ഗോവ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി-എംജിപി സഖ്യം 31 സീറ്റുകൾ നേടി അധികാരം നിലനിർത്തി. കോൺഗ്രസ് ഇത്തവണ 10 സീറ്റുകൾ നേടി ശക്തമായ തിരിച്ചുവരവ് നടത്തി. ആം ആദ്മി പാർട്ടി, റെവല്യൂഷണറി ഗോവൻസ് പാർട്ടി, ഗോവ ഫോർവേഡ് പാർട്ടി എന്നിവരും സീറ്റുകൾ നേടി.

പനാജി: ഗോവയിലെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിന് തകർപ്പൻ ജയം. 50 അംഗ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന മത്സരത്തിൽ ബിജെപി-എംജിപി (BJP-MGP) സഖ്യം 31 സീറ്റുകൾ നേടി അധികാരം നിലനിർത്തി. അതേസമയം, മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് തങ്ങളുടെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചു. കഴിഞ്ഞ തവണ വെറും 4 സീറ്റുകളിൽ ഒതുങ്ങിയ കോൺഗ്രസ് ഇത്തവണ സീറ്റുകളുടെ എണ്ണം 10 ആയി ഉയർത്തി. പ്രത്യേകിച്ച് തെക്കൻ ഗോവയിൽ പാർട്ടി വലിയ മുന്നേറ്റമാണ് നടത്തിയത്. 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ ഫലം പാർട്ടി പ്രവർത്തകർക്ക് വലിയ ആവേശം നൽകുന്നുണ്ടെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.

മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലാണ് ബിജെപിയും സഖ്യകക്ഷികളും ഗോവയിൽ പ്രചാരണം നടത്തിയത്. വടക്കൻ ഗോവയിൽ 19 സീറ്റുകളും തെക്കൻ ഗോവയിൽ 13 സീറ്റുകളും നേടിയാണ് ബിജെപി സഖ്യം വിജയിച്ചത്. ഭരണവിരുദ്ധ വികാരത്തെയും പ്രതിപക്ഷത്തിന്റെ വെല്ലുവിളികളെയും അതിജീവിച്ചാണ് ഈ വിജയം. സദ്ഭരണത്തിനുള്ള അംഗീകാരം എന്നാണ് മോദി വിജയത്തെ വിശേഷിപ്പിച്ചത്. ജില്ലാ പഞ്ചായത്തിൽ ആം ആദ്മി പാർട്ടി ഒരു സീറ്റ് നിലനിർത്തി. പ്രാദേശിക പാർട്ടിയായ റെവല്യൂഷണറി ഗോവൻസ് പാർട്ടി (RGP)ആദ്യമായി ജില്ലാ പഞ്ചായത്തിൽ തങ്ങളുടെ അക്കൗണ്ട് തുറന്നു. ഗോവ ഫോർവേഡ് പാർട്ടിയും ഒരു സീറ്റിൽ വിജയിച്ചു. ഇത്തവണ ഗോവയിൽ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 70.8% പേരാണ് വോട്ട് രേഖപ്പെടുത്തിയത്.