അസമില്‍ പ്രളയം; 5,424 ഗ്രാമങ്ങൾ വെള്ളത്തിനടിയില്‍, 2.32 ലക്ഷം അഭയാര്‍ത്ഥികള്‍
തുടർച്ചയായി അഞ്ചാം ദിവസവും ശമനമില്ലാതെ മഴ തുടരുന്നതോടെ അസമിൽ വെള്ളപ്പൊക്കം അതിരൂക്ഷമായി. സംസ്ഥാനത്ത് സാധാരണയേക്കാൾ 104 ശതമാനം കൂടുതൽ മഴയാണ് രേഖപ്പെടുത്തിയത്. മൺസൂൺ കാലത്ത് അസമില്‍ അതിശക്തമായ മഴ അസാധാരണമല്ല. ഇത്തവണ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ സംസ്ഥാനം ഇപ്പോള്‍ അഭിമുഖീകരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അസമിലെ 35 ജില്ലകളിൽ 32 ലും മഴക്കെടുതിയുടെ പിടിയിലായി. ഏതാണ്ട് 47 ലക്ഷം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 പേർ മരിച്ചു. 5,424 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.
കഴിഞ്ഞ ദിവസം 9 പേര്‍ കൂടി മരിച്ചതായി സ്ഥിരീകരിച്ചതോടെ ഈ വർഷം അസമിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 71 ആയി ഉയര്‍ന്നു. എഎൻഐ 82 പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
പ്രളയബാധിത പ്രദേശങ്ങളില്‍ ജില്ലാ ഭരണകൂടം 810 ദുരിതാശ്വാസ ക്യാമ്പുകളും 615 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും സ്ഥാപിച്ചു, 2.32 ലക്ഷത്തിലധികം ആളുകളാണ് ഇവിടെ അഭയതേടിയത്. മനുഷ്യനെ മാത്രമല്ല, മറ്റ് ജീവജാലങ്ങളെയും പ്രളയം സാരമായി ബാധിച്ചു.
കുഷിയറ, ലോംഗൈ, സിംഗ്ല നദികളിൽ നിന്നുള്ള വെള്ളപ്പൊക്കം അസമിലെ കരിംഗഞ്ച് ജില്ലയിലെ പുതിയ പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. പ്രദേശത്ത് നിന്നും 1.34 ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. ജില്ലയിലെ പ്രധാന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
സെൻട്രൽ അസമിലെ നാഗോൺ ജില്ലയിൽ ഞായറാഴ്ച രാത്രി വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ രണ്ട് പൊലീസുകാരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച കണ്ടെടുത്തു. കാമ്പൂർ പൊലീസ് സ്റ്റേഷനിലെ പൊലീസ് സംഘം ഞായറാഴ്ച രാത്രി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.
ഇതിനിടെ സബ് ഇൻസ്‌പെക്ടർ സമുജ്ജൽ കക്കോട്ടിയും കോൺസ്റ്റബിൾ രാജീവ് ബോർഡലോയിയും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോവുകയായിരുന്നെന്ന് അസം പൊലീസ് അറിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
കാസിരംഗ നാഷണൽ പാർക്കിൽ (കെഎൻപി) ഏഴ് ഹോഗ് മാനുകളും ഒരു പുള്ളിപ്പുലിയും മുങ്ങിയും വാഹനമിടിച്ചും ചത്തു. എട്ട് പഹോഗ് മാനുകളെയും ഒരു പെരുമ്പാമ്പും ഉൾപ്പെടെ മറ്റ് പത്ത് മൃഗങ്ങളെ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയതായി കെഎൻപി ഉദ്യോഗസ്ഥർ അറിയിച്ചു.
കനത്ത വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളിൽ ഭക്ഷണവും മറ്റ് ദുരിതാശ്വാസ സാമഗ്രികളും ഹെലികോപ്റ്റര്‍ വഴി എത്തിക്കാന്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നിർദ്ദേശിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കാബിനറ്റ് സഹപ്രവർത്തകരുമായും മുതിർന്ന ജില്ലാ ഓഫീസർമാരുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഹിമന്ത ബിശ്വ ശർമ്മ നിർദ്ദേശം നൽകിയത്. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്നും നടപടിക്രമങ്ങളിലെ കാലതാമസം ചൂണ്ടിക്കാട്ടി കാലതാമസം വരുത്തരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ആരോഗ്യ വകുപ്പിന്‍റെ സ്റ്റാറ്റിക് ടീമുകളെ സജ്ജമായി നിലനിർത്താനും പ്രളയബാധിതർക്കായി സജ്ജീകരിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ ഡോക്ടർമാരുടെ ദൈനംദിന സന്ദർശനം ഉറപ്പാക്കാനും അസം മുഖ്യമന്ത്രി ഡെപ്യൂട്ടി കമ്മീഷണർമാർക്ക് നിർദ്ദേശം നൽകി.
ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുന്നതിന് ആംബുലൻസുകൾ സജ്ജമായി വയ്ക്കാനും നിര്‍ദ്ദേശമുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ച് അസമിലെ വെള്ളപ്പൊക്ക സാഹചര്യം ചർച്ച ചെയ്തു.
അസമിന്‍റെ അയൽ സംസ്ഥാനങ്ങളായ മേഘാലയ, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യൻ ആര്‍മി, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എൻഡിആർഎഫ്), സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ് (എസ്ഡിആർഎഫ്) എന്നിവർ കച്ചാറിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു.
വ്യോമസേന (ഐഎഎഫ്) ഇന്ന് സിൽചറിലേക്ക് ഒരു ലക്ഷം ലിറ്റർ ഡീസലും പെട്രോളും എത്തിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. ഒറാങ് നാഷണൽ പാർക്കിലെയും ടൈഗർ റിസർവിലെയും വെള്ളപ്പൊക്ക സ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 25 ഓളം വേട്ട വിരുദ്ധ ക്യാമ്പുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയി.