പള്ളി, ആശുപത്രി, ലൈബ്രറി, സാമൂഹിക അടുക്കള ; പുതിയ ബാബറി മസ്ജിദിന്‍റെ രൂപരേഖ
First Published Dec 22, 2020, 12:23 PM IST
പതിനാറാം നൂറ്റാണ്ടില്‍ ഇന്ത്യ ഭരിച്ചിരുന്ന, മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ നിര്‍മ്മിച്ച അയോധ്യയിലെ മുസ്ലീം ആരാധനാലയമായ ബാബറി മസ്ജിദ് വീണ്ടും പുനര്‍ജനിക്കുന്നു. ഏതാണ്ട് 400 വര്‍ഷം പഴക്കം കണക്കാക്കിയിരുന്ന ബാബരി മസ്ജിദ് 1992 ല്‍ കര്‍സേവകരാല്‍ തകര്‍ക്കപ്പെടുമ്പോള്‍ ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ മുസ്ലീം ആരാധനാലയങ്ങളില്‍ ഒന്നായിരുന്നു. നീണ്ട കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ഉയരുന്ന രാമക്ഷേത്രത്തിന് പകരമായി അയോധ്യയില്‍ നിന്ന് 30 കിലോ മീറ്റര്‍ മാറി ദാന്നിപ്പൂരിലെ അഞ്ചേക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന പുതിയ ബാബറി മസ്ജിദിന്‍റെ രൂപ രേഖ പുറത്ത് വിട്ടു. ജാമിയ മിലിയ ഇസ്‌ലാമിയയിലെ ആര്‍ക്കിടെക് പ്രൊഫസറായ പ്രൊഫസര്‍ എസ്.എം അക്തറാണ് പുതിയ ബാബറി മസ്ജിദിന്‍റെ ചീഫ് ആര്‍കിടെക്ട്. റിട്ടയേര്‍ഡ് പ്രഫസര്‍ പുഷ്പേഷ് പന്ത് ആയിരിക്കും മ്യൂസിയം നടത്തിപ്പിന്‍റെ മുഖ്യ ഉപദേഷ്ടാവെന്ന് ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു.

സുപ്രീം കോടതി വിധി പ്രകാരം ലഭിച്ച അഞ്ചേക്കറില്‍ ഇന്‍ഡോ-ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന് കീഴിലാണ് മസ്ജിദ് നിര്‍മ്മിക്കുക. നിര്‍മിക്കാനുദ്ദേശിക്കുന്ന പുതിയ പള്ളിയുടെ ബ്ലൂ പ്രിന്‍റ് പുറത്തുവിട്ടത് സുന്നി വഖഫ് ബോര്‍ഡാണ്. പുതിയ മസ്ജിദ് രൂപം കൊണ്ട് പഴയ ബാബറി മസ്ജിദില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. പരമ്പരാഗത മുസ്ലീം ആരാധനാലയങ്ങളുടെ ഒരു പ്രത്യേകതയും പുതിയ പള്ളിക്കില്ല. പരമ്പരാഗത മിനാരങ്ങളും താഴികക്കുടങ്ങളും ഒഴുവാക്കി ആധുനീകമായ രൂപമാണ് പുതിയ ബാബറി മസ്ജിദിനുള്ളത്.

മുന്‍കാലത്ത് നിന്നുള്ള ഏതെങ്കിലും മാതൃകകള്‍ സ്വീകരിച്ചിട്ടില്ലെന്നും സമകാലികമായ രൂപകല്‍പ്പനയാണ് പള്ളിക്ക് ഉദ്ദേശിക്കുന്നത്. അനുമതി ലഭിച്ചു കഴിഞ്ഞാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ട്രസ്റ്റ് അറിയിച്ചു. പുതിയ മസ്ജിദ് സമുച്ചയത്തില്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി, കമ്യൂണിറ്റി കിച്ചന്‍, ലൈബ്രറി തുടങ്ങിയവ ഉള്‍പ്പെടുന്ന തരത്തിലാണ് നിര്‍മ്മാണം.
Post your Comments