ഇങ്ങനെയൊരു മസാജ് നിങ്ങള്‍ കാണാനിടയില്ല!
പലതരം മസാജുകളുണ്ട് തായ്‌വാനില്‍. . അതിലൊന്നാണ് 'കശാപ്പുകത്തി മസാജ്'. കേള്‍ക്കുമ്പോള്‍ ഭയം തോന്നുമെങ്കിലും സുഖമുള്ള ഒരേര്‍പ്പാടാണ് ഇതെന്ന് അനുഭവസ്ഥര്‍ പറയുന്നു.
കോഴിയേയും പോത്തിനേയും വെട്ടാന്‍ മാത്രം ഉപയോഗിച്ച് കണ്ടിട്ടുള്ള കശാപ്പുകത്തി ഉപയോഗിച്ച് എങ്ങനെ നമ്മുടെ ശരീരം മസാജ് ചെയ്യുമെന്നത് നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. തായ്‌വാന് അതിനുത്തരമുണ്ട്.
2,000 വര്‍ഷത്തിലേറെ പഴക്കമുള്ള ചൈനീസ് ചികിത്സാരീതിയാണ് 'കത്തി മസാജ്' അല്ലെങ്കില്‍ 'കത്തി തെറാപ്പി'. ശാരീരികവും വൈകാരികവുമായ രോഗശാന്തി പ്രദാനം ചെയ്യാന്‍ ഇതിനു കഴിയുമെന്നാണ് ഇവര്‍ പറയുന്നത്. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ പരിഹരിക്കുന്നതിനും ഉറക്കം മെച്ചപ്പെടുത്തുന്നതിനും വേദന കുറക്കുന്നതിനും കത്തി മസാജ് ചെയ്യുന്നു.
അക്യുപങ്ച്വര്‍ പോലുള്ള ഒരു ചൈനീസ് ചികിത്സാരീതിയാണ് ഇത്. കത്തികള്‍ ശരീരത്തിലെ ചില ഭാഗങ്ങളില്‍ ശക്തിയായി അടിക്കുന്നു. അവയില്‍ സമ്മര്‍ദ്ദം ചെലുത്തി ശരീരത്തിലെ പേശികളുടെ പിരിമുറുക്കം കുറക്കുന്നു. കൂടാതെ സ്റ്റീല്‍ കത്തികള്‍ക്ക് രോഗം ശമിപ്പിക്കാന്‍ അദൃശ്യമായ ഒരു ശക്തിയുണ്ടെന്നും പരിശീലകര്‍ വിശ്വസിക്കുന്നു.
The Ancient Art of Knife Massage Dao Liao I-Jing Education Center നാല് പതിറ്റാണ്ടായി പരിശീലകരെ ഇത് പഠിപ്പിക്കുന്നു. അവര്‍ക്ക് തായ്വാനില്‍ 36 ശാഖകളുണ്ട്, അതില്‍ 15 എണ്ണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ തുറന്നു.
എന്നാല്‍, തെറാപ്പിസ്റ്റുകള്‍ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, അവര്‍ മോശം മാനസികാവസ്ഥയിലാണെങ്കില്‍, കത്തിയെടുക്കാന്‍ പാടില്ല. കാരണം അവരുടെ നെഗറ്റീവ് എനര്‍ജി ഈ മസാജിങ്ങിലൂടെ വരുന്നവരിലേയ്ക്ക് പകരുമെന്നാണ് വിശ്വാസം.
എല്ലാ പരിശീലകരും അവരുടെ പൊസിറ്റീവ് എനര്‍ജി നിലനിര്‍ത്താന്‍, സസ്യാഹാരം മാത്രമേ കഴിക്കൂ. എല്ലാ ദിവസവും രാവിലെ 05:00 -ന് മുന്‍പ് ഉണരുന്ന അവര്‍, പുലര്‍ച്ചെ ശാരീരിക വ്യായാമങ്ങളില്‍ മുഴുകുന്നു. കൂടാതെ ദിവസവും 30 മിനിറ്റ് കത്തി ഉപയോഗിച്ച് ഒരു തലയിണയില്‍ അവര്‍ മസാജ് പരിശീലിക്കുന്നു.
തെറാപ്പിസ്റ്റുകള്‍ മാത്രമല്ല, അവിടെവരുന്നവരും മസാജിനു മുന്‍പ് കുറച്ചു കാര്യങ്ങള്‍ ചെയ്യണം. 10 മിനിറ്റ് സ്‌ക്വാറ്റുകള്‍ ചെയ്യിച്ചും, രണ്ട് മരം കൊണ്ടുള്ള സ്റ്റിക്കുകള്‍ ഉപയോഗിച്ച് വ്യായാമം ചെയ്യിച്ചും ഊര്‍ജ്ജം മെച്ചപ്പെടുത്താന്‍ തെറാപ്പിസ്റ്റുകള്‍ ശ്രമിക്കുന്നു. കോസ്മിക് സ്റ്റിക്കുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്.
''തുടക്കത്തില്‍ കത്തി കണ്ടപ്പോള്‍ ഞാന്‍ ഭയപ്പെട്ടു, ഇത് അപകടമായല്ലോ എന്നോര്‍ത്തു'' കത്തി മസ്സാജ് അനുഭവിച്ച ചിയു മെ-ലാന്‍ പറഞ്ഞു. ''പേടി തോന്നിയ ഞാന്‍ തെറാപ്പിസ്റ്റിനോട് കത്തിവച്ച് ശക്തിയായി അടിക്കരുത് എന്ന് പറഞ്ഞു. എന്നാല്‍, കുറച്ചു കഴിഞ്ഞപ്പോള്‍ ഇത് വളരെ സുഖകരമായ ഒരനുഭവമായി മാറി'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ചെറിയ ചലനങ്ങളില്‍ തുടങ്ങി പതിയെ കത്തികള്‍ വേഗത്തില്‍ ശരീരത്തില്‍ നീങ്ങാന്‍ തുടങ്ങി. വല്ലാത്തൊരു സുഖം തോന്നി. ഞാന്‍ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.' അദ്ദേഹം ഓര്‍ത്തു. കേള്‍ക്കുമ്പോള്‍ വിചിത്രമാണെങ്കിലും, കത്തി മസാജിന് ഒരുപാട് ഗുണങ്ങളുണ്ട് എന്നാണ് പരിശീലകര്‍ അവകാശപ്പെടുന്നത്.