Bigg Boss: ലക്ഷ്മി പ്രിയ ഒറ്റപ്പെടുമോ ? ബിഗ് ബോസില്‍ ചില തന്ത്രപരമായ നീക്കങ്ങള്‍
ആദ്യ ആഴ്ചയിലെ ആദ്യ ദിവസങ്ങള്‍ കഴിയുമ്പോള്‍ തന്നെ കൂട്ടത്തില്‍ ചേരിതിരിവും അംഗബലവും ശക്തമാക്കി ചെറു ഗ്രൂപ്പുകള്‍ രൂപപ്പെടുന്നതിലേക്ക് ബിഗ് ബോസ് കുടുംബത്തിലെ മത്സരാര്‍ത്ഥികള്‍ കടക്കുകയാണ്. എല്ലാ ഗ്രൂപ്പുകളെയും അതാത് ഇടങ്ങളില്‍ പൊളിച്ചടുക്കി ബിഗ് ബോസും മത്സരാര്‍ത്ഥികള്‍ക്കിടയിലെ സംഘര്‍ഷം തീവ്രവാക്കി. ബോഗ് ബോസ് വീട്ടിലെ ചില കോണുകളില്‍ അസ്വാരസ്യങ്ങളുയരുമ്പോള്‍ മറ്റിടങ്ങളില്‍ ചിലരെ മാത്രം ഒറ്റപ്പെടുത്തുന്നതിനുള്ള നടപടികളും തുടങ്ങി. പ്രധാനമായും ലക്ഷ്മി പ്രിയയെ കുറിച്ചാണ് പലരും പേരെടുത്ത് പറയാതെ വിമർശനങ്ങളും പരാതികളും ഉന്നയിക്കുന്നത്. ബിഗ് ബോസ് വീട്ടിൽ എന്തൊക്കെയാകും ഇനി വരാൻ പോകുന്നതെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. മൂന്നാമത്തെ എപ്പിസോഡിലെ ഹൈലൈറ്റ് വീക്കിലി ടാസ്ക് തന്നെയായിരുന്നു.
ടാസ്കിനിടയിൽ ബ്ലെസ്ലി കാണിച്ച നല്ല പ്രവൃത്തിയും എടുത്തുപറയേണ്ടതാണ്. ഡെയ്സിക്ക് വേണ്ടി പാവ കൈമാറിയ ബ്ലെസ്ലി ഒടുവിൽ വീടിന് പുറത്തായതായിരുന്നു ഷോയിൽ ലക്ഷ്മിയുടെയും ഡോ. റോബിന്‍റെയും ചർച്ച.
ഏറെ രസകരമായൊരു വീക്കിലി ടാസ്ക്കായിരുന്നു ഇത്തവണ ബിഗ് ബോസ് നൽകിയത്. 'അകത്തോ പുറത്തോ' എന്നായിരുന്നു ടാസ്ക്കിന്റെ പേര്. ഷോയുടെ ആദ്യം തന്നെ പാവകൾ കൈവശം വച്ചിരിക്കുന്നവർക്കാണ് ടാസ്ക്കിൽ അധികാരം കൂടുതൽ.
അവർക്കായിരിക്കും വീടിനുള്ളിലെ അഢംബര പൂർണ്ണമായ ജീവിതം അനുഭവിക്കാൻ അവകാശം ഉള്ളവരും. പാവകൾ കൈവശം ഇല്ലാത്തവർക്ക് വീടിനുള്ളിൽ കയറാനോ അതിനുള്ളിലെ സൗകര്യങ്ങൾ അനുഭവിക്കാനോ സാധിക്കുകയില്ല എന്നതായിരുന്നു ബിഗ് ബോസിന്‍റെ നിര്‍ദ്ദേശം.
പാവകൾ കൈവശം വച്ചിരുന്ന റോൺസൺ, നവീൻ, ഡോ. റോബിൻ, ബ്ലെസ്ലി, ലക്ഷ്മി പ്രിയ എന്നിവർ ഒഴികെ ബാക്കിയെല്ലാവരും വീടിന് പുറത്തേക്ക് പോയി. ക്യാപ്റ്റനായ അശ്വിനും വീടിനകത്തുണ്ടായിരുന്നു. എന്നാൽ ആഹാരം കഴിക്കുന്നതിന് വേണ്ടി മാത്രം വലിയ പാവ ബ്ലെസ്ലി ഡെയ്സിക്ക് കൈമാറി.
എന്നാൽ ഗെയിം ഗെയിമായി എടുത്ത ഡെയ്സി പാവ തിരികെ കൊടുക്കില്ലെന്നും അറിയിച്ചു. അതിന്‍റെ അവകാശം ഡെയ്സിക്ക് ആയിരിക്കുമെന്ന് ബിഗ് ബോസും അറിയിക്കുക ആയിരുന്നു. പിന്നാലെ ബ്ലെസ്ലി കാണിച്ച പ്രവൃത്തിയെ അഭിനന്ദിച്ച് മറ്റ് മത്സരാർത്ഥികൾ രംഗത്തെത്തി.
ബ്ലെസ്ലിയുടെ നല്ല മനസ്സ് മനസ്സിലാക്കിയ റോൺസൺ ബ്ലെസ്ലിക്ക് ഭക്ഷണം കഴിക്കുന്നതിനായി തന്‍റെ പാവ വിട്ടു നൽകുകയും ചെയ്തു. ലക്ഷ്മി പ്രിയക്കെതിരെ സുചിത്രയും ധന്യയും റോൺസണും അടക്കമുള്ളവര്‍ നടത്തുന്ന ചര്‍ച്ചകളും ഇന്നലത്തെ എപ്പിസോഡിന് നിറം നല്‍കി.
ഇവിടെ പ്രത്യേകിച്ച് ലീഡർഷിപ്പ് ആർക്കെങ്കിലും കൊടുത്തിട്ടുണ്ടോ. നമ്മൾ തെരഞ്ഞെടുത്ത ക്യാപ്റ്റൻ അല്ലാണ്ട് ആർക്കെങ്കിലും ? ആർക്കെങ്കിലും ലീഡർഷിപ്പ് എടുക്കുന്നതായിട്ട് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ ? എന്നിങ്ങനെ സുചിത്രയുടെ ആവലാതികള്‍ മറ്റ് മത്സരാര്‍ത്ഥികളുടെ ആശങ്കകള്‍ തന്നെയായിരുന്നു.
ലക്ഷ്മിയായിരുന്നു സുചിത്രയുടെ ടാര്‍ഗറ്റ് എന്നത് മറ്റുള്ളവര്‍ക്കും വ്യക്തം. അത് നമ്മൾ കാര്യമാക്കേണ്ടതില്ലാ എന്നായിരുന്നു സുചിത്രയോട് റോൺസണും ധന്യയും മറുപടി പറഞ്ഞത്. ഈ വിഷയത്തിലും ഇന്നലെ ശ്രദ്ധേയമായ പ്രതികരണങ്ങള്‍ നടന്നു.
വീക്കിലി ടാസ്ക്കിന്‍റെ ബാക്കിയായി പാവകളുമായി വീടിന് അകത്തുള്ളവര്‍ക്ക് പുറത്തുള്ള രണ്ട് പേരെ തെരഞ്ഞെടുക്കാനുള്ള അവസരം ബിഗ് ബോസ് നല്‍കി. തെരഞ്ഞെടുക്കാനുള്ള കാരണവും പറയണമായിരുന്നു.
ശാലിനിയെയും അഖിലിനെയുമാണ് പ്രത്യേക അധികാരമുള്ള പാവ കൈവശമുള്ളവര്‍ തെരഞ്ഞെടുത്തത്. പാവ നേടാനുള്ള അവസരം അവര്‍ക്ക് കിട്ടിയില്ലെന്നും ഒരു ആണും പെണ്ണും തമ്മിലുള്ള മത്സരം നടക്കണമെന്നുള്ള കാരണവുമാണ് അവര്‍ ചൂണ്ടിക്കാട്ടിയത്.
വീക്കിലി ടാസ്ക്കിന്‍റെ മൂന്നാം ഘട്ടത്തിലാണ് വീടിന് അകത്ത് കയറാനായി ശാലിനിയും അഖിലും തമ്മിലുള്ള മത്സരം നടന്നത്. 'പൊളിക്കും തളിക' എന്നായിരുന്നു ടാസ്ക്കിന്റെ പേര്. ആക്ടിവിറ്റി ഏരിയയില്‍ രണ്ട് സ്റ്റാന്‍ഡുകള്‍ തയാറാക്കിയിരുന്നു. ഓരോ സ്റ്റാന്‍ഡിലും അഞ്ച് തട്ടുകളാണ് ഉണ്ടായിരുന്നത്.
ഉള്‍ഭാഗത്ത് മുകളിലോട്ടും താഴോട്ടും വലിച്ച് വിടാനുള്ള കയറും നല്‍കിയിരുന്നു. അതിന്‍റെ അഗ്ര ഭാഗത്ത് മണല്‍ നിറച്ച ബാഗും വച്ചിരുന്നു. ബസര്‍ ശബ്ദം കേള്‍ക്കുമ്പോള്‍ മണല്‍ നിറച്ച ബാഗില്‍ ബന്ധിപ്പിച്ചിട്ടുള്ള കയറില്‍ വലിച്ച് വിട്ട് സ്റ്റാന്‍ഡിലെ തട്ടുകള്‍ തകര്‍ക്കുകയായിരുന്നു ടാസ്ക്ക്.
ശാലിനി മികച്ച നിലയില്‍ പോരാടിയെങ്കിലും ടാസ്ക്കില്‍ അഖില്‍ ആണ് വിജയം നേടിയത്. വീടിനുള്ളിലേക്ക് കയറാനുള്ള അനുമതിയും അഖിലിന് ലഭിച്ചു. അിനിടെ വീടിന് അകത്ത് കയറാനുള്ളവരെ തെരഞ്ഞെടുക്കുന്ന രീതി ബിഗ് ബോസ് പരിഷ്കരിച്ചു.
പുറത്തുള്ളവര്‍ക്ക് അകത്തേക്ക് പോകാനുള്ളവരെ തെരഞ്ഞെടുക്കാമെന്നും അതിനുള്ള കാരണം പറയാനുമാണ് ബിഗ് ബോസ് നിര്‍ദേശിച്ചത്. അടുക്കളയിലെ കാര്യങ്ങള്‍ നന്നായി നടക്കാന്‍ റോണ്‍സനും ശാലിനിയും സൂരജുമെല്ലാം ലക്ഷ്മിപ്രിയയുടെയും സുചിത്രയുടെയും പേര് പറഞ്ഞതോടെ പാവ കൈവശമുള്ള ഡെയ്സി ഇടപെട്ടു.
കുക്കിംഗ് ചെയ്യാനാണേല്‍ അവരുടെ ആവശ്യമില്ലെന്നും അവസരങ്ങള്‍ ലഭിക്കാത്തവരെ തെരഞ്ഞെടുക്കണമെന്നുമായിരുന്നു ഡെയ്‍സിയുടെ വാദം. എന്നാല്‍, ഒടുവില്‍ പുറത്തുള്ളവര്‍ ചേര്‍ന്ന് ലക്ഷ്മിപ്രിയയെയും സുചിത്രയെയും തന്നെ തെരഞ്ഞെടുത്തു.
ലക്ഷ്മിപ്രിയ കൂടുതല്‍ അധികാരം കാണിക്കുന്നുവെന്നുള്ള പരാതികള്‍ പേരുകള്‍ തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ജാസ്മിനും ഡെയ്സിയും നിമിഷയും ചേര്‍ന്ന് ചര്‍ച്ച ചെയ്യുകയും ചെയ്തത് ബിഗ് ബോസിലെ അസ്വാസ്ഥ്യങ്ങള്‍ മറനീക്കി പുറത്ത് വരുന്നതിന്‍റെ സൂചനയായി.
ആ ചെറുതിനെ പിടിച്ച് തറയില്‍ അടിക്കേണ്ട സമയമായെന്ന് ഡെയ്സിയുടെ പേര് പറയാതെ ലക്ഷ്മിപ്രിയയും സുചിത്രയുമായുള്ള ചര്‍ച്ചയ്ക്കിടെ റോണ്‍സന്‍ പറഞ്ഞു. ഡെയ്സി വിഷമാണെന്നായിരുന്നു പേര് പറയാതെ തന്നെയുള്ള ലക്ഷ്മിയുടെ പ്രതികരണം.
ഇതിന് ശേഷവും ജാസ്മിനും ഡെയ്സിയും നിമിഷയും ചേര്‍ന്ന് ലക്ഷ്മിപ്രിയ കൂടുതല്‍ അധികാരം കാണിക്കുന്നുവെന്ന വിഷയം ചര്‍ച്ച ചെയ്തു. മത്സരാര്‍ഥികളായ 17 പേരും തുല്യരാണെന്ന വാദമാണ് നിമിഷ ഉന്നയിച്ചത്.
എല്ലാവര്‍ക്കും ലക്ഷ്മിയെ പേടിയാണെന്നും അവര്‍ ഗെയിം പ്ലാനര്‍ ആണെന്നും ചര്‍ച്ചയില്‍ അഭിപ്രായമുണ്ടായി. എന്‍റെ മക്കളെ എന്ന് പറഞ്ഞ് ലക്ഷ്മിപ്രിയ അമ്മയുടെ റോള്‍ ഏറ്റെടുത്തെന്നും ജാസ്മിന്‍ പറഞ്ഞു.
വീടിന് അകത്തേക്ക് പോകുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട സുചിത്രയും ലക്ഷ്മിപ്രിയയും തമ്മിലുള്ള മത്സരം ഏറെ ആവേശഭരിതമായിരുന്നു. ആക്ടിവിറ്റി ഏരിയയില്‍ വെല്‍ക്രോയില്‍ ബന്ധിപ്പിച്ച രണ്ട് മുളവടികളും കാലിയായ ബാസ്ക്കറ്റുകളും വച്ചിരുന്നു.
എതിര് വശത്ത് രണ്ട് നിറങ്ങളിലുള്ള ബോളുകള്‍ നിറച്ച രണ്ട് ബാസ്ക്കറ്റുകളുമുണ്ടായിരുന്നു. മത്സരിക്കുന്നവര്‍ കണങ്കാലിന്റെ പിന് വശത്തായി മുളവടികള്‍ ബന്ധിപ്പിക്കണം.
ബസര്‍ ശബ്ദം കേള്‍ക്കുമ്പോള്‍ എതിര്‍വശത്തെ ബാസ്ക്കറ്റില് നിന്ന് ബോളുകള്‍ ശേഖരിച്ച് കാലിയായ ബാസ്ക്കറ്റില് നിക്ഷേപിക്കുക എന്നതായിരുന്നു ടാസ്ക്ക്.
ലക്ഷ്മിപ്രിയയും സുചിത്രയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ബോളുകള്‍ ശേഖരിച്ച് എതിര് വശത്ത് എത്തിച്ച് സുചിത്ര വിജയം നേടി. ബിഗ് ബോസ് സീസണ് 4ലെ ആദ്യ വീക്കലി ടാസ്ക്കിനും ഇതോടെ സമാപനമായി.