സ്വാതന്ത്ര്യത്തിനായി മാർച്ച് നടത്താന്‍ ബെലാറൂസ് ജനത
നീണ്ട 26 വര്‍ഷത്തെ ഭരണത്തിനൊടുവില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമായ വേളയിലായിരുന്നു റഷ്യയുടെ അയല്‍രാജ്യമായ ബെലാറൂസില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ എല്ലാ നിരീക്ഷണങ്ങളെയും അട്ടിമറിച്ച് ഓഗസ്റ്റ് 9 ലെ തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റായി അലക്സാണ്ടർ ലുകാഷെങ്കോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അലക്സാണ്ടർ ലുകാഷെങ്കോയുടെ വിജയപ്രഖ്യാപനം മുതല്‍ ബെലാറൂസില്‍ ജനങ്ങള്‍ തെരുവിലാണ്. ജനങ്ങളെ നേരിടാന്‍ സൈന്യത്തെ തന്നെയാണ് പ്രസിഡന്‍റ് രംഗത്തിറക്കിയിരിക്കുന്നത്. സത്യസന്ധമായ വാര്‍ത്തകള്‍ പുറത്ത് വിടാത്തതിനാല്‍ ജനങ്ങള്‍ രാജ്യത്തെ ടെലിവിഷന്‍ ചാനലിന്‍റെ മുന്നിലും പ്രതിഷേധമുയര്‍ത്തി. പ്രകടനത്തില്‍ പരിക്കേറ്റവരെ കുറിച്ച് പൂർണ്ണമായ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേര്‍ ശനിയാഴ്ച ദേശീയ ചാനലിന് മുന്നില്‍ തടിച്ചുകൂടി. കഴിഞ്ഞയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് അലക്സാണ്ടർ ലുകാഷെങ്കോ തകർപ്പൻ വിജയം നേടിയതിനെത്തുടർന്നുണ്ടായ അസ്വസ്ഥതയില്‍ നിന്നാണ് ജനങ്ങള്‍ തെരുവുകള്‍ കൈയടക്കിത്തുടങ്ങിയത്. രാജ്യത്ത് നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്ന് ജനങ്ങള്‍ ആരോപിച്ചു. 26 വർഷമായി അധികാരത്തിലിരിക്കുന്ന ലുകാഷെങ്കോ ഓഗസ്റ്റ് 9 ന് നടന്ന തെരഞ്ഞെടുപ്പില്‍ വിജയം മോഷ്ടിക്കുകയായിരുന്നുവെന്നാണ് പ്രധാന പ്രതിപക്ഷ ആരോപണം. പ്രതിഷേധത്തിൽ നിരവധി പോലീസുകാരുള്‍പ്പെടെ നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റു.
1994 മുതൽ അധികാരത്തിലിരിക്കുന്ന ലുകാഷെങ്കോ 80.1 ശതമാനം വോട്ടും പ്രധാന പ്രതിപക്ഷ സ്ഥാനാർത്ഥി സ്വെറ്റ്‌ലാന തിഖനോവ്സ്കായ 10.12 ശതമാനവും നേടിയെന്നാണ് സര്‍ക്കാര്‍ പുറത്ത് വിട്ട തെരഞ്ഞെടുപ്പ് ഫലം.
എന്നാൽ, വോട്ടുകൾ ശരിയായി കണക്കാക്കപ്പെട്ടിരുന്നെങ്കില്‍ തനിക്ക് 60 ശതമാനം മുതൽ 70% വരെ പിന്തുണ ലഭിക്കേണ്ടിയിരുന്നുവെന്ന് മിസ് തിഖനോവ്സ്കയ പറയുന്നു
രാജ്യത്ത് ശനിയാഴ്ചയും അക്രമം തുടരുന്നതിനിടെ, റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനോട് ബെലാറൂസ് പ്രസിഡന്‍റ് അലക്സാണ്ടർ ലുകാഷെങ്കോ സഹായം തേടി.
പുറത്ത് നിന്നുള്ള സൈനിക ഭീഷണികളെ പ്രതിരോധിക്കാന്‍ സുരക്ഷാ സഹായം നൽകാൻ റഷ്യ സമ്മതിച്ചതായി ബെലാറൂസ് പ്രസിഡന്‍റ് അലക്സാണ്ടർ ലുകാഷെങ്കോ ഇതിനിടെ ജനങ്ങളോട് പറഞ്ഞു.
അയൽരാജ്യമായ പോളണ്ടിലും ലിത്വാനിയയിലും നടക്കുന്ന നാറ്റോ സൈനികാഭ്യാസത്തെക്കുറിച്ച് ലുകാഷെങ്കോ ആശങ്കയും പ്രകടിപ്പിച്ചു.
തുടര്‍ന്നാണ് ബെലാറൂസിന് ബാഹ്യ സൈനിക ഭീഷണികൾ ഉണ്ടായാൽ സമഗ്രമായ സഹായം നൽകുമെന്ന് പ്രസിഡന്‍റ് പുടിൻ വാഗ്ദാനം ചെയ്തതായി ലുകാഷെങ്കോ പറഞ്ഞു.
ബെലാറൂസിലെ തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വകമായിരുന്നില്ലെന്ന് യുഎസും യൂറോപ്യന്‍ യൂണിയനും പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് ബെലാറൂസിലേക്കുള്ള റഷ്യയുടെ സൈനിക സഹായ വാഗ്ദാനം.
അതിനിടെ ശനിയാഴ്ച, മൂന്ന് ബാൾട്ടിക് റിപ്പബ്ലിക്കുകളായ ലാറ്റ്വിയ, ലിത്വാനിയ, എസ്റ്റോണിയ എന്നിവയുടെ പ്രധാനമന്ത്രിമാര്‍ സംയുക്തമായി ' ബെലാറൂസില്‍ നടക്കുന്ന അക്രമാസക്തമായ അടിച്ചമർത്തലിനെക്കുറിച്ചും അധികാരികളുടെ പ്രതിപക്ഷ രാഷ്ട്രീയ അടിച്ചമർത്തലിനെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു'.
ബെലാറൂസ് ഭരണകൂടം പ്രതിഷേധക്കാർക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിച്ച് സിവിൽ സൊസൈറ്റി അംഗങ്ങളുമായി ഒരു ദേശീയ കൗൺസിൽ രൂപീകരിക്കുകയാണെങ്കില്‍ ലിത്വാനിയയും ലാറ്റ്വിയയും മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നും അറിയിച്ചു. അല്ലെങ്കില്‍ ഉപരോധം നേരിടേണ്ടിവരുമെന്നും അവർ മുന്നറിയിപ്പ് നൽകി.
ബെലാറൂസില്‍ നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പ് സ്വതന്ത്രമോ ന്യായമോ നീതിയുക്തമോ അല്ലെന്നും അന്താരാഷ്ട്ര നിരീക്ഷകരുടെ പങ്കാളിത്തത്തോടെ സുതാര്യമായി വോട്ട് ചെയ്യാന്‍ ജനങ്ങളെ അനുവദിക്കണമെന്നും ഈ രാജ്യങ്ങളുടെ നേതാക്കൾ ആവശ്യപ്പെട്ടു.
സമാധാനപരമായ പ്രകടനക്കാർക്കെതിരായ അതിക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും എല്ലാ രാഷ്ട്രീയ തടവുകാരെയും തടങ്കലിലാക്കിയവരെയും മോചിപ്പിക്കണമെന്നും ബാൾട്ടിക് റിപ്പബ്ലിക്കുകളുടെ പ്രധാനമന്ത്രിമാർ ബെലാറസ് അധികൃതരോട് അഭ്യർത്ഥിക്കുന്നു.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടർന്ന് തിഖനോവ്സ്കയ ലിത്വാനിയയിലേക്ക് പുറപ്പെട്ടു. വോട്ടെടുപ്പിന് മുമ്പ് തന്നെ ഇവർ മക്കളെ സുരക്ഷയ്ക്കായി ലിത്വാനിയയിലേക്ക് അയച്ചിരുന്നു.
തെരഞ്ഞെടുപ്പിനെത്തുടർന്ന് 6,700 പേരെയാണ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. മോചിതരായ തടവുകാര്‍ ഏതാണ്ട് എല്ലാവരും ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ആംനസ്റ്റി ഇന്‍റർനാഷണൽ പറഞ്ഞു.
കൂടുതൽ സമാധാനപരമായ റാലികൾക്കായി ടിഖാനോവ്സ്കയയുടെ ആഹ്വാനത്തെ തുടർന്ന് പ്രകടനങ്ങൾ തുടരുകയാണ്. ശനിയാഴ്ച നടന്ന പ്രതിഷേധത്തിൽ പങ്കുചേരാൻ നൂറോളം സര്‍ക്കാര്‍ ചാനല്‍ ഉദ്യോഗസ്ഥർ ജോലിക്കിടെ ഇറങ്ങിയതായും ഇവര്‍ തിങ്കളാഴ്ചയും പണിമുടക്ക് ആസൂത്രണം ചെയ്തതായും എഎഫ്‌പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
“എല്ലാവരേയും പോലെ സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്തണമെന്നും ജനകീയ പ്രതിഷേധത്തിൽ തടങ്കലിലാക്കിയവരെ മോചിപ്പിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു,” ആൻഡ്രി യരോഷെവിച്ച് എന്ന പ്രതിഷേധക്കാരിലൊരാള്‍ എഎഫ്പിയോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് ദിവസം, ബെലാറൂഷ്യൻ സ്റ്റേറ്റ് ചാനലുകൾ ലുകാഷെങ്കോ അനുകൂലികളുടെ പ്രസംഗങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. എന്നല്‍ ടെലിവിഷന്‍ ചാനലുകള്‍ ജനങ്ങളുടെ പ്രതിഷേധത്തെ മറച്ചുവെച്ചില്ലെന്നും പിന്നീട് സ്റ്റേറ്റ് ടിവി തന്നെ അക്രമത്തിന്റെ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്തെന്നും നിരവധി മാധ്യമ പ്രവർത്തകർ രാജിവെച്ചെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
മെട്രോ സ്റ്റേഷന് സമീപം ആയിരക്കണക്കിന് ആളുകൾ പ്രതിഷേധത്തില്‍ പങ്കെടുത്തു. മെഴുകുതിരികൾ കത്തിച്ച് വച്ചും പൂക്കൾ പ്രദര്‍ശിപ്പിച്ചും അവര്‍ പ്രതിഷേധിച്ചു. പരിക്കേറ്റ പ്രതിഷേധക്കാരുടെ ചിത്രങ്ങൾ പ്രകടനത്തിനെത്തിയവര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. പ്രക്ഷേഭകര്‍ പ്രസിഡന്‍റ് രാജിവെക്കുക എന്ന് മുദ്രാവാക്യം വിളിച്ചു.
സമാധാനമായി പ്രതിഷേധിച്ചവരെ കായികമായി നേരിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
ബെലാറൂസിലെ സ്വീഡിഷ് അംമ്പാസിഡര്‍ ക്രിസ്റ്റീന ജോഹാന്‍സന്‍, സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് വെടിയേറ്റ് മരിച്ചയാളുടെ പോസ്റ്ററില്‍ പൂഷ്പങ്ങള് അര്‍പ്പിക്കാനായി നടക്കുന്നു.