'ചീരു ബാക് ടു ജോയ്ൻ'; കുഞ്ഞതിഥിയുടെ ചിത്രം പങ്കുവച്ച് അർജുൻ സർജ
മേഘ്ന രാജ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്ന വാർത്ത വളരെയധികം സന്തോഷത്തോടെ വരവേൽക്കുകയാണ് ആരാധകരും സുഹൃത്തുക്കളും. ചിരഞ്‍ജീവിയുടെ മരണം ഉള്‍ക്കൊള്ളാൻ ഇനിയും കുടുംബത്തിന് കഴിഞ്ഞില്ലെങ്കിലും കുഞ്ഞിന്റെ ജനനം ആശ്വാസം പകരുന്നതാണ്. ഇപ്പോഴിതാ കുഞ്ഞിന്റെ ചിത്രം പങ്കുവയ്ക്കുകയാണ് ചിരഞ്‍ജീവിയുടെ അമ്മാവനും നടനുമായ അർജുൻ സർജ.
കുഞ്ഞതിഥി എത്തിയ സന്തോഷം നേരില്‍ അനുഭവിക്കാന്‍ അര്‍ജുന് കഴിഞ്ഞിരുന്നില്ല. വീഡിയോ കോളിലൂടെയായിരുന്നു താരം കുഞ്ഞിനെ കണ്ടത്. വീഡിയോ കോളിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അര്‍ജുനും കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. 'ചീരു ബാക് ടു ജോയ്ൻ' എന്ന കുറിപ്പോടെയാണ് അർജുൻ ചിത്രം പങ്കുവച്ചിരിക്കുന്നത്.
കാത്തിരിപ്പിനൊടുവിലായെത്തിയ കുഞ്ഞിനെ ഏറ്റുവാങ്ങിയത് ധ്രുവ സര്‍ജയായിരുന്നു. ആശുപത്രി റൂമില്‍ ചിരഞ്ജീവി സര്‍ജയുടെ ഫോട്ടോ വെച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നസ്രിയ നസീമും അനന്യയുമുള്‍പ്പടെയുള്ള താരങ്ങളും ജൂനിയര്‍ ചിരുവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു.
ചിരഞ്‍ജീവി മരിക്കുമ്പോള്‍ നാല് മാസം ഗര്‍ഭിണിയായിരുന്നു മേഘ്‍ന എന്നത് ഏറെ സങ്കടത്തിലാക്കിയ വാര്‍ത്തയായിരുന്നു. ഒക്ടോബര്‍ 22ന്, എല്ലാവരും കാത്തിരുന്ന ആ കുഞ്ഞ് ജനിച്ചു. പ്രത്യേകതയുള്ള ഒരു ദിവസമാണ് കുഞ്ഞ് ജനിച്ചതെന്നാണ് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഒരു ഒക്ടോബര്‍ 22നായിരുന്നു ചിരഞ്‍ജീവി സര്‍ജയും മേഘ്‍ന രാജിന്റെയും വിവാഹം ഉറപ്പിച്ചിരുന്നത്. അതേസമയം, ചിരഞ്‍ജീവി സര്‍ജയുടെ പുനര്‍ജന്മമാണ് കുഞ്ഞെന്നാണ് ആരാധകര്‍ കരുതുന്നത്.