കാമുകിയെ ചൊല്ലിയുള്ള തര്‍ക്കം; വാട്ട്സ്ആപ്പ് ചാറ്റിലൂടെ വിളിച്ച് വരുത്തി, തലയ്ക്കടിച്ച് കൊലപാതകം
വധശ്രമക്കേസിലെ പ്രതിയുടെ കാമുകിയുമായി അടുപ്പത്തിലായ യുവാവിനെ വൈപ്പിനില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. വാട്ട്സ് ആപ്പ് ചാറ്റിലൂടെ വൈപ്പിൻ പള്ളത്താംകുളങ്ങര ബീച്ചിലേക്ക് വിളിച്ച് വരുത്തിയാണ് ചെറായി സ്വദേശി കല്ലുമഠത്തിൽ പ്രസാദിന്‍റെ മകൻ പ്രണവിനെ കൊലപ്പെടുത്തിയത്. പ്രണവുമായുള്ള കാമുകിയുടെ പ്രണയബന്ധത്തേക്കുറിച്ച് അറിഞ്ഞ പ്രതികള്‍ യുവതിയുടെ സമൂഹമാധ്യമ അക്കൌണ്ടിലൂടെ യുവാവിന് സന്ദേശങ്ങള്‍ അയച്ചിരുന്നു. പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയ ആളുകളാണ് രക്തത്തില്‍ കുളിച്ച് കിടന്ന പ്രണവിന്‍റെ മൃതദേഹം കണ്ടെത്തിയത്.
വൈപ്പിനില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊന്നത് കാമുകിയെ ചൊല്ലിയുള്ള തര്‍ക്കം മൂലമെന്ന് റിപ്പോര്‍ട്ട്. ചെറായി സ്വദേശി കല്ലുമഠത്തിൽ പ്രസാദിന്‍റെ മകൻ പ്രണവിനെ വാട്സ്ആപ്പ് ചാറ്റിങ്ങിലൂടെ വിളിച്ചു വരുത്തിയശേഷം വൈപ്പിൻ പള്ളത്താംകുളങ്ങര ബീച്ചിന് സമീപത്ത് ഇന്നലെ പുലര്‍ച്ചെ കൊലപ്പെടുത്തുകയായിരുന്നു. പ്രതികളിൽ ഒരാളായ ശരത്തിന്‍റെ കാമുകിയുമായി കൊല്ലപ്പെട്ട പ്രണവ് അടുപ്പത്തിലായിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായതായാണ് പൊലീസ് വ്യക്തമാക്കുന്നത്.
പ്രതികള്‍ പെൺകുട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി മെസേജ് അയച്ചാണ് പ്രണവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കിയത്. പുലർച്ചെ നാലരയോടെ മത്സ്യബന്ധനത്തിനെത്തിയ തൊഴിലാളികളാണ് പ്രണവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം മർദ്ദനമേറ്റപാടുകളും മുറിവുകളും ഉണ്ടായിരുന്നു. തലപൊട്ടി രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.
തുടർന്ന് മുനമ്പം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അയ്യമ്പള്ളി കൈപ്പൻ വീട്ടിൽ അമ്പാടി അറസ്റ്റിലായത്. അമ്പാടിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഒന്നാം പ്രതിയായ ശരതിലേക്ക് പൊലീസ് എത്തിയത്. മറ്റൊരു വധശ്രമ കേസിലെ പ്രതി കൂടിയായ ശരത് ജാമ്യത്തിലിറങ്ങിയിരിക്കുകയായിരുന്നു.
ചെറായി സ്വദേശിയായ ജിബിനും അറസ്റ്റിലായി. കേസിൽ ചെറായി സ്വദേശി നാംദേവുകൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മൃതദേഹത്തിന് സമീപത്ത് നിന്നും മർദ്ദിക്കാൻ ഉപയോഗിച്ച വടിയുടെ കഷ്ണങ്ങളും പൊട്ടിയ ട്യൂബ് ലൈറ്റ് കഷ്ണങ്ങളും കണ്ടെത്തിയിരുന്നു.
ഇതോടെ രണ്ട് സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാല്‍ അമ്പാടി പിടിയിലായതോടെയാണ് സംഭവത്തിന്‍റെ ചുരുള്‍ അഴിഞ്ഞത്. പ്രതികൾ കാമുകിയുടെ സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ പ്രണവിന് സന്ദേശങ്ങൾ അയച്ചതായും പൊലീസ് കണ്ടെത്തി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.