അഹമ്മദാബാദിന് തിലകക്കുറിയാകാന്‍ ഒരു നടപ്പാലം; നാളെ രാജ്യത്തിന് സമര്‍പ്പിക്കും
ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം അഹമ്മദാബാദിലെ സബര്‍മതി റിവര്‍ഫ്രണ്ടിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. എല്ലിസ് പാലത്തിനും സര്‍ദാര്‍ ബ്രിഡ്ജിനും ഇടയില്‍ ഒരു ഫുട്ട് ഓവര്‍ ബ്രിഡ്ജൂ കൂടി നിര്‍മ്മാണം കഴിഞ്ഞു. സബർമതി റിവർ ഫ്രണ്ടിന്‍റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന 300 മീറ്റർ നീളമുള്ള ഈ പാലം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. ഈ പാലം മൾട്ടി ലെവൽ കാർ പാർക്കിങ്ങിലേക്കും കിഴക്കും പടിഞ്ഞാറുമുള്ള ഇരുകരയിലെ വിവിധ പൊതു വികസനങ്ങളിലേക്കും വെസ്റ്റ് ബാങ്കിലെ ഫ്ലവർ പാർക്കിനും ഇവന്‍റ് ഗ്രൗണ്ടിനും ഇടയിലുള്ള പ്ലാസയിൽ നിന്ന് ഈസ്റ്റ് ബാങ്കിലെ നിർദ്ദിഷ്ട കല / സാംസ്കാരിക / പ്രദർശന കേന്ദ്രത്തിലേക്കുള്ള വഴി തുറക്കുന്നു. സാങ്കേതികമായും ദൃശ്യപരമായും അതിന്‍റെ രൂപകൽപ്പനയിൽ അതുല്യമായ പാലം നദീതീരത്തിന്‍റെയും നഗരത്തിന്‍റെയും പദവി വർദ്ധിപ്പിക്കുകയും ഒരു എഞ്ചിനീയറിംഗ് അത്ഭുതമായി മാറുകയും ചെയ്യുമെന്ന് കരുതുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നടപ്പാലം നാളെ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.
1960-കളിൽ ധരോയ് അണക്കെട്ട് മുതൽ കാംബെ ഉൾക്കടൽ വരെ വ്യാപിച്ചുകിടക്കുന്ന സബർമതി തടത്തിൽ ഒരു പാരിസ്ഥിതിക താഴ്‌വര എന്ന ആശയം ഉയര്‍ത്തുന്നത് ഫ്രഞ്ച് വാസ്തുശില്പിയായ ബെർണാഡ് കോന്‍ ആണ്. എന്നാല്‍, താന്‍ നിര്‍ദ്ദേശിച്ച പ്രകാരമല്ല പദ്ധതി നിര്‍വഹണം എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം പദ്ധതിയില്‍ നിന്നും പിന്നീട് വിട്ട് നിന്നു.
പിന്നീട് പലപ്പോഴായി പദ്ധതി ഇഴഞ്ഞിഴഞ്ഞ് മുന്നോട്ട് നീങ്ങി. ഒടുവില്‍ 1997 മെയ് മാസത്തില്‍ നദീതീര വികസനത്തിനായി ഒരു കോടി രൂപയുടെ ധനസഹായം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. തുടര്‍ന്ന് ബിമൽ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള പരിസ്ഥിതി ആസൂത്രണ സഹകരണ സംഘം 1998-ൽ സാധ്യതാ റിപ്പോർട്ട് തയ്യാറാക്കി.
സുഭാഷ് പാലം മുതൽ വാസ്‌ന ബാരേജ് വരെയുള്ള 10.4 കിലോമീറ്റർ നീളത്തിൽ 162 ഹെക്ടർ തിരിച്ചുപിടിച്ച് നദീമുഖം നിർമിക്കാനായിരുന്നു ആദ്യം നിർദേശം. 2003-ൽ, പദ്ധതി 11.25 കിലോമീറ്റർ ദൂരത്തേക്ക് വ്യാപിപ്പിക്കുകയും 202.79 ഹെക്ടർ വീണ്ടെടുക്കുകയും ചെയ്തു.
1,200 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക്, വീണ്ടെടുക്കപ്പെട്ട ഭൂമിയുടെ ഒരു ഭാഗം വാണിജ്യ, പാർപ്പിട ആവശ്യങ്ങൾക്കായി വിറ്റ് പണം കണ്ടെത്താനുള്ള ശ്രമങ്ങളും നടന്നു. ഇതിനായി ബിമൽ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള എച്ച്‌സിപി ഡിസൈൻ, പ്ലാനിംഗ് ആൻഡ് മാനേജ്‌മെന്‍റ് പ്രൈവറ്റ് ലിമിറ്റഡാണ് പദ്ധതിയുടെ പ്രധാന ശില്പിയായി തെരഞ്ഞെടുക്കപ്പെട്ടത്.
ജലനിരപ്പ്, വെള്ളപ്പൊക്കം, കുടിയൊഴിപ്പിക്കപ്പെട്ട ചേരി നിവാസികളുടെ പുനരധിവാസം, ചേരി പുനരധിവാസവുമായി ബന്ധപ്പെട്ട പ്രവർത്തകരുടെ എതിർപ്പ് തുടങ്ങി പ്രാദേശിക ജനങ്ങളില്‍ നിന്നുണ്ടായ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതിക്ക് നിരവധി തവണ കാലതാമസം നേരിട്ടു.
ഒടുവില്‍ 2005-ൽ പദ്ധതി നിർമ്മാണം ആരംഭിച്ചു. 900 കോടി രൂപ ചെലവിൽ ഹെവി എൻജിനീയറിങ്, ലാൻഡ് റിക്ലേമേഷൻ, സീവേജ് സിസ്റ്റം എന്നിവ പൂർത്തിയാക്കി. ഇരു കരകളിലുമായി 11.5 കിലോമീറ്റർനീളമുള്ള താഴ്ന്ന പ്രൊമെനേഡുകളും പൂർത്തിയായി.ഇതിന്‍റെ ചില ഭാഗങ്ങൾ 2012 ഓഗസ്റ്റ് 15-ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയാണ് അന്ന് ഉദ്ഘാടനം ചെയ്തത്. 2014-ഓടെ മൊത്തം ₹1,152 കോടി പദ്ധതിക്കായി ചെലവഴിച്ചു. 2014 സെപ്റ്റംബർ 17-ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന നരേന്ദ്ര മോദി, ചൈനീസ് നേതാവ് ഷി ജിൻപിങ്ങും ഭാര്യ പെങ് ലിയുവാനും സബർമതി നദീമുഖം സന്ദർശിച്ചിരുന്നു. ഒടുവില്‍, നാളെ ഫുട്ട് ഓവര്‍ ബ്രിഡ്ജൂം രാജ്യത്തിനായി സമര്‍പ്പിക്കപ്പെടുകയാണ്.