- Home
- News
- International News
- Ukriane War: റഷ്യന്‍ പിന്മാറ്റത്തിന് പിന്നാലെ ഇര്‍പിനില്‍ ഡസന്‍ കണക്കിന് ശവക്കുഴികള്‍ കണ്ടെത്തി
Ukriane War: റഷ്യന്‍ പിന്മാറ്റത്തിന് പിന്നാലെ ഇര്‍പിനില്‍ ഡസന്‍ കണക്കിന് ശവക്കുഴികള്‍ കണ്ടെത്തി
ലോകത്ത് കൊവിഡ് വ്യാപനം തീവ്രമായ കാലത്താണ് ബ്രസീലില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള ശ്മശാന ചിത്രങ്ങള്‍ ലോകശ്രദ്ധയിലേക്ക് എത്തിയത്. ഏതാണ്ട് അതുപോലെ തന്നെ ഇന്ന് യുക്രൈനിലെ ശ്മശാന ചിത്രങ്ങളും ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും ഈ ശ്മശാനങ്ങളുടെ വലിപ്പം കൂടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 24-നാണ് റഷ്യ, നവനാസി സൈനിക സാന്നിധ്യമുണ്ടെന്ന് ആരോപിച്ച് യുക്രൈന്‍ അക്രമണം ആരംഭിച്ചത്. തുടര്‍ന്ന് നീണ്ട നാല്പത്തിയഞ്ച് ദിവസത്തോളം യുക്രൈനില്‍ നിന്ന് പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥി പ്രവാഹമായിരുന്നു. ഒടുവില്‍ കീവ് നോരെ അതിശക്തമായ അക്രമണം നടത്തിയെങ്കിലും കനത്ത നാശനഷ്ടം നേരിട്ട റഷ്യ, കീവ് ഉപേക്ഷിച്ച് പിന്മാറി. യുക്രൈന്‍റെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ നിന്നും പിന്‍മാറിയ റഷ്യ, തെക്ക് കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെ റഷ്യ പിന്മാറിയ പ്രദേശങ്ങളില്‍ നിന്ന് നൂറ് കണക്കിന് സാധാരണക്കാരായ യുക്രൈനികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

തലസ്ഥാനമായ കീവിന്‍റെ പടിഞ്ഞാറുള്ള ബുച്ച എന്ന നഗരത്തില്‍ നിന്നും റഷ്യന്‍ സൈനികര്‍ വധിച്ച 900 ഓളം യുക്രൈനികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ മിക്കതും കൈകള്‍ പിന്നില്‍ കെട്ടിയ നിലയില്‍ കൂട്ടകുഴിമാടങ്ങളില്‍ നിന്നാണ് കണ്ടെത്തിയത്. മൃതദേഹങ്ങളുടെ എല്ലാം തലയ്ക്ക് പുറകില്‍ വെടിയേറ്റിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏറ്റവും ഒടുവിലായി ഇര്‍പിനില്‍ നിന്നും ഡസന്‍ കണക്കിന് ശവക്കുഴികളാണ് ഓരോ ദിവസവും കണ്ടെത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇർപിനിൽ നിന്നും മറ്റ് പട്ടണങ്ങളിൽ നിന്നും റഷ്യൻ സൈന്യം പിൻവാങ്ങിയതിനുശേഷം, നിരപരാധികളായ സാധാരണക്കാരെ കൊലപ്പെടുത്തിയത് ഉൾപ്പെടെയുള്ള യുദ്ധക്കുറ്റങ്ങളുടെ വർദ്ധിച്ചുവരുന്ന തെളിവുകളാണ് ഇപ്പോള്‍ ലഭ്യമായിക്കൊണ്ടിരിക്കുന്നത്.
മാർച്ച് അവസാനം റഷ്യൻ സേനയിൽ നിന്ന് ഇര്‍പിന്‍ നഗരം തിരിച്ചെടുത്തതിന് ശേഷം യുക്രൈന്‍ ഉദ്യോഗസ്ഥര്‍ 269 മൃതദേഹങ്ങളാണ് ഇതുവരെയായി കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. നഗരത്തിന്‍റെ പ്രാന്തപ്രദേശത്ത് നിന്നായി പുതിയ ശവക്കുഴികള്‍ തൊഴിലാളികള്‍ കണ്ടെത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുദ്ധത്തിനുമുമ്പ് ഏകദേശം 62,000 ജനസംഖ്യയുണ്ടായിരുന്ന നഗരമാണ് ഇര്‍പിന്‍. റഷ്യ കിഴക്കൻ ആക്രമണം ശക്തമാക്കുന്നതിനായി യുക്രൈന്‍റെ വടക്കൻ പ്രദേശങ്ങളിൽ നിന്ന് പിൻവാങ്ങുന്നതിന് മുമ്പ്, റഷ്യൻ സൈനികരുമായുള്ള പോരാട്ടത്തിന്‍റെ പ്രധാന ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നായിരുന്നു ഈ നഗരം.
"ഇപ്പോൾ ഞങ്ങൾ 269 മൃതദേഹങ്ങള്‍ പരിശോധിച്ചു. ഒരു ഓൺലൈൻ ബ്രീഫിംഗിൽ യുക്രൈന്‍ പൊലീസിന്‍റെ പ്രധാന അന്വേഷണ വിഭാഗത്തിന്‍റെ പ്രഥമ ഉപമേധാവി സെർഹി പന്തേലേവ് മാധ്യമങ്ങളോട് പറഞ്ഞു. കണ്ടെത്തിയ മൃതദേഹങ്ങളുടെ മരണകാരണം കണ്ടെത്താൻ ഫോറൻസിക് ജോലികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുരുതരമായ നിലയില്‍ കത്തിക്കരിഞ്ഞ മനുഷ്യ ശരീരങ്ങളുടെ ചിത്രങ്ങളും നഗരത്തില്‍ നിന്ന് പുറത്ത് വന്നു. റഷ്യന്‍ സേന യുക്രൈനിലെ സാധാരണക്കാരെ വെടിവെച്ച് കൊന്നതായി പറയപ്പെടുന്ന ഏഴ് സ്ഥലങ്ങൾ പരിശോധിച്ചതായും വരും ദിവസങ്ങളില്‍ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, യുക്രൈനിലെ സാധാരണക്കാരെ ലക്ഷ്യമിട്ടെന്ന ആരോപണം റഷ്യ നിഷേധിച്ചു. മാത്രമല്ല, യുക്രൈനിലെ സൈനിക നടപടിക്കിടെ തങ്ങളുടെ സേന യുദ്ധക്കുറ്റം ചെയ്തെന്ന ആരോപണവും റഷ്യ തള്ളിക്കളഞ്ഞു.
ഇതിനിടെ യുക്രൈന്‍റെ കിഴക്കന്‍ പ്രദേശങ്ങളായ ലുഹാൻസ്ക്, ഡൊണെറ്റ്സ്ക് എന്നീ പ്രദേശങ്ങള്‍ അക്രമിക്കാനായി റഷ്യ , കവചിത വാഹന വ്യൂഹത്തെ അയച്ചിരുന്നു. ഇതില്‍ ചില വാഹനവ്യൂഹങ്ങളെ യാത്രാവഴിയില്‍ വച്ച് തന്നെ യുക്രൈന്‍ സൈനികര്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
യുക്രൈന്‍ അധിനിവേശത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് റഷ്യ കടക്കുമ്പോള്‍ നാറ്റോ സഖ്യ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും യുക്രൈന് കൂടുതല്‍ ശക്തമായ ആയുധങ്ങള്‍ നല്‍കിത്തുടങ്ങി. ആയുധങ്ങളില്‍ അത്യാധുനിക മിസൈല്‍ സംവിധാനങ്ങളും ഡ്രോണുകളും വിമാനവേധ തോക്കുകളും അടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
യുക്രൈന്‍ യുദ്ധം അമ്പത്തിയഞ്ചം ദിവസത്തോട് അടുക്കുമ്പോള്‍ റഷ്യയ്ക്ക് മുന്നില്‍ ആദ്യമായി ഒരു യുക്രൈന്‍ നഗരം കീഴടങ്ങാന്‍ പോവുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുക്രൈന്‍റെ തെക്ക് കിഴക്കന്‍ മേഖലയിലെ പ്രധാന നഗരങ്ങളിലൊന്നായ മരിയുപോളാണ് റഷ്യയുടെ ആക്രമണത്തില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ കീഴടങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞ അമ്പത്തിയഞ്ച് ദിവസത്തിനിടെ യുക്രൈന്‍റെ പ്രധാനപ്പെട്ട പത്ത് നഗരങ്ങളിലൊന്ന് പോലും റഷ്യന്‍ സൈന്യത്തിന് കീഴടക്കാന്‍ കഴിഞ്ഞിരുന്നില്ല. ലോകത്ത് സൈനിക ശക്തിയില്‍ രണ്ടാം സ്ഥാനത്താണ് റഷ്യ എന്ന് കൂടി അറിയുമ്പോഴാണ് 22 -ാം സ്ഥാനത്തുള്ള യുക്രൈന്‍റെ പോരാട്ട വീര്യം വ്യക്തമാകുക.
യുദ്ധമാരംഭിച്ച ആദ്യ ദിവസം മുതല്‍ റഷ്യ, മരിയുപോളിന് നേര്‍ക്ക് ശക്തമായ മിസൈല്‍ അക്രമണമാണ് അഴിച്ച് വിട്ടത്. റഷ്യ ആരോപിച്ച നവനാസി സൈനിക വിഭാഗമായ അസോട്ട് ബറ്റാലിയന്‍റെ ശക്തി കേന്ദ്രം കൂടിയാണ് മരിയുപോള്‍. അസോട്ട് ബറ്റാലിയനാണ് റഷ്യയെ കിഴക്കന്‍ മേഖലയില്‍ പ്രതിരോധിച്ച് നിര്‍ത്തുന്നതും.
യുക്രൈന്‍റെ വടക്ക് പടിഞ്ഞാന്‍ പ്രദേശത്ത് നിന്ന് പിന്മാറുന്നതിന് കാരണമായി റഷ്യ ഉന്നയിച്ച വാദം തങ്ങളുടെ ലക്ഷ്യമല്ല കീവ് എന്നായിരുന്നു. മറിച്ച് 2014 ല്‍ ക്രിമിയന്‍ യുദ്ധാന്തരം യുക്രൈന്‍റെ തെക്ക് കിഴക്കന്‍ മേഖലയില്‍ ശക്തിപ്രാപിച്ച റഷ്യന്‍ വിമത പ്രദേശങ്ങള്‍ സ്വതന്ത്രമാക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും റഷ്യ കൂട്ടിചേര്‍ത്തിരുന്നു.
ഈ ലക്ഷ്യത്തിനായിട്ടാണ് പുടിന്‍ തന്‍റെ സേനയെ ഇപ്പോള്‍ യുക്രൈന്‍റെ തെക്ക് കിഴക്കന്‍ പ്രദേശത്തേക്ക് വിന്യസിച്ചിരിക്കുന്നതെന്നും യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. ഇതിനിടെ റഷ്യ, യുദ്ധമുഖത്തേക്ക് 16 വയസ് കഴിഞ്ഞ കൗമാരെക്കാരെയും ഉപയോഗിച്ചെന്ന് യുക്രൈന്‍ ആരോപിച്ചു. ഐക്യരാഷ്ട്രസഭയോട് ഇക്കാര്യത്തില്‍ യുക്രൈന്‍ അന്വേഷണവും ആവശ്യപ്പെട്ടു.
ലുഹാൻസ്ക്, ഡൊണെറ്റ്സ്ക് എന്നീ കിഴക്കന്‍ മേഖലകളിലെ റഷ്യന്‍ അനുകൂല അധിനിവേശ അധികാരികൾ "ദേശസ്നേഹ ക്ലബ്ബുകൾ" എന്ന് വിളിക്കപ്പെടുന്ന ക്ലബ്ലുകള്‍ വഴി, കുട്ടികളെ ഉപയോഗിച്ചുള്ള നിയമ വിരുദ്ധമായ സൈനിക ആയുധവത്കരണത്തിന് റഷ്യ ശ്രമിക്കുകയാണെന്നാണ് യുക്രൈന്‍റെ ആരോപണം. ഈ ആരോപണവും റഷ്യ നിഷേധിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam