ഷാരൂഖിന്‍റെ വീട്ടില്‍ അതിഥികളാവാം, അപൂര്‍വ്വ അവസരം; ആഡംബര വസതിയുടെ ചിത്രങ്ങള്‍
ഷാരൂഖും ഭാര്യയും ഇന്‍റീരിയര്‍ ഡീസൈനറുമായ ഗൌരിയുടേയും ആദ്യത്തെ വീട്ടിലേക്കാണ് അതിഥികള്‍ക്ക് അപൂര്‍വ്വ അവസരമൊരുങ്ങുന്നത്. 2021 ഫെബ്രുവരി 13 ന് ഒരു ദിവസത്തേക്കാണ് വീട് ലഭ്യമാവുക. നവംബര്‍ 30 വരെയാണ് അതിനായി അപേക്ഷകരെ തേടുന്നത്. അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെ ഡിസംബര്‍ 15ന് പ്രഖ്യാപിക്കും
ദില്ലിയിലെ വീട്ടിലേക്ക് അതിഥികളെ തേടി ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. ഷാരൂഖും ഭാര്യയും ഇന്‍റീരിയര്‍ ഡീസൈനറുമായ ഗൌരിയുടേയും ആദ്യത്തെ വീടാണ് എയര്‍ ബിഎന്‍ബിയില്‍ അതിഥികളെ തേടുന്നത്.
ദക്ഷിണ ദില്ലിയിലെ പഞ്ച്ശീല്‍ പാര്‍ക്കിന് സമീപത്താണ് ഈ വീടുള്ളത്. ഏറെക്കാലമായി മുംബൈയിലാണ് കുടുംബ സമേതം ഷാരൂഖ് താമസിക്കുന്നത്. എന്നാല്‍ താരദമ്പതികള്‍ക്ക് ഏറെ നൊസ്റ്റാള്‍ജിയ ഉള്ളയിടമാണ് ഈ വീടെന്നാണ് ഗൌരി ഖാന്‍ എയര്‍ ബിഎന്‍ബിയോട് പ്രതികരിച്ചത്.
ദില്ലിയില്‍ സന്ദര്‍ശിക്കുമ്പോഴെല്ലാം ഷാരൂഖും കുടുംബവും താമസിക്കുന്നതും ഇവിടെയാണ്. പലയിടങ്ങളിലും സന്ദര്‍ശിക്കുന്നതിനിടയില്‍ ശേഖരിച്ച വസ്തുക്കളും ഷാരൂഖിന്‍റേയും മക്കളുടേയും അപൂര്‍വ്വ ചിത്രങ്ങളുമെല്ലാം ഉപയോഗിച്ചാണ് ഗൌരി ഈ വീടിന്‍റെ ഇന്‍റീരിയര്‍ തയ്യാറാക്കിയിട്ടുള്ളത്.
ദമ്പതികള്‍ എന്ന നിലയിലും കുടുംബമെന്ന നിലയിലും തങ്ങളുടെ ആദ്യ കാലത്തിന്‍റെ പ്രതിഫലനമായാണ് ഗൌരി ഈ വീടിനെ കാണുന്നത്. 2021 ഫെബ്രുവരി 13 ന് ഒരു ദിവസത്തേക്കാണ് വീട് ലഭ്യമാവുക.
നവംബര്‍ 30 വരെ എയര്‍ ബിഎന്‍ബിയുടെ സൈറ്റിലൂടെ ഷാരൂഖ് ആരാധകര്‍ക്ക് ഈ അപൂര്‍വ്വ അവസരത്തിനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകരില്‍ നിന്ന് ഗൌരിയും എയര്‍ ബിഎന്‍ബിയും തെരഞ്ഞെടുക്കുന്ന വിജയിക്കാണ് ഈ വീട്ടില്‍ ഒരു ദിവസം ചെലവിടാനാവുക.
ഡിസംബര്‍ 15നാണ് ഈ വിജയിയെ പ്രഖ്യാപിക്കുക. വിജയി അടക്കമുള്ള രണ്ട് പേര്‍ക്കാണ് ഇവിടെ താമസിക്കാനാവുക. താമസ സമയത്ത് ആഡംബരകാറില്‍ ദില്ലി കറങ്ങാനും അവസരമുണ്ട്. ഷാരൂഖ് കുടുംബത്തിന്റെ പ്രിയപ്പെട്ട ഭക്ഷണത്തിനൊപ്പം താരങ്ങളുടെ സന്ദേശവും താമസക്കാര്‍ക്ക് ലഭിക്കും.