- Home
- News
- International News
- Afghanistan: കടുത്ത പട്ടിണിയില്‍ അഫ്ഗാന്‍; ജീവന്‍ നിലനിര്‍ത്താന്‍ പഴകിയ റൊട്ടി
Afghanistan: കടുത്ത പട്ടിണിയില്‍ അഫ്ഗാന്‍; ജീവന്‍ നിലനിര്‍ത്താന്‍ പഴകിയ റൊട്ടി
പത്ത് മാസത്തെ താലിബാന്‍ രണ്ടാം ഭരണം അഫ്ഗാന് സമ്മാനിച്ചത് ദുരതങ്ങള്‍ മാത്രമാണ്. മുന്‍ താലിബാന്‍ ഭരണത്തില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ സ്വാതന്ത്രവും നല്ല ഭരണവും ഉറപ്പ് നല്‍കിയാണ് 2021 ഓഗസ്റ്റില്‍ യുഎസ് സേനയുടെ പിന്മാറ്റത്തിന് പിന്നാലെ താലിബാന്‍ കാബൂള്‍ കീഴടക്കിയത്. എന്നാല്‍, അധികാരം ലഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ താലിബാനിലെ തീവ്രവാദി വിഭാഗം അധികാരം കൈക്കലാക്കി. ഇതോടെ സുന്നി പഷ്ത്തൂണ്‍ തീവ്ര മതാഭിമുഖ്യമുള്ളവര്‍ക്ക് അധികാരത്തില്‍ മേല്‍ക്കൈ ലഭിച്ചു. പിന്നീടങ്ങോട്ട് സ്ത്രീകളുടെ സ്വാതന്ത്രത്തിലും വിദ്യാഭ്യാസത്തിലും വിലക്കിട്ട താലിബാന്‍ പലപ്പോഴും തങ്ങളുടെ സൈനികര്‍ക്കാര്‍ക്കായി വീടുകളില്‍ നിന്ന് സ്ത്രീകളെ തട്ടികൊണ്ട് പോകുന്നതടക്കമുള്ള സംഭവങ്ങള്‍ അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓരോ ദിവസം കഴിയുമ്പോറും ജീവിക്കാനായി പെടാപ്പാട് പെടുകയാണ് തങ്ങളെന്ന് ഓരോ അഫ്ഗാനികളും വിളിച്ച് പറയുന്നു.

ഓഗസ്റ്റില്‍ അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ സ്വയം മുന്നോട്ട് വച്ചവയൊന്നും പാലിക്കാന്‍ താലിബാന്‍ തയ്യാറായിട്ടില്ല. പ്രത്യേകിച്ചും സ്ത്രീകളുടെ സ്വാതന്ത്രക്കാര്യത്തില്‍. ഇതോടെ താലിബാനെ അഫ്ഗാന്‍റെ ഭരണകൂടമായി അംഗീകരിക്കുന്നതില്‍ നിന്നും പാശ്ചാത്യരാജ്യങ്ങള്‍ പിന്നോട്ട് പോയി.
അതോടൊപ്പം താലിബാൻ അധികാരമേറ്റതിന് ശേഷം അഫ്ഗാനിസ്ഥാന്‍റെ വികസന സഹായങ്ങൾക്ക് ലഭിച്ചിരുന്ന വലിയ തോതിൽ വിദേശ സഹായം നിർത്തലാക്കപ്പെട്ടു. അതോടൊപ്പം രാജ്യത്തിന്‍റെ സെൻട്രൽ ബാങ്ക് കരുതൽ ശേഖരം മരവിപ്പിക്കാനും പാശ്ചാത്യ രാജ്യങ്ങള്‍ തീരുമാനിച്ചു,
ഇതോടെ സ്വതവേ തകര്‍ന്നിരുന്ന അഫ്ഗാന്‍ സാമ്പത്തിക വ്യവസ്ഥ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്ന് തരിപ്പണമായി. അഫ്ഗാന്‍ കറന്‍സിയായ അഫ്ഗാന്‍ അഫ്ഗാനിയുടെ (Afghan afghani) മൂല്യം കുത്തനെ താഴേക്ക് പോയി. പണത്തിന്‍റെ മൂല്യം തകര്‍ന്നത് പണപ്പെരുപ്പത്തിന് കാരണമാക്കി.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാസങ്ങളായി ശമ്പളമില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ കൈക്കൂലി സര്‍വ്വസാധാരണമായി. ജനങ്ങളുടെ വരുമാനം മൂന്നിലൊന്നായി കുറഞ്ഞു. എന്നാല്‍, ഭക്ഷ്യസാധനങ്ങളുടെ വില ഇരട്ടിയിലേറെയായി.
ഓരോ ദിവസവും കടന്ന് പോവുകയെന്നത് അങ്ങേയറ്റം പ്രയാസമുള്ള കാര്യമാണെന്ന് ഓരോ അഫ്ഗാനിയും പറയന്നു. 30 വർഷമായി കാബൂളിലെ പുൽ-ഇ-ഖേഷ്തി മാർക്കറ്റിൽ റൊട്ടി വില്‍പ്പന നടത്തുന്ന ഷാഫി മുഹമ്മദ് പറയന്നത്.
ആളുകള്‍ പണ്ട് ആടിന് നല്‍കിയിരുന്ന മോശം റൊട്ടികള്‍ കഴിച്ചാണ് കാബൂളില്‍ പോലും ജീവിതം തള്ളിനീക്കുന്നതെന്നാണ്. ശൈത്യകാലത്തെ പട്ടിണിയെക്കുറിച്ചുള്ള നിരന്തര റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് അഫ്ഗാനിലേക്ക് വിവിധ രാജ്യങ്ങള്‍ ഭക്ഷ്യ സഹായം അനുവദിച്ചു.
എന്നാല്‍ അത് ആവശ്യമായതിന്‍റെ പകുതിപോലും ആകുന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാബൂളിൽ ഉടനീളമുള്ള ബേക്കറികൾക്ക് പുറത്ത്, സ്ത്രീകളും പെൺകുട്ടികളും അടങ്ങിയ കൂട്ടം വൈകുന്നേരങ്ങളില്‍ വിതരണം ചെയ്യുന്ന സൗജന്യ റൊട്ടി കക്ഷണങ്ങള്‍ക്ക് വേണ്ടി ക്യൂവിൽ നിൽക്കുന്നത് ഇന്ന് അഫ്ഗാന്‍റെ തലസ്ഥാന നഗരിയില്‍ ഒരു സാധാരണ കാഴ്ചയായിമാറി.
ഇതിനിടെയാണ് മുന്‍ അഫ്ഗാനിസ്ഥാന്‍ വൈസ് പ്രസിഡന്‍റും യുദ്ധ പ്രഭുവുമായ അബ്ദുൾ റാഷിദ് ദോസ്തത്തിന്‍റെ നേതൃത്വത്തില്‍ മുന്‍ അഫ്ഗാന്‍ യുദ്ധപ്രഭുക്കള്‍ അങ്കാറയില്‍ ഒത്തുചേര്‍ന്നത്. സ്ത്രീകളടക്കം 40 ഓളം യുദ്ധപ്രഭുക്കള്‍ യോഗത്തിനുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
യുഎസ് അധിനിവേശകാലത്ത് യുഎസിന്‍റെ വക്താക്കളായി പല പ്രവിശ്യകളിലും ഭരണം നടത്തിയിരുന്നവരാണ് ഒത്തുചേര്‍ന്നവരില്‍ പലരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറുവുകയും തങ്ങള്‍ക്കും ഭരണ പങ്കാളിത്തം അനുവദിക്കണമെന്നുമാണ് ഇവരുടെ ഒരാവശ്യം. അല്ലാത്ത പക്ഷം യുദ്ധത്തിന് തയ്യാറാകാനും ഇവര്‍ താലിബാന് മുന്നറിയിപ്പ് നല്‍കുന്നു.
ഇതിനിടെ താലിബാന് രണ്ടാം വരവില്‍ ഏറ്റവും കൂടുതല്‍ നാശം വരുത്തിയ പഞ്ച്ശീരില്‍ വീണ്ടും യുദ്ധമുഖം തുറന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ടിന്‍റെ തലവന്‍ അഹ്മദ് മസ്സൂദായിരുന്നു ആദ്യം പഞ്ച്ശീരില്‍ യുദ്ധമുഖം തുറന്നത്. എന്നാല്‍, പാക് പിന്തുണയോടെ ഈ പ്രതിരോധം താലിബാന്‍ അന്ന് അവസാനിപ്പിച്ചിരുന്നു. ഇതാണ് വീണ്ടും സജീവമായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam