യുപി ഭവന് മുന്നില്‍ സംഘര്‍ഷം; കര്‍ഷക സമര നേതാവ് കൃഷ്ണപ്രസാദിന് പൊലീസിന്‍റെ ക്രൂരമര്‍ദ്ദനം
ദില്ലി യുപി ഭവന് മുന്നില്‍, ഇന്നലെ യുപില്‍ നടന്ന സംഭവവികാസങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ ദില്ലി പൊലീസിന്‍റെ ക്രൂരമര്‍ദ്ദനം. ഇന്നലെ ഉത്തര്‍പ്രദേശിലെ (Uttarpradesh) ലഖിംപൂർ ഖേരിയിൽ (lakhimpur Kheri) ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ (Keshav Prasad Maurya) ക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയ കര്‍ഷകര്‍ക്ക് നേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ (Ajaykumar Mishra) മകൻ ആശിഷ് മിശ്ര (Ashish Mishra) വാഹനം ഓടിച്ച് കയറ്റിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒമ്പത് പേര്‍ മരിച്ചിരുന്നു. നാല് പേര്‍ കര്‍ഷകരും ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകനും മൂന്ന് ബിജെപിക്കാരും ഒരു ഡ്രൈവറും ഉള്‍പ്പെടെ ഒമ്പത് പേരാണ് മരിച്ചത്. അക്രമത്തെ തുടര്‍ന്ന് സംഭവസ്ഥലത്തേക്ക് എത്തിച്ചേരാന്‍ ശ്രമിച്ച എല്ലാ പ്രതിപക്ഷ നേതാക്കളെയും യുപി പൊലീസ് പല സ്ഥലങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തു. ഇതേ തുടര്‍ന്ന് ദില്ലി യുപി ഭവന് മുന്നില്‍ കോണ്‍ഗ്രസ് - സിപിഎം - കര്‍ഷക സംഘടനാ നേതാക്കള്‍ എന്നിവര്‍ പ്രതിഷേധിക്കാനായെത്തി. പ്രതിഷേധിക്കാനെത്തിയ നേതാക്കള്‍ക്ക് നേരെ ദില്ലി പൊലീസ് അതിക്രൂരമായ മര്‍ദ്ദനം അഴിച്ച് വിട്ടെന്ന് സമര നേതാക്കള്‍ പറഞ്ഞു. എന്നാല്‍ തന്‍റെ മകന്‍ സംഭവസ്ഥലത്തില്ലായിരുന്നുവെന്ന് അജയ് കുമാർ മിശ്ര പിന്നീട് അവകാശപ്പെട്ടു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ദീപു എം നായര്‍.
കര്‍ഷകരുടെ ശക്തമായ പ്രതിഷേധത്തിനിടെ ആഭ്യന്തര സഹമന്ത്രിയുടെ മകനടക്കം 14 പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഇതോടൊപ്പം കൊലപാതകത്തില്‍ സര്‍ക്കാര്‍ ജുഡീഷണല്‍ അന്വേഷണവും പ്രഖ്യാപിച്ചു. മരിച്ചവര്‍ക്ക് 45 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഇതോടെ മൃതദേഹവുമായുള്ള കര്‍ഷകരുടെ പ്രതിഷേധം അവസാനിപ്പിച്ചു. കൊല്ലപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ അംഗീകരിച്ചെന്നും കര്‍ഷക സംഘടാ നേതാക്കള്‍ അറിയിച്ചു.
കര്‍ഷക സംഘടനാ നേതാവ് കൃഷ്ണപ്രസാദിന് നേരെ ദില്ലി പൊലീസ് അതിക്രൂരമായ മര്‍ദ്ദനമാണ് നടത്തിയത്. സമരസ്ഥലത്ത് നിന്ന് കൊണ്ടുപോകുന്നതിനിടെ പൊലീസ് വാനിന് സമീപത്ത് വച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങളിലൂടെ തത്സമയം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
സമരത്തിനിടെ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയായിരുന്നു കൃഷ്ണപ്രസാദ്. അതിനിടെ യാത്രാരു പ്രകോപനവുമില്ലാതെ ദില്ലി പൊലീസ് കൃഷ്ണപ്രസാദിനെ മര്‍ദ്ദിക്കാന്‍ തുടങ്ങിയത്. മര്‍ദ്ദനത്തെ തുടര്‍ന്ന് പൊലീസ് വാഹനത്തില്‍ നിന്നും വീണ അദ്ദേഹത്തെ പൊലീസ് വീണ്ടും മര്‍ദ്ദിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
യുപി ഭവന് മുന്നില്‍ സമാധാനപരമായി പ്രതിഷേധിച്ച നൂറോളം പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതിനിടെ യുപിയില്‍ ഇന്നലെത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ഷക സംഘം നേതാക്കളും യുപി പൊലീസും സംയുക്തമായി വാര്‍ത്താ സമ്മേളനം നടത്തി.
സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് മൃതദേഹവും വച്ചുള്ള പ്രതിഷേധം അവസാനിപ്പിച്ചതായി കര്‍ഷക നേതാക്കള്‍ അറിയിച്ചത്. കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് യുപി മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞു.
എന്നാൽ എന്താണ് നടന്നതെന്ന് മനസ്സിലാക്കാതെയുള്ള പ്രചാരണം അനുവദിക്കാൻ കഴിയില്ലെന്നും ആദിത്യനാഥ് പറഞ്ഞു. മകനെ വധിക്കാനുള്ള ഗുഡാലോചനയാണ് നടന്നതെന്ന് കേന്ദ്രമന്ത്രിയും സ്ഥലം എംപിയുമായ അജയ് മിശ്രയും പ്രതികരിച്ചു.
പ്രതിപക്ഷം ഒറ്റക്കെട്ടായി ലഖിംപുർ ഖേരിയിലെ സംഭവം ആയുധമാക്കുകയാണ്. കേന്ദ്ര മന്ത്രിയുടെ മകൻ വാഹനം ഓടിച്ചു കയറ്റി എന്ന ആരോപണം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഒരു പോലെ തിരിച്ചടിയാകുകയാണ്.
പ്രത്യേകിച്ചും കര്‍ഷക സമരത്തിനെതിരെ പ്രസ്ഥാവനയിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്തരമൊരു അപകടം ബിജെപിയെ പ്രതിരോധത്തിലാക്കി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടില്‍ പ്രശ്നം കുടുതല്‍ വഷളാക്കുന്നതിന് ബിജെപിക്ക് താത്പര്യമില്ല. മാത്രമല്ല, പ്രശ്നം ലഘൂകരിച്ചില്ലെങ്കില്‍ അത് തെരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്നും ബിജെപി ഭയക്കുന്നു.
അതിനിടെ ഇന്ന് കര്‍ഷക സമരവുമായി ബന്ധപ്പെട്ട് രണ്ട് ഹര്‍ജികളില്‍ സുപ്രീം കോടതി വാദം കേട്ടു. ആദ്യത്തെത്ത് കര്‍ഷകര്‍ക്ക് ദില്ലി ജന്ദര്‍മന്ദിറില്‍ പ്രതിഷേധിക്കാന്‍ അവസരം നല്‍കണമെന്നായിരുന്നു. രണ്ടാമത്തെതാകട്ടെ കര്‍ഷക സമരത്തിന്‍റെ ഭാഗമായി ദില്ലി സംസ്ഥാനാതിര്‍ത്തികളില്‍ നടക്കുന്ന റോഡ് ഉപരോധത്തിനെതിരെയായിരുന്നു.
ജന്ദര്‍മന്ദിറില്‍ പ്രതിഷേധിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് കിസാന്‍ മഹാപഞ്ചായത്താണ്. ജസ്റ്റിസ് എ എന്‍ ഖാന്‍വേല്‍ക്കര്‍ അധ്യക്ഷമായ ബഞ്ച് വാദം കേള്‍ക്കവേ , കാര്‍ഷിക നിയമങ്ങള്‍ സുപ്രിംകോടതി മരവിപ്പിച്ചെന്നും പിന്നെന്തിനാണ് ഇപ്പോഴത്തെ സമരമെന്നും ചോദിച്ചു.
സുപ്രീംകോടതിയുടെ ആവശ്യത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വിവാദമായ നിയമങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണ്. മാത്രമല്ല, കര്‍ഷിക നിയമങ്ങളെ കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെയും നിയോഗിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ എന്തിനാണ് കര്‍ഷകര്‍ സമരം തുടരുന്നതെന്ന് സുപ്രീം കോടതി ആരാഞ്ഞു.
മാത്രമല്ല. ഇത്തരം സമരങ്ങളെ തുടര്‍ന്ന് പലപ്പോഴും അക്രമങ്ങളും ഉണ്ടാകുന്നു എന്നാല്‍ ആരും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്നലെ സംഭവങ്ങള്‍ ഏറെ ദൌര്‍ഭാഗ്യകരമായിപ്പോയെന്ന് അന്‍റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ അറിയിച്ചു.
അടുത്ത വര്‍ഷം യുപിയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന പ്രചാരണത്തിനായി എത്തിയതായിരുന്നു ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യ. തന്‍റെ മണ്ഡലത്തിലെ ഉപമുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് സ്വീകരിക്കാനെത്തിയതായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ അജയ് കുമാർ മിശ്ര.
നേരത്തെ അജയ് കുമാര്‍ മിശ്രയും മകന്‍ ആശിഷ് മിശ്രയും കര്‍ഷക സമരത്തെ അവഹേളിച്ച് സംസാരിച്ചിരുന്നു. വെറും പതിനഞ്ച് പേര്‍ നടത്തുന്ന സമരമാണ് കര്‍ഷക സമരമെന്നും അതെങ്ങനെ അവസാനിപ്പിക്കാമെന്ന് അറിയാമെന്നുമായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി പറഞ്ഞത്.
അതിന് തൊട്ട് പിന്നാലെയാണ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യയുടെ മണ്ഡല സന്ദര്‍ശനം. കേശവ് പ്രസാദ് മൌര്യയുടെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ തീരുമാനിച്ച കൃഷിയിടം കര്‍ഷകര്‍ വളഞ്ഞു. ഇതോടെ റോഡ് മാര്‍ഗ്ഗം മണ്ഡലത്തിലെത്താനായി മൌര്യയുടെ ശ്രമം.
എന്നാല്‍ റോഡില്‍ നിന്നിരുന്ന കര്‍ഷകര്‍ ഇരുവശത്ത് നിന്നും ബിജെപി റാലിക്ക് നേരെ കരിങ്കൊടി വീശി. ഇതിനിടെയാണ് ഒരു കാര്‍ കര്‍ഷകരുടെ ഇടയിലേക്ക് ഇടിച്ച് കയറിയത്. ഇതിനെ തുടര്‍ന്ന് നാല് കര്‍ഷകര്‍ മരിച്ചു.
അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപിക്കാര്‍ സഞ്ചരിച്ചിരുന്ന രണ്ട് എസ്‍യുവികള്‍ കര്‍ഷകര്‍ അക്രമിച്ച് തീ വെച്ചു. ഇതില്‍ ഒരു വണ്ടിയിലുണ്ടായിരുന്ന നാല് പേരാണ് മരിച്ച മറ്റുള്ളവര്‍. അതിനിടെ സംഘര്‍ഷം ഉടലെടുക്കുകയും പൊലീസ് ലാത്തി വീശുകയും ചെയ്തു.
ഇതേ തുടര്‍ന്ന് പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പ്രാദേശിയ മാധ്യമപ്രവര്‍ത്തകന്‍ രാം കശ്യപ് ഇന്നലെ രാത്രിയോടെ മരിച്ചു. ഇതോടെ മരണ സംഖ്യ ഒമ്പതായി ഉയര്‍ന്നു. ഇന്നും ലഖിംപൂർ ഖേരിയിലും യുപിയിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇതിനിടെ രാജ്യത്തെ എല്ലാ കലക്ടറേറ്റുകളും ഉപരോധിക്കാന്‍ കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona