രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍...
ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കം വളരെ ആവശ്യമാണ്. വേണ്ടത്ര ദൈര്‍ഘ്യമുള്ള ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം. ഭക്ഷണത്തിലെ ചില പോഷകങ്ങള്‍ ഉറക്കത്തെ ബാധിച്ചേക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഭക്ഷണക്രമത്തില്‍ ചിലത് കൂടുതലായി ഉള്‍പ്പെടുത്തുകയും സ്ഥിരമായി കഴിക്കുകയും ചെയ്താല്‍ ഉറക്കക്കുറവ് പരിഹരിക്കാം. രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഒരു ഗ്ലാസ് പാല് രാത്രി കുടിക്കുന്നത് ഉറക്കം ലഭിക്കാന്‍ സഹായിക്കും. പാലിലുള്ള കാത്സ്യമാണ് ഉറക്കം കിട്ടാനുള്ള കാരണം. ഉറക്കത്തെ സഹായിക്കുന്ന 'മെലാറ്റോണിന്‍' എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന 'ട്രിപ്റ്റോഫാനെ' തലച്ചോറിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനമാണ് കാത്സ്യം ചെയ്യുന്നത്.
രാത്രിയില്‍ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിലെ പേശികളെ വിശ്രമിക്കാന്‍ സഹായിക്കും. ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ളതാണ് നേന്ത്രപ്പഴം. പൊട്ടാസ്യവും മഗ്നീഷ്യവും ശരീരം ആയാസരഹിതമാക്കി ഉറക്കത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഇത് മസ്തിഷ്കത്തിലെ ഉഷ്ണനില താഴ്ത്തി നിര്‍ത്തുന്നതിനും ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും നേന്ത്രപ്പഴം സഹായിക്കും.
ശരീരത്തില്‍ മഗ്നീഷ്യം അളവ് കുറയുമ്പോള്‍ ചിലരില്‍ ഉറക്കക്കുറവ് അനുഭവപ്പെടാം. മഗ്നീഷ്യം നല്ല അളവില്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. നല്ലരീതിയില്‍ ഉറങ്ങാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം.
ഓട്സിൽ ഫൈബര്‍ , വിറ്റാമിന്‍ ബി എന്നിവ കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്. ഗോതമ്പിൽ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക് എന്നിവയും ഓട്സില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഓട്സ് ഉറക്കത്തിന് വളരെ നല്ലതാണ്.
ഉയര്‍ന്ന ആന്റിഓക്സിഡന്റ് അളവുകളുള്ള ഒരു പഴമാണ് കിവി. നിരവധി ആരോഗ്യ ആനുകൂല്യങ്ങള്‍ നല്കുന്ന അതേ ആന്റിഓക്സിഡന്റിന്റെ കഴിവ് ഉറക്കത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും.
രാത്രി ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വയറുനിറച്ച് ചോറ് കഴിക്കുന്നത് പെട്ടെന്ന് ഉറക്കം വരാന്‍ സഹായിക്കും. പക്ഷേ അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. വെള്ള അരിയേക്കാള്‍ നാരുകള്‍ കൂടുതല്‍ അടങ്ങിയ ചുവന്ന അരി ഭക്ഷിക്കുന്നതാണ് മെറ്റബോളിസത്തിന് ഉത്തമം.