സന ഖാന്‍ 'അടുത്ത സോഫിയ ഹയാത്ത്' എന്ന് ട്രോളുകള്‍; പ്രതികരണവുമായി സോഫിയ
First Published Nov 25, 2020, 12:46 PM IST
നടിയും മോഡലുമായ സന ഖാന്‍ സിനിമാജീവിതം അവസാനിപ്പിക്കാനെടുത്ത തീരുമാനം ചര്‍ച്ച സൃഷ്ടിച്ചിരുന്നു. ആത്മീയജീവിതത്തിന് പ്രാധാന്യം കൊടുക്കാനായാണ് ഈ തീരുമാനമെന്നായിരുന്നു സന ഖാന്‍റെ വിശദീകരണം. ദിവസങ്ങള്‍ക്കു മുന്‍പ് സനാ ഖാന്‍ വിവാഹിതയായപ്പോള്‍ അവരുടെ മുന്‍തീരുമാനം സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായി. അവരുടെ നിലപാടിനെ പരിഹസിക്കുന്ന ട്രോളുകളും ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ എത്തി. ആത്മീയജീവിതത്തിന് പ്രാധാന്യം കൊടുക്കാന്‍ തീരുമാനിച്ച സന ഖാനെ പലരും താരതമ്യപ്പെടുത്തിയത് ഗായികയും നടിയുമായ സോഫിയ ഹയാത്തുമായിട്ടായിരുന്നു. വിനോദവ്യവസായമേഖല വിട്ട് 2016ല്‍ കന്യാസ്ത്രീ ആവാനുള്ള തീരുമാനം അവര്‍ എടുത്തിരുന്നു. ഗയ സോഫിയ മദര്‍ എന്ന പേരും സ്വീകരിച്ചു. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം കന്യാസ്ത്രീ വസ്ത്രം ഉപേക്ഷിച്ച അവര്‍ റൊമേനിയന്‍ ഇന്‍റീരിയര്‍ ഡിസൈനര്‍ ആയ വ്ളാദ് സ്റ്റാനെസ്ക്യുവിനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. 2018ല്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തു. ഇപ്പോള്‍ സന ഖാനെ താനുമായി താരതമ്യം ചെയ്ത് പരിഹസിക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഹയാത്ത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അവരുടെ പ്രതികരണം.

വ്യാജ ആത്മീയവാദികള്‍ക്കെതിരെ നിലകൊള്ളുക എന്ന തലക്കെട്ടോടെയാണ് സോഫിയയുടെ കുറിപ്പ്. "മാധ്യമ വാര്‍ത്തകളിലേക്ക് എന്‍റെ പേര് വീണ്ടും എത്തിയിരിക്കുകയാണ്. നിങ്ങളെ വിധിക്കാനുള്ള അവകാശമുണ്ടെന്ന് ട്രോള്‍ നിര്‍മ്മാതാക്കള്‍ ചിന്തിക്കുമ്പോള്‍ സനയെയും എന്നെയും പോലെയുള്ളവര്‍ക്കൊപ്പം നില്‍ക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്.."

"ഇടുങ്ങിയ മനസുള്ളവര്‍ ആരെയെങ്കിലും കുറിച്ച് വിധി കല്‍പ്പിക്കുകയോ ട്രോള്‍ ചെയ്യുകയോ ചെയ്യുമ്പോള്‍ ഇരയാക്കപ്പെടുന്നവര്‍ക്കുവേണ്ടി നിലപാട് എടുക്കണം. എന്താണ് ശരിയെന്ന് ട്രോളുകള്‍ നിശ്ചയിക്കുന്ന സ്ഥിതി നമ്മള്‍ ഉണ്ടാക്കരുത്", സോഫിയ കുറിച്ചു.
Post your Comments