റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ട പിടിച്ച് കര്‍ഷകരുടെ ട്രാക്ടര്‍ റാലി

First Published Jan 26, 2021, 2:38 PM IST


വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദില്ലി അതിര്‍ത്തികളില്‍ നവംബര്‍ 26 -ാം തിയതി മുതല്‍ സമരം ചെയ്യുന്ന കർഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ രാവിലെ ഒമ്പത് മണിക്ക് തന്നെ ദില്ലിയിലേക്ക് മാര്‍ച്ച് നടത്തി. സ്വാതന്ത്രദിനത്തില്‍ പ്രധാനമന്ത്രി ദേശീയ പതാകയുയര്‍ത്തുന്ന ചെങ്കോട്ടയില്‍ ഉച്ചയോടെയെത്തിയ പഞ്ചാബില്‍ നിന്നുള്ള  കര്‍ഷകര്‍ കൊടികളുയര്‍ത്തി. അതേ സമയം ദില്ലിയില്‍ പല സ്ഥലത്തും പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. ട്രാക്ടറുകളുടെ ടയറിന്‍റെ കാറ്റൂരിവിട്ടാണ് പൊലീസ് പ്രതിരോധം തീര്‍ക്കുന്നത്. സതന്ത്ര ഇന്ത്യയില്‍ ഇന്നുവരെയുണ്ടായതില്‍ വച്ച് ഏറ്റവും വലിയ പ്രതിഷേധമാണ് രാജ്യം 72 -ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനിടെ രാജ്യതലസ്ഥാനത്ത് സംഭവിക്കുന്നത്. 32 നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ അനുമതി റദ്ദാക്കുമെന്ന് ദില്ലി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ രാവിലെ എട്ട് മണിയോടെ കേന്ദ്രസര്‍ക്കാറിനെയും ദില്ലി പൊലീസിനെയും വെല്ലുവിളിച്ച് പഞ്ചാബില്‍ നിന്നുള്ള യുവകര്‍ഷകര്‍ ദില്ലിക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. ട്രാക്ടര്‍ പരേഡിന്‍റെ നിയന്ത്രണം ദില്ലി പൊലീസിന്‍റെ കൈവിട്ട് പോയതാടെ കര്‍ഷകരെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ അര്‍ദ്ധസൈനീക വിഭാഗങ്ങളെ വിന്യസിച്ചു. അതേസമയം സംഘര്‍ഷമുണ്ടാക്കിയത് കിസാന്‍ സംയുക്തമോര്‍ച്ചയില്‍ അംഗങ്ങളായ കര്‍ഷകരല്ലെന്ന് സംഘടന അറിയിച്ചു. സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചെന്നും മറ്റൊരു കര്‍ഷകന്‍ ഐടിയോയ്ക്ക് സമീപം പൊലീസ് വെടിവെപ്പില്‍ മരിച്ചെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. ഇതിന് ഇതുവരെ സ്ഥിരീകരണമില്ല. എന്നാല്‍, ട്രാക്ടര്‍ ഓടിച്ച് വരികയായിരുന്ന കര്‍ഷകന് നേരെ പൊലീസ് വെടിവെച്ചെന്നും ഇതേതുടര്‍ന്ന് നിയന്ത്രണം വിട്ട ട്രാക്ടര്‍ മറിഞ്ഞ് ഇയാള്‍ മരിച്ചതാണെന്നും ആരോപിച്ച് കര്‍ഷകര്‍ ദില്ലി പൊലീസിന്‍റെ ആസ്ഥാനമായ ഐടിയോയില്‍ മൃതദേഹവുമായി പ്രതിഷേധിക്കുകയാണ്.