അഫ്‍ഗാന്‍ നടിയും സംവിധായകയുമായ സാബ സഹാറിന് വെടിയേറ്റു
അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ ചലച്ചിത്ര സംവിധായകരിലൊരാളായ സാബ സഹാറിന് തലസ്ഥാനമായ കാബൂളിൽ വെച്ച് വെടിയേറ്റു. 44 കാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച ജോലിക്ക് പോകുമ്പോള്‍ മൂന്ന് തോക്കുധാരികൾ കാറിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ഭർത്താവ് എമാൽ സാകി പറഞ്ഞു. എന്നാല്‍ ഒരു ഗ്രൂപ്പും ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
അഫ്ഗാനിസ്ഥാനിലെ ഏറ്റവും പ്രശസ്തയായ സംവിധായികയും നടിയുമാണ് സാബ സഹാർ, കൂടാതെ സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിലെ മുന്‍നിരപ്രവര്‍ത്തകയുമാണവര്‍.
കാബൂളിന്‍റെ പടിഞ്ഞാറ് ഭാഗത്താണ് വെടിവയ്പ്പ് നടന്നതെന്ന് സാകി ബിബിസിയോട് പറഞ്ഞു. കാറിൽ സാബ സഹാറിനെ കൂടാതെ അഞ്ച് പേർ ഉണ്ടായിരുന്നു. രണ്ട് അംഗരക്ഷകരും ഒരു കുട്ടിയും പിന്നെ ഡ്രൈവറും കാറിലുണ്ടായിരുന്നു. അക്രമണത്തില്‍ അംഗരക്ഷകർക്കും പരിക്കേറ്റതായി ഭർത്താവ് പറഞ്ഞു. കുട്ടിയും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു.
സാബ വീട്ടിൽ നിന്ന് ഇറങ്ങിയതിന് അഞ്ച് മിനിറ്റിനകം വെടിയൊച്ച കേട്ടതായി സാകി പറഞ്ഞു. സാബയെ വിളിച്ചപ്പോള്‍ വയറ്റില്‍ വെടിയേറ്റതായി അവര്‍ പറഞ്ഞെന്നും എമാൽ സാകി പറഞ്ഞു.
സാബയുടെ സിനിമകളും ടെലിവിഷൻ പരിപാടികളും പ്രധാനമായും സ്ത്രീകളുടെ നീതിയെയും അഴിമതിയെയും കുറിച്ചായിരുന്നു അവതരിപ്പിച്ചിരുന്നത്. ഇതായിരിക്കാം അക്രമികളെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു.
പ്രവാസിയായിരുന്ന അവര്‍ അഭിനയത്തിനായി അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയെത്തിയതായിരുന്നു. സാബയുടെ ആദ്യ ചിത്രം ദി ലോ, (2004) ഒരു വലിയ വിജയമായിരുന്നു.
അവരുടെ ചിത്രം 'പാസിംഗ് ദി റെയിൻബോ' 2010 ൽ ചെൽസി കോളേജ് ഓഫ് ആർട്ട് ആൻഡ് ഡിസൈനിൽ ഒരു ആർട്ട് ഇൻസ്റ്റാളേഷനിൽ അവതരിപ്പിച്ചു.