- Home
- News
- International News
- US Tornadoes: കാലാവസ്ഥാ വ്യതിയാനം ; ആറ് സംസ്ഥാനങ്ങളില്‍ ആഞ്ഞ് വീശി 30 -തോളം ചുഴലിക്കാറ്റുകള്‍, മരണം നൂറോളം
US Tornadoes: കാലാവസ്ഥാ വ്യതിയാനം ; ആറ് സംസ്ഥാനങ്ങളില്‍ ആഞ്ഞ് വീശി 30 -തോളം ചുഴലിക്കാറ്റുകള്‍, മരണം നൂറോളം
അമേരിക്കയിലെ (America) കെന്‍റക്കിയില്‍ (Kentucky) കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റില്‍ (tornado) കനത്ത നാശനഷ്ടം. ചുഴലിക്കാറ്റിനെ തുടര്‍ന്ന് നൂറോളം പേര്‍ മരിച്ചതായി അനൌദ്ധ്യോഗീക കണക്കുകള്‍ പറയുന്നു. സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ ചുഴലിക്കാറ്റാണ് വീശിയടിച്ചത്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒരു ചരക്ക് തീവണ്ടി പാളം തെറ്റി. പ്രദേശത്തെ വൈദ്യുതി ജല വിതരണം സംവിധാനങ്ങള്‍ തകര്‍ന്നു. കെന്‍റക്കി ജില്ലാ ജഡ്ജി ബ്രയാൻ ക്രിക്ക് (43), മക്ലീൻ, മുഹ്‌ലെൻബെർഗ് കൗണ്ടികളിൽ സേവനമനുഷ്ഠിച്ച വിവാഹിതനായ മൂന്ന് കുട്ടികളുടെ പിതാവും കൊടുങ്കാറ്റിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് കോമൺവെൽത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥിരീകരിച്ചു. കാലാവസ്ഥാ വ്യതിയാനമാണ് ചുഴലിക്കാറ്റിന് കാരണെന്നാണ് പ്രഥമിക നിഗമനം. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഏതാണ്ട് 30-ലധികം ചുഴലിക്കാറ്റുകൾ മിസിസിപ്പി മുതൽ ആറ് യുഎസ് സംസ്ഥാനങ്ങളിൽ നാശം വിതച്ചെന്നാണ് റിപ്പോര്‍ട്ട്.

കെന്‍റക്കിയുടെ വിദൂര പടിഞ്ഞാറൻ ഭാഗത്തുള്ള 10,000-ത്തോളം ആളുകൾ താമസിക്കുന്ന മെയ്ഫീൽഡ് പട്ടണമാണ് നാശത്തിന്‍റെ പ്രഭവകേന്ദ്രം. ബ്ലൂഗ്രാസ് സ്റ്റേറ്റ് ഇല്ലിനോയിസ്, മിസൗറി, ടെന്നസി എന്നിവയുമായി അതിർത്തി പങ്കിടുന്ന സ്ഥലമാണിത്. കെന്‍റക്കില്‍ മാത്രം 80 ലധികം പേര്‍ മരിച്ചു. ഇതില്‍ 76 പേര്‍ ലൂയിസ്‌വില്ലെ പ്രദേശത്താണ്.
മരിച്ചവരില്‍ പലരും മെയ്ഫീൽഡിലെ മെഴുകുതിരി ഫാക്ടറിയിലെ തൊഴിലാളികളാണെന്ന് ഗവർണർ ആൻഡി ബെഷിയർ ഞായറാഴ്ച രാവിലെ പറഞ്ഞു. 1890 ൽ സ്ഥാപിച്ച ഈ മെഴുകുതിരി ഫാക്ടറി ചുഴലിക്കാറ്റില്‍ തകര്‍ന്ന് നാമാവശേഷമായി.
ഞങ്ങൾ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മാരകമായ ചുഴലിക്കാറ്റാണ് വെള്ളിയാഴ്ച രാത്രിയിലുണ്ടായത്. കാണാതായവരുടെ പട്ടിക ഏട്ട് പേജ് വരുമെന്നും ഗവർണർ ആൻഡി ബെഷിയർ സിഎന്‍എന്നോട് പറഞ്ഞു.
തകര്‍ന്ന് പോയ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ക്കിടയില്‍ ആരെങ്കിലും ഉണ്ടോയെന്ന് അന്വേഷണമാണ് ഇപ്പോഴും നടക്കുന്നെതന്നും അദ്ദേഹം പറഞ്ഞു. അർക്കൻസാസിലെ ഒരു നഴ്സിംഗ് ഹോം, ഇല്ലിനോയിസിലെ ഒരു ആമസോൺ ഡിസ്ട്രിബ്യൂഷൻ സെന്‍റർ എന്നിവ തര്‍ക്കപ്പെട്ടു. ഏതാണ്ട് 200 വീടുകള്‍ പൂര്‍ണ്ണമായോ ഭാഗീകമായോ തകര്‍ക്കപ്പെട്ടു.
അവശിഷ്ടങ്ങൾക്കടിയിൽ രക്ഷപ്പെട്ടവരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്ലെന്ന് അധികൃതർ പറഞ്ഞു. രക്ഷാപ്രവർത്തകരും സന്നദ്ധപ്രവർത്തകരും പ്രദേശവാസികളും നാശനഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഉപയോഗയോഗ്യമായത് കണ്ടെത്താനുള്ള ശ്രമത്തിലാണ്.
വെള്ളിയാഴ്ച രാത്രി യുഎസ് മിഡ്‌വെസ്‌റ്റ്, സൗത്ത് എന്നിവയിലൂടെ 200 മൈൽ (320 കിലോമീറ്റർ) വേഗതയില്‍ വീശിയടിച്ച കാറ്റില്‍ കെന്‍റക്കിയിൽ മാത്രം 100 പേർ കൊല്ലപ്പെട്ടതായി കരുതുന്നു. ടെന്നസിയിൽ 70,000-ത്തിലധികം ആളുകൾക്ക് വൈദ്യുതിയില്ല.
കെന്‍റക്കിയിലെ മെയ്ഫീൽഡ് എന്ന ചെറുപട്ടണത്തിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുള്ളത്. ഒരു മെഴുകുതിരി ഫാക്ടറി, അഗ്നിശമന, പോലീസ് സ്റ്റേഷനുകള്‍ എന്നിവയെല്ലാം തകര്‍ക്കപ്പെട്ടു. സംസ്ഥാനത്തിന്‍റെ തെക്കുപടിഞ്ഞാറൻ പ്രദേശത്തെ 10,000 ആളുകളുള്ള പട്ടണത്തിൽ ഉടനീളം തകര്‍ന്ന വീടുകളുടെ ദൃശ്യങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.
നിരവധി മരങ്ങള്‍ പിഴുത് ഏറിയപ്പെട്ട നിലയിലാണ്. വൈദ്യുതി ബന്ധം തകര്‍ന്നതിനാല്‍ പ്രദേശം ഏതാണ്ട് പൂര്‍ണ്ണമായും ഇരുട്ടിലായിരുന്നു. ഇല്ലിനോയിസിൽ, ഒരു വെയർഹൗസ് മേൽക്കൂര തകര്‍ന്ന് ആമസോണ്‍ ഡോട്ട് കോം തൊഴിലാളികളായ ആറ് പേര്‍ മരിച്ചു.
45 ആമസോൺ ജീവനക്കാരെ 5,00,000 ചതുരശ്ര അടി വിസ്തീർണമുള്ള ഇല്ലിനോയിയിലെ എഡ്വേർഡ്‌സ്‌വില്ലെ ഫെസിലിറ്റിയുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തിയതായി അഗ്നിശമനസേനാ മേധാവി ജെയിംസ് വൈറ്റ്‌ഫോർഡ് പറഞ്ഞു.
എന്നാല്‍, സംഭവ സമയത്ത് ഏത്രപേര്‍ ജോലി ചെയ്തിരുന്നു എന്നതിന്‍റെ കണക്കുകളില്ലാത്തതിനാല്‍ ഇനിയെത്ര പേരെ കണ്ടെത്താനുണ്ടെന്ന് പറയാന്‍ കഴിയില്ലെന്നാണ് സോർട്ടിംഗ് ആൻഡ് ഡെലിവറി സെന്‍റര്‍ അറിയിച്ചത്.
വടക്കുകിഴക്കൻ അർക്കൻസാസിൽ രൂപപ്പെട്ട ഒരു സൂപ്പർ സെൽ കൊടുങ്കാറ്റ് അർക്കൻസാസ്, മിസോറി എന്നിവിടങ്ങളിൽ നിന്ന് ടെന്നസിയിലേക്കും പിന്നീട് കെന്‍റക്കിയിലേക്കും നീങ്ങുകയായിരുന്നു.
അസാധാരണമായ ഉയർന്ന താപനിലയും ഈർപ്പവുമാണ് ഡിസംബറില്‍ ഇത്തരമൊരു ചുഴലിക്കാറ്റിന് കാരണമായതായി വിദഗ്ധർ പറഞ്ഞു. അതിശക്തമായ കൊടുങ്കാറ്റിന് കാരണമാകുന്ന തരത്തില്‍ കാലാവസ്ഥാ വ്യതിയാനം എന്ത് പങ്കുവഹിച്ചെന്ന് അന്വേഷിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു
ചുഴലിക്കാറ്റിനെ "സങ്കൽപ്പിക്കാനാവാത്ത ദുരന്തം" എന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ കെന്‍റക്കിയിൽ ഫെഡറൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അർക്കൻസാസ്, ഇല്ലിനോയിസ്, കെന്റക്കി, മിസിസിപ്പി, മിസോറി, ടെന്നസി തുടങ്ങിയ സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റ് വീശിയടിച്ചതായി സ്റ്റോം പ്രെഡിക്ഷൻ സെന്‍ററിലെ ഓപ്പറേഷൻസ് ചീഫ് ബിൽ ബണ്ടിംഗ് പറഞ്ഞു.
ചുഴലിക്കാറ്റുകളെ തുടര്‍ന്ന് മിഡ്‌വെസ്റ്റിന്‍റെയും പടിഞ്ഞാറൻ ഗ്രേറ്റ് ലേക്കുകളുടെയും ഭാഗങ്ങളിൽ ഗണ്യമായ മഞ്ഞുവീഴ്ചയ്ക്ക് കാരണമായി. ഉദ്യോഗസ്ഥർ നാശനഷ്ടത്തിന്‍റെ വ്യാപ്തി വിലയിരുത്തുകയാണ്. വൈദ്യുതി മുടക്കം കെന്‍റക്കിയിലെ 77,000 ഉപഭോക്താക്കളെയും ടെന്നസിയിലെ 53,000 ഉപഭോക്താക്കളെയും ബാധിച്ചതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇൻഡ്യാന, കെന്റക്കി, ഇല്ലിനോയിസ്, മിസോറി എന്നിവയുൾപ്പെടെ മിഡ്‌വെസ്റ്റിന്‍റെ ചില ഭാഗങ്ങളിൽ ദേശീയ കാലാവസ്ഥാ സേവനം ഒറ്റരാത്രികൊണ്ട് നിരവധി ടൊർണാഡോ നിരീക്ഷണങ്ങളും മുന്നറിയിപ്പുകളും നൽകി.
തെക്കുകിഴക്കൻ യുഎസിൽ കടുത്ത കാലാവസ്ഥ ഭീഷണിയായി തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി അലജാൻഡ്രോ മയോർക്കസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ 30-ലധികം പ്രത്യേക ചുഴലിക്കാറ്റുകൾ മിസിസിപ്പി മുതൽ ആറ് യുഎസ് സംസ്ഥാനങ്ങളിൽ വിനാശകരമായ ശക്തിയിലും വേഗതയിലും നീങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam