രാഷ്ട്രത്തിന്‍റെ ഭാഗമാകാന്‍ കുശിനഗര്‍ അന്താരാഷ്ട്രാ വിമാനത്താവളം; ഉദ്ഘാടനം നാളെ
ആഭ്യന്തരവും അന്തർദേശീയവുമായ ബുദ്ധമത തീർത്ഥാടകർക്ക് ബുദ്ധന്‍റെ മഹാപരിനിർവ്വാണ സ്ഥലം സന്ദർശിക്കാൻ സഹായകരമാകുന്ന കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിക്കും. വിമാനത്താവളം ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി, മഹാപരിനിർവാണ ക്ഷേത്രത്തിലെ അഭിധമ്മ ദിനത്തോടനുബന്ധിച്ചുള്ള ഒരു പരിപാടിയിൽ പങ്കെടുക്കും.
കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം 260 കോടി രൂപ ചെലവിൽ നിർമ്മിച്ചതാണ്. വിമാനത്താവളത്തിന്‍റെ ഉദ്ഘാടന ദിവസത്തിലെ ആദ്യ വിമാനം ശ്രീലങ്കയിലെ കൊളംബോയിൽ നിന്നാണ് എത്തുക.
കുശിനഗര്‍ മഹാപരിനിർവ്വാണത്തിനോട് അനുബന്ധിച്ചുള്ള പ്രദർശനത്തിനായി കൊണ്ടുവരുന്ന വിശുദ്ധ തിരുശേഷിപ്പിനൊപ്പമുള്ള 12 അംഗ സംഘമുൾപ്പെടെ നൂറിലധികം ബുദ്ധ സന്യാസിമാരും വിമാനത്തിലുണ്ടാകും.
ശ്രീലങ്കയിലെ ബുദ്ധമതത്തിലെ നാല് നികാതകളായ അസ്ഗിരിയ, അമരപുര, രമണ്യ, മാൽവട്ട, എന്നിവയുടെ അനുനായകരും ഉപമേധാവികളും പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നു. ഒപ്പം കാബിനറ്റ് മന്ത്രി നാമൽ രാജപക്സെയുടെ നേതൃത്വത്തിലുള്ള ശ്രീലങ്കൻ സര്‍ക്കാറിന്‍റെ അഞ്ച് മന്ത്രിമാരും പ്രതിനിധി സംഘത്തിലുണ്ടാകും.
ലോകമെമ്പാടുമുള്ള ബുദ്ധമത തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു ശ്രമത്തിന്‍റെ ഭാഗമാണിത്. വിമാനത്താവളം ഉത്തർപ്രദേശിലെയും ബീഹാറിലെയും സമീപ ജില്ലകളിലുള്ളവർക്കും പ്രയോജനപ്പെടും. ഈ മേഖലയിലെ നിക്ഷേപവും തൊഴിലവസരങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് പുതിയ വിമാനത്താവളമെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.
ശ്രീലങ്ക, തായ്ലൻഡ്, മ്യാൻമർ, ദക്ഷിണ കൊറിയ, നേപ്പാൾ, ഭൂട്ടാൻ, കംബോഡിയ എന്നിവിടങ്ങളിൽ നിന്നുള്ള സന്യാസിമാരും നിരവധി രാജ്യങ്ങളുടെ അംബാസഡർമാരും പരിപാടിയിൽ പങ്കെടുക്കും. ബുദ്ധ സൂത്ര കാലിഗ്രാഫി, ബുദ്ധ കലാരൂപങ്ങൾ എന്നിവയുടെ ചിത്രപ്രദർശനവും ഉണ്ടായിരിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona