്യൻ ടീമിൽ കളിപ്പിക്കണമെന്ന് സെവാഗ് ആവശ്യപ്പെട്ടു.
അതിനുള്ള ആദ്യപടി ന്യൂസിലൻഡിന്‍റെ ഇന്ത്യൻ പര്യടനമാകണം എന്നാണ് വീരുവിന്‍റെ നിര്‍ദേശം. യുഎഇയിലെ മത്സരങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ-കിവീസ് പരമ്പര തുടങ്ങുക.
രോഹിത് ശര്‍മ്മ, വിരാട് കോലി തുടങ്ങിയ മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകി യുവതാരങ്ങളടങ്ങിയ സംഘത്തെ കിവീസിനെതിരെ തെരഞ്ഞെടുക്കണമെന്നും സെവാഗ് പറഞ്ഞു.