'ഞാന്‍ നിങ്ങള്‍ക്കെന്‍റെ ജീവിതം തരുന്നു', ഈ അധോലോക നായകന്മാരുടെ ഭാര്യമാരുടെ ജീവിതം; ചിത്രങ്ങള്‍ കാണാം
ജപ്പാനിലെ ഏറ്റവും ശക്തവും, സ്വാധീനമുള്ള ക്രിമിനൽ മാഫിയയാണ് യാകുസ. വെറുമൊരു മാഫിയ മാത്രമല്ല അവർ, 400 വർഷത്തെ ജാപ്പനീസ് ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു സംഘടനയാണത്. ജാപ്പനീസ് ഗുണ്ടാസംഘങ്ങളായ അവരെ 'അക്രമ ഗ്രൂപ്പുകൾ' എന്നാണ് വിളിക്കുന്നത് തന്നെ. ആ അധോലോക സംഘങ്ങളെ ഭീതിയോടെ മാത്രമേ ആളുകൾക്ക് കാണാൻ കഴിയൂ. അവരുടെ പേര് പറയാൻ പോലും അവിടെ ആളുകൾക്ക് ഭയമാണ്. പൊതുസമൂഹത്തിന് എത്തിപ്പിടിക്കാൻ കഴിയാത്ത ഒരുപാട് നിഗൂഢതയും, വിസ്‍മയവും നിറഞ്ഞതാണ് അവരുടെ ലോകം. എന്നാൽ, അടുത്തകാലത്തായി ഫോട്ടോഗ്രാഫറായ ക്ലോയി ജാഫെ എന്ന യുവതി കുപ്രസിദ്ധമായ ജാപ്പനീസ് ക്രൈം ലോകത്തേക്ക് കടന്നുകൂടുകയുണ്ടായി. അവരുടെ കലാസൃഷ്ടിയായ 'ഞാൻ നിങ്ങൾക്ക് എന്‍റെ ജീവിതം നൽകുന്നു' (I give you my life) എന്ന ഒരു ഫോട്ടോ സീരിസിന് വേണ്ടിയായിരുന്നു അത്. യാകുസ ഭാര്യമാരുടെ പലപ്പോഴും അവഗണിക്കപ്പെട്ട ജീവിതങ്ങൾ അവർ തന്‍റെയാ ഫോട്ടോ സീരിസിൽ ഉൾപ്പെടുത്തി. അദ്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങളായിരുന്നു ക്ലോയി പകര്‍ത്തിയതോരോന്നും. തീവ്രവും മാദകവും അതേസമയം കരുത്തുറ്റതുമായ ആ സ്ത്രീകളുടെ ചിത്രങ്ങള്‍ പുറംലോകത്തെ അമ്പരപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.
ജാപ്പനീസ് സംസ്‍കാരത്തോട് ആകർഷണം തോന്നിയാണ് ക്ലോയി ജാഫെ ജപ്പാനിലേക്ക് വന്നത്. അവിടെ അവർക്ക് ആരെയും പരിചയമില്ലായിരുന്നു. ഭാഷപോലും നേരെ സംസാരിയ്ക്കാൻ അറിയില്ല. എന്നാല്‍, അവിടെ തീർത്തും അസാധ്യമായ ഒരു കാര്യം ചെയ്യാൻ ജാഫെക്കായി. ജപ്പാനിലെ ഏറ്റവും വലിയ സംഘടിത ക്രൈം മാഫിയകളിലെ, ആളുകളുടെ ജീവിതത്തിലെ സ്ത്രീകളുടെ സ്വകാര്യതയിലേക്കാണ് അവള്‍ കടന്നുചെന്നത്. പുറംലോകത്തിന് അന്യമായിരുന്നു ആ ഓരോ ജീവിതവും. പഴയ സമുറായി സിനിമകൾ കണ്ട ജാഫെ, 'അധോലോക സ്ത്രീകൾ' ഒരിക്കലും പൊതുസമൂഹവുമായി ബന്ധപ്പെടാതെ മാറി നില്‍ക്കുന്നവരാണ് എന്ന് മനസ്സിലാക്കി. ആ സ്ത്രീകൾ അവരുടെതായൊരു ലോകത്താണ് ജീവിക്കുന്നത്. പുറംലോകവുമായി അവര്‍ക്ക് വലിയ ബന്ധമൊന്നുമില്ല. മാത്രവുമല്ല, പൊതുസമൂഹത്തിനാകട്ടെ ആ ജീവിതത്തെ കുറിച്ച് യാതൊരു ഐഡിയയും ഉണ്ടായിരുന്നുമില്ല. പുറത്തുനിന്ന് ഒരാളെയും കടത്താത്ത ആ ലോകത്തേക്ക് പക്ഷേ, ജാഫെക്ക് പ്രവേശനം ലഭിച്ചു.
എന്നാൽ ആ ലോകത്തേക്ക് എത്തിപ്പെടുകയെന്നത് ഒട്ടും എളുപ്പമുള്ള ജോലിയായിരുന്നില്ല. ആ സ്ത്രീകളെ പകര്‍ത്തണമെങ്കില്‍, അവരെ അഭിമുഖം ചെയ്യണമെങ്കില്‍ അവരുടെ സമ്മതമല്ല, മറിച്ച് യാകുസ മേധാവിയുടെ അനുമതിയാണ് തേടേണ്ടതെന്ന് ജാഫെ മനസ്സിലാക്കി. ഓര്‍ത്തുനോക്കണം, യാകുസ മേധാവികളെന്ന് കേള്‍ക്കുന്നതുപോലും ആളുകള്‍ക്ക് ഭയമാണ്. സിനിമയിലെ അധോലോക നായകന്മാരെപ്പോലെയാണവര്‍... പക്ഷേ, അവരിലേക്കെത്തിച്ചേരാന്‍ ഒരുപാടൊന്നും ജാഫേക്ക് കാത്തിരിക്കേണ്ടി വന്നില്ല. ആ ഉത്സവകാലത്തായിരുന്നു അത് സംഭവിച്ചത്, അന്ന് അസകുസയിലെ തെരുവുകൾ വർണാഭമായിരുന്നു. ചൂടുള്ളൊരു ദിവസത്തിനുശേഷം സൂര്യൻ അസ്തമിക്കുകയായിരുന്നു. അതിരാവിലെ മുതൽ ഉത്സവം ചിത്രീകരിച്ച് ക്ഷീണിച്ച ജാഫെ ഒന്ന് വിശ്രമിക്കാൻ തീരുമാനിച്ചു. അതിനായി ഒരു നടപ്പാതയിൽ ഇരിക്കുകയായിരുന്നു അവള്‍.. അപ്പോഴാണ്, അംഗരക്ഷകരാൽ ചുറ്റപ്പെട്ട കിമോണോയൊക്കെ ധരിച്ച ഒരാളെ ജാഫെ കാണാനിടയാവുന്നത്. അതേ, അത് യാകുസയുടെ നേതാവായിരുന്നു. “കാണാനൊക്കെ ഗാംഭീര്യമുള്ള ഒരാളായിരുന്നു അയാള്‍. എന്നാല്‍, അത് യാകുസ തലവനാണെന്നൊന്നും എനിക്കാദ്യം മനസിലായിരുന്നില്ല. അതുകൊണ്ട്, ഞാൻ അയാളുടെ വഴിയിൽ തന്നെ ഇരുന്നു. വളരെ ദയയോടെ, അദ്ദേഹം എനിക്ക് ഒരു ബിയറും വാഗ്ദാനം ചെയ്തു. അവിടെനിന്നാണ് എല്ലാം ആരംഭിച്ചത്...” ജാഫെ ഓർമ്മിക്കുന്നു.
എന്തായാലും അയാളുമായുള്ള ആദ്യത്തെ കൂടിക്കാഴ്ച ഒരു അധോലോക സിനിമയെ ഓർമിപ്പിക്കുന്നതായിരുന്നു എന്ന് ജാഫെ സമ്മതിക്കുന്നുണ്ട്. ഒരു ട്രെയിൻ സ്റ്റേഷന്‍റെയും പൊലീസ് സ്റ്റേഷന്‍റെയും ഇടയിൽ നിൽക്കുന്ന ഒരു റെസ്റ്റോറന്റിലാണ് ജാഫെയെ അയാള്‍ അത്താഴം കഴിക്കാൻ ക്ഷണിച്ചത്. എന്തെങ്കിലും സംഭവിക്കുമോ എന്നവള്‍ക്ക് നല്ല ഭയവും ഉണ്ടായിരുന്നു. 30 മിനിറ്റ് നേരത്തെ തന്നെ ജാഫെ റെസ്റ്റോറന്റിൽ എത്തി. എന്നാൽ അവർ എത്തിയപ്പോഴേക്കും ആ നേതാവും അവിടെയുണ്ടായിരുന്നു. രണ്ട് അംഗരക്ഷകരോടൊപ്പം അയാൾ അവിടെ കാത്തുനിൽക്കുകയായിരുന്നു. അവർ റെസ്റ്റോറന്റിലേക്ക് പ്രവേശിച്ചു, അംഗരക്ഷകർ പുറത്ത് കാവല്‍നിന്നു. “എന്‍റെ ജാപ്പനീസ് ഭാഷ അത്ര നല്ലതായിരുന്നില്ല, അതുകൊണ്ട് പറയാനുള്ളത് ഞാൻ അച്ചടിച്ച് വച്ചിരുന്നു. അത് വായിച്ചപ്പോൾ അദ്ദേഹം പുഞ്ചിരിച്ചു. ഒരുപക്ഷേ, എന്തുകൊണ്ടാണ് ഞാൻ സ്ത്രീകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതെന്ന് ചിന്തിച്ചായിരിക്കാം അത്. ജപ്പാനിലുടനീളം ധാരാളം യാകുസ ആളുകളെ അറിയാമെന്നും എന്നെ സഹായിക്കാമെന്നും അയാൾ എന്നോട് പറഞ്ഞു. അപ്പോഴും ഞാൻ തമാശ പറഞ്ഞതാണ് എന്നാണ് അയാൾ വിചാരിച്ചത്. എന്നാൽ, ഞാൻ എന്‍റെ തീരുമാനത്തിൽ ഉറച്ചു നിന്നപ്പോൾ അയാൾ അതിന് വഴങ്ങി" അവർ പറഞ്ഞു.
തന്‍റെ ഈ സാഹസികയാത്രയിൽ പ്രധാനമായും രണ്ട് ജാപ്പനീസ് മൂല്യങ്ങളാണ് തനിക്ക് പഠിക്കാൻ കഴിഞ്ഞതെന്ന് ജാഫെ പറഞ്ഞു. ഒരു കാര്യത്തിന് വേണ്ടി നിങ്ങൾ നിങ്ങളുടെ പരമാവധി പരിശ്രമിക്കുക എന്നതും, ക്ഷമയോടെ കാത്തിരിക്കുക എന്നതും. ജാഫെക്ക് ക്ഷമിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലായിരുന്നു. കാരണം ആ അധോലോകത്തേക്ക് പ്രവേശിക്കുക ഒട്ടും എളുപ്പമുള്ള കാര്യമല്ലായിരുന്നു. അതിനായി ആദ്യം അവരുടെ വിശ്വാസം നേടിയെടുക്കണമായിരുന്നു. ജാഫെ തനിക്ക് ഫോട്ടോയെടുക്കേണ്ട ആ സ്ത്രീകളുമായി വളരെ അടുത്ത് ഇടപഴകി. ചിലർ അവളുടെ സുഹൃത്തുക്കള്‍ പോലുമായിത്തീർന്നു. അങ്ങനെ പതുക്കെ പതുക്കെ അവരുടെ ആരും കാണാത്ത ലോകത്തേക്ക് ജാഫെക്ക് പ്രവേശനം അനുവദിച്ചു. അവരുടെ നഗ്നചിത്രങ്ങളടക്കം അവള്‍ ചിത്രീകരിച്ചു. ചിത്രീകരണവേളയിൽ പലപ്പോഴും നഗ്നയായി പ്രത്യക്ഷപ്പെടുന്ന സ്ത്രീകളുടെ ശരീരത്തിൽ ടാറ്റൂ ദൃശ്യമായിരുന്നു. ഇത് പലപ്പോഴും ആരും കാണാത്ത അവരുടെ വ്യക്തിത്വം വെളിപ്പെടുത്തി. അവരുടെ ശരീരങ്ങളിൽ കണ്ട ടാറ്റൂ അവരുടെ അടയാളം തന്നെയായിരുന്നു.
യാകുസയുടെ പുരുഷാധിപത്യ ഘടനയിൽ സ്ത്രീകൾ എങ്ങനെ ഇണങ്ങുന്നുവെന്ന് ജാഫെ പറയുന്നു: “യാകുസ രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങള്‍ പോലെത്തന്നെ പുരുഷാധിപത്യം നിലനിൽക്കുന്ന ഒരിടമാണ്. അതിനാൽ മിക്ക യാകുസ ഭാര്യമാരും ‘ഒരു സാധാരണ ജാപ്പനീസ് വീട്ടമ്മമാരുടെ ജീവിതമാണ് നയിക്കുന്നത്. ഞാൻ പിന്തുടർന്ന സംഘം ഒരു കുടുംബം പോലെയാണ്. അവരുടെ ഒത്തുചേരലുകളിൽ പണവും മദ്യവും ആണുങ്ങൾ കൊണ്ടുവരുമ്പോൾ, സ്ത്രീകൾ സാധാരണയായി ഭക്ഷണം കൊണ്ടുവരുന്നു.”
ഒരാൾ വിവാഹം കഴിക്കുന്ന യാകുസയെ ആശ്രയിച്ച്, അവരുടെ പങ്ക് വ്യത്യാസപ്പെടും. നേതാവിന്‍റെ ഭാര്യക്ക് ഗ്രൂപ്പിൽ ഒരു പ്രധാന പങ്കുണ്ട്. അവർ നേതാവിന്‍റെ നിഴലാണ്. അയാളുടെ കൂടെനടന്ന് എല്ലാം കാര്യങ്ങളും അവർ മനസ്സിലാക്കുന്നു. യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിൽ നേതാവിനെ ഉപദേശിക്കുക, സാമ്പത്തിക കാര്യങ്ങൾ നോക്കുക എന്നതാണ് അവരുടെ പ്രധാന ജോലികൾ. നേതാവ് ജയിലിൽ പോവുകയോ, മരിക്കുകയോ ചെയ്താൽ ഭാര്യ സംഘത്തെ ഏറ്റെടുക്കുന്നു.
ആ സ്ത്രീകള്‍ക്ക് തങ്ങളുടെ ഭര്‍ത്താക്കന്മാരോടുള്ള ആജീവനാന്ത ഭക്തിയാണ് ജാഫെ തന്‍റെ സീരീസിന്‍റെ പേരിലും ഇട്ടത്, അതുകൊണ്ട് തന്നെ അതിന് 'ഞാൻ നിങ്ങൾക്ക് എന്‍റെ ജീവിതം തരുന്നു' എന്ന പേരാണ് ഏറ്റവും യോജിച്ചതായി ജാഫെക്ക് തോന്നിയത്. ശബ്‌ദമില്ലാത്ത അവർക്ക് ഒരു ശബ്‌ദം നൽകാൻ ജാഫെ ആഗ്രഹിച്ചു. ഒപ്പം സ്വയം പ്രകടിപ്പിക്കാൻ കഴിയാതെ ജീവിതം തള്ളിനീക്കുന്ന അവരോട് എല്ലാ മഹാ പുരുഷന്മാർക്കും പിന്നിൽ ഒരു മഹത് വനിത ഉണ്ടെന്നു പറയാനും ജാഫെ ആഗ്രഹിച്ചു.
ഓരോ ദിവസവും രാത്രിയില്‍ ഭര്‍ത്താവ് മടങ്ങിവരുമോ എന്നതുപോലും തീര്‍പ്പില്ലാത്ത ജീവിതമായിരുന്നു ആ സ്ത്രീകളുടേത്. മാഫിയാസംഘത്തില്‍ നേരിട്ട് പങ്കാളികളായിരുന്നില്ലെങ്കിലും ഈ സ്ത്രീകളെല്ലാം തന്നെ അതില്‍ പങ്കുചേരുന്നവരായിരുന്നു പരോക്ഷമായാണെങ്കിലും... ആ സ്ത്രീകളുടെ ജീവിതം പകര്‍ത്താന്‍ ജാഫെ കാണിച്ച പരിശ്രമവും അതുപോലെ പ്രധാനമാണ്.