39.4 ഡിഗ്രി സെൽഷ്യസ്; അമേരിക്കയില്‍ 46 അഭയാര്‍ത്ഥികളെ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് അമേരിക്കന്‍ വന്‍കരയില്‍ അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെ അമേരിക്കന്‍ സംസ്ഥാനമായ ടെക്സാസിനും മെക്സിക്കന്‍ അതിര്‍ത്തിക്കുമിടയില്‍ കണ്ടെത്തിയ ട്രക്കില്‍ നിന്ന് 46 മൃതദേഹങ്ങള്‍ കണ്ടെത്തി. ചൂട് കാരണമുണ്ടായ നിര്‍ജ്ജലീകരണമാണ് മരണ കാരണമെന്നാണ് പ്രഥമിക വിവരമെന്ന് അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെക്സിക്കയില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റത്തിനിടെയാണ് ഇവരുടെ മരണം. മെക്സിക്കന്‍ അതിര്‍ത്തി വഴിയുള്ള അനധികൃത കുടിയേറ്റത്തിനുടെയുണ്ടായ ഏറ്റവും വലിയ മരണ സംഖ്യയാണിതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മെക്സിക്കൻ അതിർത്തിയിൽ നിന്ന് ഏകദേശം 160 മൈൽ (250 കി.മീ) അകലെയുള്ള സാൻ അന്‍റോണിയോയിലെ താപനില തിങ്കളാഴ്ച 103 ഡിഗ്രി ഫാരൻഹീറ്റ് (39.4 ഡിഗ്രി സെൽഷ്യസ്) വരെ ഉയർന്നു. രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ഉയർന്ന നിലയിലൊന്നായിരുന്നു അത്.
മരുപ്രദേശത്ത് കൂടി അടച്ചിട്ട ട്രക്കില്‍ ആവശ്യത്തിന് വെള്ളം പോലും ഇല്ലാതെയുള്ള യാത്രയാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം. വൈകീട്ട് ആറ് മണിയോടെയാണ് പ്രദേശത്തെത്തിയ ഒരു നഗരസഭാ ജീവനക്കാരൻ സഹായത്തിനായി പൊലീസിനെ വിളിച്ചത്.
പൊലീസ് എത്തുമ്പോള്‍ ട്രെയിലറിന് പുറത്ത് ഒരു മൃതദേഹം വീണ് കിടക്കുകയായിരുന്നു. മറ്റുള്ളവര്‍ അകത്തും. ഏറെ അവശനിലയിലായി 16 പേരെ അപ്പോള്‍ തന്നെ ആശുപത്രികളിലേക്ക് വിട്ടു. 16 പേരിൽ 12 പേർ മുതിർന്നവരും നാല് കുട്ടികളും ആണെന്ന് ഫയർ ചീഫ് ചാൾസ് ഹുഡ് പറഞ്ഞു. ട്രെയിലറില്‍ വെള്ളമുണ്ടായിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
മൂന്ന് വ്യക്തികളെ സംഭവ സ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്തെന്നും എന്നാൽ, അവർക്ക് സംഭവവുമായി ബന്ധമുണ്ടോ ഇല്ലയോ എന്നത് പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. സമീപ വര്‍ഷങ്ങളില്‍ മെക്‌സിക്കോയിൽ നിന്ന് യു.എസ് അതിർത്തി കടക്കാൻ ശ്രമിച്ച് മരിക്കുന്ന സംഭവങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മരണ സംഖ്യയാണിതെന്നും പൊലീസ് പറഞ്ഞു.
ട്രെയിലറിലുള്ളവർ യുഎസിലേക്കുള്ള അഭയാര്‍ത്ഥിക്കടത്ത് ശ്രമത്തിന്‍റെ ഭാഗമായിരുന്നെന്നും യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നതെന്നും പൊലീസ് പറഞ്ഞു.
2017 ൽ സാൻ അന്‍റോണിയോയിലെ വാൾമാർട്ടിൽ പാർക്ക് ചെയ്തിരുന്ന ട്രക്കിൽ കുടുങ്ങി പത്തു കുടിയേറ്റക്കാർ മരിച്ചിരുന്നു. 2003-ൽ, സാൻ അന്‍റോണിയോയുടെ തെക്ക് കിഴക്കായി ഒരു ട്രക്കിൽ 19 കുടിയേറ്റക്കാരെയും മരിച്ച നിലയില്‍ ഇതിന് മുമ്പ് കണ്ടെത്തിയിരുന്നു.
1990-കളുടെ തുടക്കത്തിൽ, നിയമവിരുദ്ധമായി അതിര്‍ത്തി കടക്കുന്നതിലെ ഏറ്റവും തിരക്കേറിയ വഴിയായിരുന്നു ഇത്. 2001-ലെ യു.എസ് ഭീകരാക്രമണത്തിന് ശേഷം അതിര്‍ത്തികളില്‍ ശക്തമായ പരിശോധനകള്‍ ആരംഭിച്ചതോടെ കുടിയേറ്റത്തിനായി പല വഴികള്‍ ഉപയോഗിക്കാന്‍ തുടങ്ങി. എങ്കിലും പണം കൈക്കൂലി കൊടുത്തുള്ള മനുഷ്യക്കടത്ത് ഈ വഴി ഇപ്പോഴും നടക്കുന്നു.