രാഹുല്‍ ഗാന്ധി മുതല്‍ ഹേമ മാലിനി വരെ; രണ്ടാംഘട്ടത്തിലെ ശ്രദ്ധേയമായ അഞ്ച് സ്ഥാനാര്‍ഥികള്‍
ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലെ 88 പാര്‍ലമെന്‍റ് മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് ഏപ്രില്‍ 26ന് നടക്കുകയാണ്. രണ്ടാംഘട്ടത്തിലെ പ്രധാനപ്പെട്ട സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണ് എന്ന് നോക്കാം.
1. രാഹുല്‍ ഗാന്ധി
വയനാട് ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫിനായി മത്സരിക്കുന്ന കോണ്‍ഗ്രസ് ദേശീയ മുഖം രാഹുല്‍ ഗാന്ധിയാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലെ ഏറ്റവും പ്രമുഖന്‍. ആനി രാജ (എല്‍ഡിഎഫ്), കെ സുരേന്ദ്രന്‍ (എന്‍ഡിഎ) എന്നിവരാണ് എതിരാളികള്‍.
2. ഹേമ മാലിനി
ബോളിവുഡ് നടി എന്ന നിലയില്‍ പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്തയാളാണ് ഹേമമാലിനി. ബിജെപി എംപിയായ ഹേമമാലിനി ഉത്തര്‍പ്രദേശിലെ മഥുര സീറ്റില്‍ നിന്ന് 2024ലും എന്‍ഡിഎയ്ക്കായി ജനവിധി തേടുന്നു. 2014 മുതല്‍ മഥുരയില്‍ നിന്നുള്ള എംപിയാണവര്‍. മുകേഷ് ധാങ്കര്‍ (കോണ്‍ഗ്രസ്), സുരേഷ് സിംഗ് (ബിഎസ്‌പി) എന്നിവരാണ് എതിര്‍ സ്ഥാനാര്‍ഥികള്‍.
3. ഭൂപേഷ് ബാഗെല്‍
ഛത്തീസ്‌ഗഡ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗേൽ ആണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലെ മറ്റൊരു ശ്രദ്ധേയന്‍. ബിജെപി കോട്ട എന്ന വിശേഷണമുള്ള രാജ്‌നന്ദ്‌ഗാവ് ലോക്‌സഭ മണ്ഡലത്തില്‍ നിന്നാണ് അദേഹം ജനവിധി തേടുന്നത്. ബിജെപിയുടെ സിറ്റിംഗ് എംപി കൂടിയായ സന്തോഷ് പാണ്ഡെയാണ് പ്രധാന എതിരാളി.
4. ശശി തരൂര്‍
2009 മുതല്‍ തിരുവനന്തപുരത്തെ എംപിയായ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ 2024ലും യുഡിഎഫ് സ്ഥാനാര്‍ഥിയായി ഇവിടെ നിന്ന് മത്സരിക്കുന്നു. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖറാണ് ഇവിടെ എന്‍ഡിഎയുടെ സ്ഥാനാര്‍ഥി. എല്‍ഡിഎഫിനായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും മത്സരിക്കുന്നു.
5. ഓം ബിര്‍ല
ലോക്‌സഭ സ്‌പീക്കറും ബിജെപി എംപിയുമായ ഓം ബിര്‍ല രാജസ്ഥാനിലെ കോട്ട സീറ്റില്‍ നിന്ന് തുടര്‍ച്ചയായി മൂന്നാംവട്ടം മത്സരിക്കുന്നതും ശ്രദ്ധേയം. കോണ്‍ഗ്രസില്‍ നിന്ന് 2014ല്‍ കോട്ട പിടിച്ചെടുത്ത ഓ ബിര്‍ല ലോക്‌സഭയില്‍ ഹാട്രിക് ലക്ഷ്യമിടുന്നു. കോണ്‍ഗ്രസിനായി പ്രഹ്‌ലാദ് ഗുഞ്ചാലാണ് ഇവിടെ മത്സരിക്കുന്നത്.