'ഘര്‍ ജാനേ ദോ'യെന്ന് തൊഴിലാളികള്‍ ; ലാത്തി വീശി പൊലീസ്

First Published Apr 15, 2020, 11:56 AM IST

മാര്‍ച്ച് 25 ന് രാത്രി 8.00 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു "ഘർ മേം ഹി രഹോ". പിന്നീടദ്ദേഹം രാജ്യം നാളെ മുതല്‍ ലോക്ക്ഡൗണിലാണെന്നും പറഞ്ഞു. അവിടെ തുടങ്ങുന്നു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ലോകത്തിലെ രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യവുമായ ഇന്ത്യയുടെ ലോക്ക്ഡൗണ്‍. 21 -ാം നാള്‍ മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ നീട്ടിയതായി അദ്ദേഹം ജനങ്ങളെ അറിയിച്ചു. അതിനിടെ രണ്ട് തവണ അദ്ദേഹം ലോക്ക് ഡൗണില്‍ കിടക്കുന്ന ജനങ്ങളെ അഭിസംബോധന ചെയ്തു. ആദ്യം പാത്രം കൊട്ടാനും പിന്നീട് വിളക്ക് തെളിക്കാനും ആവശ്യപ്പെട്ടു. 

ഇതിനിടെയാണ് ബീഹാര്‍, ഒറീസ, യുപി, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് 200 ഉം 300 ഉം കിലോമീറ്റര്‍ ദൂരെയുള്ള മഹാനഗരങ്ങലേക്ക് ഭാഗ്യാന്വേഷികളായെത്തിയ അരപ്പട്ടിണിക്കാരായ കുടിയേറ്റ തൊഴിലാളികളും ജീവിക്കുന്നത്. ഒരു ദിവസം മുഴുവനും ജോലി ചെയ്താല്‍ വീട്ടിലേക്കുള്ളത് മാറ്റി വച്ചാല്‍ ബാക്കിയൊന്നുമില്ലാതെ ദിവസങ്ങള്‍ തള്ളി നീക്കുന്ന കുടിയേറ്റ തൊഴിലാളികള്‍. ഇന്നല്ലെങ്കില്‍ നാളെ നല്ലൊരു ജീവിതം സ്വപ്നം കണ്ട് മഹാനഗരങ്ങളില്‍ അരപ്പട്ടിണി കിടന്നവര്‍. അവര്‍ സഹികെട്ട് പല തവണ സംഘടിച്ചു. ദില്ലിയില്‍, ഗുജറാത്തില്‍, കേരളത്തില്‍ ഏറ്റവും ഒടുവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കൊറോണാ വൈറസ് ഹോട്ട്സ്പോട്ടായ മുംബൈയില്‍.