ഹത്രാസ് ബലാത്സംഗം; ബലം പ്രയോഗിച്ച് മൃതദേഹം സംസ്കരിച്ച് യുപി പൊലീസ്
ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച ഇരുപതുകാരിയുടെ മൃതദേഹം യുപി പൊലീസ് സംസ്കരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംസ്കാരം നടന്നത്. ഇന്നലെ രാത്രി തന്നെ യുപി പൊലീസ് ആശുപത്രിയില്‍ നിന്ന് യുവതിയുടെ മൃതദേഹം ബലം പ്രയോഗിച്ച് മാറ്റിയെന്ന് സഹോദരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഇതിന് പുറകേയാണ് യുവതിയുടെ മൃതദേഹം യുപി പൊലീസ് സംസ്കരിച്ചുവെന്ന വാര്‍ത്തകള്‍ വന്നത്. എന്നാൽ കുടുംബത്തിന്‍റെ സമ്മതത്തോടെയാണ് സംസ്കാരം നടന്നതെന്നാണ് യുപി പൊലീസിന്‍റെ വിശദീകരണം. ഇന്നലെ രാവിലെയോടെ ദില്ലിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിൽ നിന്ന് യുപി പൊലീസ് കൊണ്ടുപോയ മൃതദേഹം കുടുംബത്തിന് കൈമാറിയിട്ടില്ലെന്ന് പെൺകുട്ടിയുടെ സഹോദരൻ ആരോപിച്ചിരുന്നു. തെളിവ് നശിപ്പിക്കാനുള്ള യുപി പൊലീസിന്‍റെ ശ്രമമാണ് നടത്തുന്നതെന്നും ഇന്നലെ വൈകീട്ട് സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. മൃതശരീരവുമായി ദില്ലി നഗരത്തിനുള്ളിൽ പ്രതിഷേധം നടത്താനുള്ള നീക്കം മുന്നിൽ കണ്ടാണ് ആശുപത്രിയിൽ വച്ച് മൃതദേഹം കൈമാറാതിരുന്ന് ദില്ലി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. പെൺകുട്ടിയുടെ മരണത്തെ തുടർന്ന് ദില്ലിയിലടക്കം വിവിധ സ്ഥലങ്ങളിൽ യുപി സർക്കാറിനും പൊലീസിനുമെതിരെ ഇന്നലെ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. യുവതിയുടെ സഹോദരന്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു. ചിത്രങ്ങള്‍: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍, ക്യാമറാമാന്‍ അനന്തു പ്രഭ.
ഉത്തര്‍പ്രദേശിലെ ഹത്രാസ് ബലാത്സംഗ കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. ഇന്ത്യയുടെ ഒരു മകൾ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. സംഭവത്തിന്‍റെ സത്യങ്ങൾ മറച്ച് വച്ചു. സംസ്കാരത്തിനുള്ള അവകാശം പോലും കുടുംബത്തിന് നൽകില്ലെന്നും അനീതിയാണ് കാട്ടിയതെന്നും രാഹുൽ വിമര്‍ശിച്ചു.
മരിച്ച പെൺകുട്ടിയോടുള്ള മര്യാദ പോലും യുപി സർക്കാർ കാണിച്ചില്ലെന്ന് പ്രിയങ്ക ഗാന്ധിയും ആരോപിച്ചു. കുറ്റകൃത്യങ്ങൾ തടയാൻ കഴിയാത്തവർ കുറ്റവാളികളെ പോലെ പെരുമാറുന്നുവെന്ന് ആരോപിച്ച പ്രിയങ്ക ഗാന്ധി, യോഗി ആദിത്യനാഥ് രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.
ഇതിനിടെ ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഇരയായി മരിച്ച യുവതിയുടെ മൃതദേഹം സംസ്കരിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കവും തുടരുകയാണ്.
യുപി പൊലീസ് ഹത്രാസില്‍ കൊണ്ട് വന്ന മൃതദ്ദേഹം മതാചാരപ്രകാരം അടക്കാന്‍ അനുവദിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനുവദിച്ചില്ല. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് കൊവിഡ് രോഗബാധയില്ലാതിരുന്നിട്ടും രാത്രി തന്നെ മൃതദ്ദേഹം അടക്കാന്‍ പൊലീസ് നിര്‍ബന്ധിക്കുകയായിരുന്നു.
എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മയും അപ്പൂപ്പനും സഹോദരനും ഇതിന് തയ്യാറായില്ല. മാത്രമല്ല, രാവിലെ മതാചാരപ്രകാരം മൃതദ്ദേഹം സംസ്കരിക്കാന്‍ അനുവദിക്കണമെന്നും അവര്‍ യുപി പൊലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇതിന് തയ്യാറാകാത്ത യുപി പൊലീസ് രാത്രി മൂന്ന് മണിയോടെ മൃതദ്ദേഹം സംസ്കരിക്കുകയായിരുന്നു.
തെളിവ് നശിപ്പിക്കാനായി പൊലീസ് ബലം പ്രയോഗിച്ച് മൃതദേഹം സംസ്കാരത്തിനായി കൊണ്ട് പോകുകയായിരുന്നുവെന്ന് യുവതിയുടെ സഹോദരൻ ആരോപിച്ചു. എന്നാൽ കുടുംബത്തിന്‍റെ സമ്മതത്തോടെയാണ് സംസ്കാരം നടന്നെതന്നാണ് യുപി പൊലീസിന്‍റെ വിശദീകരണം.
വന്‍ പൊലീസ് സന്നാഹത്തോടെയായിരുന്നു കൊല്ലപ്പെട്ട യുവതിയുടെ മൃതദ്ദേഹം ഹത്രാസില്‍ എത്തിച്ചത്. മൃതദ്ദേഹം എത്തിച്ചേരുന്നതിന് മുന്നേ സംസ്കാരത്തിനാവശ്യമായവ യുപി പൊലീസ് പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് തന്നെ ഒരുക്കിയിരുന്നു. എന്നാല്‍ നീതി ലഭിച്ചാല്‍ മാത്രമേ മൃതദ്ദേഹം അടക്കാന്‍ അനുവദിക്കൂവെന്ന് സഹോദരന്‍ വ്യക്തമാക്കി. ഇതിന് പുറകേ യുപി പൊലീസ് മൃതദ്ദേഹം ബലം പ്രയോഗിച്ച് സംസ്കരിക്കുകയായിരുന്നു.
ഇന്നലെ രാവിലെയോടെ ദില്ലിയിലെ സഫ്ദജംഗ് ആശുപത്രിയിൽ നിന്ന് കൊണ്ടുപോയ മൃതദേഹം കുടുംബത്തിന് കൈമാറിയിട്ടില്ലെന്ന് പെൺകുട്ടിയുടെ സഹോദരൻ ആരോപിച്ചിരുന്നു. തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്ന് സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മൃതശരീരവുമായി ദില്ലി നഗരത്തിനുള്ളിൽ പ്രതിഷേധം നടത്താനുള്ള നീക്കം മുന്നിൽ കണ്ടാണ് ആശുപത്രിയിൽ വച്ച് കൈമാറാതെയിരുന്നതെന്നാണ് ദില്ലി പൊലിസിലെ ഉന്നത ഉദ്യോഗസ്ഥൻ നൽകുന്ന വിവരം. പെൺകുട്ടിയുടെ മരണത്തെ തുടർന്ന് ദില്ലിയടക്കം വിവിധ സ്ഥലങ്ങളിൽ യുപി സർക്കാരിനെതിരെ വലിയ പ്രതിഷേധമാണ് ഇന്നലെ നടന്നത്.
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ അമ്മയൊക്കൊപ്പം പുല്ല് വെട്ടാൻ പോകുന്നതിനിടെ നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ ഇരുപതുകാരി കൊടീയ പീഢനത്തിനിരയാക്കപ്പെട്ടത് സെപ്തംബര്‍ 14 നാണ്. ദുപ്പട്ട കൊണ്ട് കഴുത്തുമുറുക്കി അതിക്രൂരമായ പീഢനത്തിനിരയാക്കിയ ശേഷം പ്രതികള്‍ കുട്ടിയുടെ നാവ് മുറിച്ച് കളഞ്ഞിരുന്നെന്ന് ആശുപ്രതി അധികൃതര്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ ആദ്യം പരാതി സ്വീകരിക്കാന്‍ പൊലും ഉത്തര്‍പ്രദേശ് പൊലീസ് തയ്യാറായില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പ്രതികളായ പ്രതികളായ സന്ദീപ്, ലവ്കുശ്, രാമു, രവി എന്നീ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഇരുപതുകാരിയെ അലിഗഢിലെ ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്.
ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും യുവതി ഇന്നലെ രാവിലെ മരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ദില്ലിയില്‍ പ്രതിഷേധസമരങ്ങള്‍ അരങ്ങേറി. കോണ്‍ഗ്രസും ഭീം ആര്‍മിയുമാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ദളിത് വിഭാഗത്തില്‍ നിന്നുള്ള യുവതിയെ ഗ്രാമത്തിലെ സവര്‍ണ വിഭാഗത്തില്‍ നിന്നുള്ള നാലുപേര്‍ ചേര്‍ന്നാണ് ബലാത്സംഗത്തിനിരയാക്കിയതെന്നും അതിനാലാണ് യുപി പൊലീസ് കേസെടുക്കാന്‍ മടിക്കുന്നതെന്നുമുള്ള ആരോപണങ്ങള്‍ ഈ കേസിനെ ചൊല്ലി ആദ്യമേ ഉയര്‍ന്നിരുന്നു.
യുപി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്‍ രംഗത്തെത്തിയിരുന്നു. പ്രതികളെ ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിമാരോ ഉറപ്പ് നല്‍കും വരെ കുടുംബം പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ പെണ്‍കുട്ടിയെ ചികിത്സിച്ച ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിക്കുള്ളില്‍ രാത്രി വൈകിയും വന്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ആശുപത്രിക്ക് പുറത്ത് കോണ്‍ഗ്രസും ഭീം ആര്‍മി പ്രവര്‍ത്തകരും പ്രതിഷേധിച്ചു.
ആശുപത്രിക്കുള്ളില്‍ വന്‍ ജനക്കൂട്ടം പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ദില്ലി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പ്രതിഷേധക്കാരോട് പിരിഞ്ഞ് പോകാനാവശ്യപ്പെട്ടു.
ഇതേ തുടര്‍ന്ന് കുറച്ച് പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയെങ്കിലും പെണ്‍കുട്ടിയുടെ സഹോദരനും അമ്മയും ആശുപത്രി വളപ്പില്‍ പ്രതിഷേധം തുടര്‍ന്നു. പിന്നീട് യുപി പൊലീസ് മൃതദ്ദേഹം ഹത്രാസിലേക്ക് കൊണ്ടുപോയപ്പോഴാണ് കുടുംബാംഗങ്ങള്‍ ആശുപത്രി വിടാന്‍ തയ്യാറായത്.
സംഭവത്തില്‍ രാജ്പഥില്‍ പ്രതിഷേധിച്ച 36 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തെന്ന് ദില്ലി പൊലീസ് പറഞ്ഞു. വിജയ് ചൗക്കിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
മുന്‍ എംപി ഉദിത് രാജ് ഉള്‍പ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഭീം ആര്‍മി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലായിരുന്നു ദില്ലിയിലെ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധ സമരം. പ്രതികളെ തൂക്കിലേറ്റണമെന്ന് ഭീം ആര്‍മി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.