ഫിലിപ് രാജകുമാരന്‍ ശരിക്കും ദൈവമാണ് എന്ന് വിശ്വസിക്കുന്ന ഒരു സമൂഹം; കാണാം ചിത്രങ്ങള്‍
ഫിലിപ്പ് രാജകുമാരൻ തീർച്ചയായും അറിയപ്പെടുന്നൊരാളാണ്. ജനങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന രാജകുടുംബത്തിലെ അംഗങ്ങളിൽ ഒരാളുമാണദ്ദേഹം. എലിസബത്ത് രാജ്ഞിയുടെ ഭർത്താവ്, അദ്ദേഹം എത്ര ജനപ്രിയനാണെന്നും കൊട്ടാരം ജീവനക്കാർക്കിടയിൽ എങ്ങനെ പ്രിയങ്കരനാണെന്നുമെല്ലാം നാം കേട്ടിട്ടുണ്ട്. പക്ഷേ, തെക്കൻ പസഫിക്കിലെ ഒരു ഗോത്രസമൂഹം അദ്ദേഹത്തെ ദൈവമായിക്കണ്ട് ആരാധിക്കുന്നതിനെ കുറിച്ച് അറിയാമോ? അതെ, തെക്കൻ ദ്വീപായ വാനുവാട്ടിലെ ടനയിലെ ഗ്രാമവാസികളാണ് പ്രിന്‍സ് ഫിലിപ്പിനെ അവരുടെ ദൈവമായി ആരാധിക്കുന്നത്. അവരെ കുറിച്ച്.
ഈ ദ്വീപുവാസികൾ എല്ലാതരത്തിലും സ്വയം പര്യാപ്‍തമായ ജീവിതമാണ് നയിക്കുന്നത്. അവർക്ക് കഴിക്കാനുള്ളതെല്ലാം അവരവിടെ സ്വയം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്. പണത്തിനുപകരം ബാർട്ടർ സമ്പ്രദായമാണ് നിലനിൽക്കുന്നത്. സ്കൂളുകളെല്ലാം വളരെ അകലത്താണ്. വളരെ ചുരുക്കം ചിലരാണ് പഠിക്കാനായി പോകുന്നത്.
എന്തുകൊണ്ടാണ് ഇവര്‍ക്ക് ഫിലിപ് രാജകുമാരന്‍ ദൈവമാവുന്നത്? യാഹ്‌നാനെൻ ഗ്രാമത്തിലെ കസ്തോം ജനത പിന്തുടരുന്ന ഒരു മതവിഭാഗം തന്നെയാണ് പ്രിൻസ് ഫിലിപ്പ് പ്രസ്ഥാനം. പുരാതനകാലത്തുള്ള ഒരു വലിയ പ്രവചനം നിറവേറ്റാനായി ഒരു പര്‍വതാത്മാവിന്‍റെ മകന്‍ മനുഷ്യജന്മമെടുക്കുകയും വളരെ ശക്തയായ ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും ഭാര്യയുമൊത്ത് ദ്വീപിലേക്ക് തിരികെ വരികയും ചെയ്യുമെന്നായിരുന്നു ഈ ഗോത്ര വിഭാഗത്തിന്‍റെ വിശ്വാസം. അങ്ങനെ പ്രവചനം നടപ്പിലാക്കാനായി എത്തിയ ആളാണ് ഫിലിപ് രാജകുമാരനെന്നാണ് അവർ കരുതുന്നത്. 1950 -ലാണ് ഇങ്ങനെ വിശ്വസിക്കുന്ന ജനങ്ങളുടെ കൾട്ട് രൂപപ്പെടുന്നത്.
കോമണ്‍ വെല്‍ത്ത് ടൂറിന്‍റെ ഭാഗമായി 1974 -ല്‍ രാജകുമാരനും കുടുംബവും വനുവാടു സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് വിശ്വാസം ശക്തമാവുന്നത്. അങ്ങേയറ്റം ബഹുമാനത്തോടെയാണ് അവര്‍ എലിസബത്ത് രാജ്ഞിയെ സ്വീകരിച്ചത്. അവരുടെ ഭര്‍ത്താവായിരിക്കും നാം കാത്തിരിക്കുന്ന ആ മഹാത്മാവ് എന്നും അവര്‍ വിശ്വസിച്ചു. ഗോത്രവര്‍ഗ്ഗത്തിലെ ഒരു പ്രധാനിയും പോരാളിയുമായിരുന്ന മരിച്ചുപോയ നൈവ എന്നയാള്‍ ഫിലിപ്പ് രാജകുമാരനെ ആദ്യം കണ്ടതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ''അദ്ദേഹം തന്‍റെ വെളുത്ത യൂണിഫോമില്‍ കപ്പലിന്‍റെ മേല്‍ത്തട്ടില്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു. അദ്ദേഹമാണ് യഥാര്‍ത്ഥ മിശിഹായെന്ന് അപ്പോഴെനിക്ക് തോന്നി.''
പിന്നീട് അവര്‍ കൊട്ടാരവുമായി കത്തിടപാടുകള്‍ നടത്തുകയും അവരുടെ പരമ്പരാഗതമായ സമ്മാനങ്ങള്‍ രാജകുമാരന് അയച്ചുകൊടുക്കുകയുമെല്ലാം ചെയ്യുന്നുണ്ടായിരുന്നു. ദ്വീപുവാസികളുടെ അഭ്യര്‍ത്ഥനപ്രകാരം അദ്ദേഹം അതുമായി പോസ് ചെയ്യുന്ന ചിത്രമെടുത്ത് അവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്‍തു.
ദ്വീപുവാസികളെ സംബന്ധിച്ച് ഫിലിപ് രാജകുമാരന്‍ ദൈവികതയുള്ള മനുഷ്യനാണ്. ദൈവത്തിന്‍റെ പുനര്‍ജന്മം. “അവർ യേശുവിൽ നിന്നുള്ള ഒരു അടയാളത്തിനായി 2,000 വർഷമായി കാത്തിരിക്കുന്നു. എന്നാൽ, ഞങ്ങളുടെ ഫിലിപ്പ് ഞങ്ങൾക്ക് ഫോട്ടോകൾ അയയ്ക്കുന്നു! ഒരുദിവസം അവൻ ഞങ്ങളുടെ അടുത്തേക്ക് തന്നെ വരും” എന്നായിരുന്നു ദ്വീപുകാർ പറഞ്ഞിരുന്നത്.
ഏതായാലും തന്‍റെ അച്ഛനെ ദൈവമായി ആരാധിക്കുന്ന ദ്വീപ് ചാള്‍സ് രാജകുമാരന്‍ 2018 -ല്‍ സന്ദര്‍ശിച്ചിരുന്നു. പക്ഷേ, ദ്വീപുവാസികള്‍ അദ്ദേഹത്തോട് അത്ര അടുപ്പമൊന്നും കാണിക്കുകയുണ്ടായില്ല. ഏറെക്കാലമായി അവര്‍ വിശ്വസിച്ചിരുന്നത് എന്നെങ്കിലും ഒരിക്കല്‍ കൊട്ടാരവും രാജ്യവും എല്ലാം വിട്ട് ഫിലിപ് രാജകുമാരനെന്ന തങ്ങളുടെ ദൈവം തങ്ങളുടെ അടുത്തേക്ക് വരുമെന്നായിരുന്നു.