- Home
- News
- International News
- Ukraine Crisis: യുഎസിനെ, അതിന്‍റെ സ്ഥാനത്ത് നിര്‍ത്താനറിയാമെന്ന് മുന്‍ റഷ്യന്‍ പ്രസിഡന്‍റ്
Ukraine Crisis: യുഎസിനെ, അതിന്‍റെ സ്ഥാനത്ത് നിര്‍ത്താനറിയാമെന്ന് മുന്‍ റഷ്യന്‍ പ്രസിഡന്‍റ്
സാധാരണക്കാര്‍ക്ക് നെരെയും നിറയൊഴിക്കുന്ന റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെ 'യുദ്ധ കുറ്റവാളി' (War Criminal) എന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ വിശേഷിപ്പിച്ചതിനോട് രൂക്ഷമായി പ്രതികരിച്ച് റഷ്യ. യുഎസ് റഷ്യയ്ക്കെതിരെ 'വെറുപ്പുണ്ടാക്കുന്ന റഷ്യാഫോബിയ' (disgusting Russiaphobia) വളര്‍ത്തുകയാണെന്ന് റഷ്യ ആരോപിച്ചു. യുഎസിനെ അതിന്‍റെ സ്ഥാനത്ത് നിര്‍ത്തേണ്ടിവരുമെന്ന് മുൻ റഷ്യൻ പ്രസിഡന്‍റ് ദിമിത്രി മെദ്‌വദേവ് (Dmitry Medvedev) പറഞ്ഞു. റഷ്യ ഇന്നും ആണവ ശക്തിയാണെന്നും ലോകത്തെ നശിപ്പിക്കാന്‍ റഷ്യയ്ക്ക് ശക്തിയുണ്ടെന്നും മെദ്വദേവ് മുന്നറിയിപ്പ് നല്‍കി. 2008 മുതൽ 2012 വരെ റഷ്യന്‍ പ്രസിഡന്‍റായിരുന്ന മെദ്‌വദേവ്, ഇന്ന് റഷ്യന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്‍റെ ഡെപ്യൂട്ടി സെക്രട്ടറിയാണ്.

മൂന്നോ നാലോ ദിവസത്തിനുള്ളില്‍ വിജയിക്കുമെന്ന പ്രതീക്ഷയില്‍ ഉക്രൈനിലെത്തിയ റഷ്യന്‍ സേനയെ കാത്തിരുന്നത് ഉക്രൈന്‍റെ അതിശക്തമായ പ്രതിരോധമായിരുന്നു. ടാങ്കുകളും കവചിത വാഹനങ്ങളും യുദ്ധവിമാനങ്ങളുമടക്കം നിരവധി ആയുധങ്ങളുടെയും പടക്കോപ്പുകളുടെയും നഷ്ടം ഉക്രൈനില്‍ റഷ്യയ്ക്ക് നേരിടേണ്ടിവന്നു.
Dmitry Medvedev
കഴിഞ്ഞ ദിവസങ്ങളില്‍ ആയിരക്കണക്കിന് റഷ്യന്‍ സൈനികരെ കീഴ്പ്പെടുത്തിയെന്നും 15,000 ത്തോളം സൈനികരെ വധിച്ചതായും ഉക്രൈന്‍ അവകാശപ്പെട്ടു. നാല് ജനറല്‍മാരടക്കം 13 ഉന്നത സൈനിക ഉദ്യോഗസ്ഥരെയും റഷ്യയ്ക്ക് നഷ്ടപ്പെട്ടെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് റഷ്യയുടെ കരുത്ത് വിളിച്ച് പറഞ്ഞ് മുന്‍ പ്രസിഡന്‍റ് തന്നെ രംഗത്തെത്തിയത്.
ഇതോടെ റഷ്യയിലെ പുടിന്‍ പക്ഷപാതികള്‍ ആണവ ആക്രമണ ഭീഷണികള്‍ ഉയര്‍ത്തിയും കാലിഫോർണിയയിലെ മുൻ റഷ്യൻ കോളനികളായ അലാസ്കയെയും ഫോർട്ട് റോസിനെയും 'തിരിച്ചെടുക്കാനുള്ള' ആഹ്വാനങ്ങളുമായും രംഗത്തെത്തി.
കീവ്, മരിയുപോള്‍ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ പോലും റഷ്യന്‍ യുദ്ധവിമാനങ്ങള്‍ കനത്ത ബോംബിങ്ങ് നടത്തുകയാണ്. റഷ്യന്‍ കരസേനയ്ക്ക് ഉക്രൈന്‍റെ മണ്ണില്‍ കാര്യമായ ഒരു മുന്നേറ്റം പോലും ഇതുവരെയായും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഉക്രൈനിലെ പ്രധാനപ്പെട്ട പത്ത് നഗരങ്ങളില്‍ ഒന്ന് പോലും കീഴ്പ്പെടുത്താനും റഷ്യയ്ക്ക് കഴിഞ്ഞിട്ടില്ല.
യുദ്ധം നാലാമത്തെ ആഴ്ചയിലേക്ക് നീളുമ്പോഴും കിഴക്കന്‍ ഉക്രൈനിലെ റഷ്യന്‍ വിമത പ്രദേശവും ഖര്‍സണ്‍ നഗരവും മാത്രമാണ് റഷ്യയുടെ നിയന്ത്രണത്തിലുള്ളത്. മറ്റിടങ്ങളില്ലെല്ലാം റഷ്യന്‍ സൈന്യത്തിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവരുന്നതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേ സമയം റഷ്യ ബോംബാക്രമണം തുടരുന്ന പ്രദേശങ്ങളില്‍ വെള്ളമോ ഭക്ഷണമോ വൈദ്യുതിയോ ഇല്ലെന്നും ബങ്കറുകളില്‍ താമസിക്കുന്നവര്‍ പട്ടിണിയെ നേരിടുകയാണെന്നും എപി റിപ്പോര്‍ട്ട് ചെയ്തു. വലിയ കുഴിമാടങ്ങളില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ച് മൂടുന്നു. അതില്‍ കൊച്ച് കുട്ടികള്‍ പോലുമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആയിരക്കണക്കിന് റഷ്യന്‍ സൈനികര്‍ക്ക് ഉക്രൈന്‍റെ പ്രതിരോധത്തില്‍ ജീവന്‍ നഷ്ടമായെന്ന യുഎസ്, യുകെ റിപ്പോര്‍ട്ടുകളാണ് റഷ്യയെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. ലോകത്തെ രണ്ടാമത്തെ സൈനിക ശക്തിയെന്ന റഷ്യന്‍ പകിട്ടിന് യുഎസ് റിപ്പോര്‍ട്ട് കളങ്കം വരുത്തിയെന്ന് റഷ്യ ആരോപിക്കുന്നു. റഷ്യയുടെ 7,000 ത്തോളം സൈനികര്‍ കൊല്ലപ്പെട്ടെന്നും 21,000 സൈനികര്‍ക്ക് പരിക്കുമേറ്റെന്നും യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
റഷ്യയുടെ ഖ്യാതിക്ക് കോട്ടം തട്ടുന്ന രീതിയില്‍ യുഎസ് തെറ്റായ വിവരങ്ങള്‍ പങ്ക് വച്ച് ലോകത്ത് റഷ്യയ്ക്കെതിരെ വിരോധമുയര്‍ത്തുകയാണെന്നും പുടിന്‍ പക്ഷപാതികള്‍ ആരോപിക്കുന്നു. ലോകത്ത് റഷ്യാഫോബിയ വളര്‍ത്തുന്ന അമേരിക്കന്‍ നടപടിക്കെതിരെ ശക്തമായ ആരോപണങ്ങളുമായി സ്റ്റേറ്റ് ടിവി അംഗങ്ങളും രംഗത്തെത്തി.
'അത് നടക്കില്ല. നമ്മുടെ എല്ലാ ശത്രുക്കളെയും അവരുടെ സ്ഥാനത്ത് നിർത്താനുള്ള ശക്തി റഷ്യക്കുണ്ട്. എന്നായിരുന്നു മെദ്‌വദേവ് അഭിപ്രായപ്പെട്ടത്. ഉക്രൈനിലെ സാധാരണ ജനങ്ങളുടെ മരണസംഖ്യ വർദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ 'ക്രൂരത'യെക്കുറിച്ച് പ്രസിഡന്‍റ് ജോ ബൈഡൻ ആവര്‍ത്തിച്ച് സംസാരിച്ചപ്പോഴാണ് പ്രതിരോധവുമായി മെദ്‌വദേവ് രംഗത്തെത്തിയത്.
പുടിന്‍റെ ക്രൂരതയും, അയാള്‍ ചെയ്യുന്നതും, അയാളുടെ സൈന്യം ഉക്രൈനില്‍ ചെയ്യുന്നതും വെറും മനുഷ്യത്വരഹിതമാണ്. എന്നും ബൈഡന്‍ കൂട്ടിച്ചേർത്തു. പുടിനെ യുദ്ധകുറ്റവാളിയായി പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് റഷ്യയില്‍ നിന്ന് കടുത്ത പ്രതിഷേധമുയര്‍ന്നത്.
ഫെബ്രുവരി 24 ന് ആരംഭിച്ച ഉക്രൈന്‍ അധിനിവേശം 23 -ാം ദിവസത്തിലേക്ക് കടന്നു. ഇതിനിടെ യുഎസും യൂറോപ്യന്‍ യൂണിയനും ഓസ്ട്രേലിയയും ജപ്പാനും അടങ്ങുന്ന നിരവധി രാജ്യങ്ങള്‍ റഷ്യയ്ക്ക് സാമ്പത്തിക - വ്യാപാര വിലക്ക് ഏര്‍പ്പെടുത്തി. ഇതോടെ റഷ്യന്‍ നാണയമായ റൂബിളിന്‍റെ വില കുത്തനെ ഇടിഞ്ഞു.
രാജ്യങ്ങളുടെ ഉപരോധത്തിന് പുറകെ, ആപ്പിള്‍ അടക്കമുള്ള അന്താരാഷ്ട്രാ കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ റഷ്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഇതോടെ റഷ്യയുടെ കയറ്റ് - ഇറക്കുമതി കുത്തനെ കുറഞ്ഞു. രാജ്യത്ത് സാമ്പത്തിക അസന്തുലിതാവസ്ഥ ശക്തമായി. സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. ഓഹരി വിപണി കൂപ്പുകുത്തി.
ലോക സമ്പദ് വ്യവസ്ഥയുടെ വലിയൊരു ഭാഗവും റഷ്യയുമായുള്ള ബന്ധം വിച്ഛേദിച്ചു. യുഎസിന്‍റെ ഉപരോധങ്ങള്‍ 'രാഷ്ട്രീയ ബലഹീനത'യാണെന്ന് മെദ്വദേവ് ആരോപിച്ചു. റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കുകയാണെന്നും റൂബിളിന്‍റെ മൂല്യം തകർത്തുവെന്നുമാണ് വൈറ്റ് ഹൗസ് ഇപ്പോൾ അവകാശപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു.'
ആക്രമണത്തിന് ശേഷം റഷ്യയുടെ ഓഹരി വിപണി ഇതുവരെ തുറന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. റഷ്യയെ ഭീഷണിപ്പെടുത്താൻ അമേരിക്ക ഉക്രൈനെ ഉപയോഗിക്കുന്നതിനാലാണ് ഉക്രൈനില്‍ 'പ്രത്യേക സൈനിക നടപടി'യെന്നും റഷ്യൻ സംസാരിക്കുന്ന ആളുകള്‍ക്കെതിരെ ഉക്രൈന്‍ നടത്തിയ വംശഹത്യയെ പ്രതിരോധിക്കേണ്ടത് റഷ്യയാണെന്നും പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ പറയുന്നു.
ഉക്രൈനിലേത് യുദ്ധമല്ലെന്നും പ്രത്യേക സൈനിക നടപടി മാത്രമാണെന്നുമാണ് പുടിന്‍റെ അവകാശവാദം.
എന്നാല്‍, തങ്ങളുടെ നിലനിൽപ്പിന് വേണ്ടിയാണ് പോരാട്ടമെന്നും പുടിന്‍റെ വംശഹത്യാ സിദ്ധാന്തം ഒരു അടിസ്ഥാനവുമില്ലാത്ത അസംബന്ധമാണെന്നും ഉക്രൈൻ പറയുന്നു. റഷ്യയെ ശിഥിലമാക്കാൻ ആഗ്രഹിക്കുന്നുവെന്ന അവകാശവാദം സാങ്കൽപ്പികമാണെന്ന് പാശ്ചാത്യ രാജ്യങ്ങളും പറയുന്നു.
1991-ലെ സോവിയറ്റ് യൂണിയന്‍റെ പതനത്തിന് ശേഷം പടിഞ്ഞാറുമായി ബന്ധം സ്ഥാപിക്കാനുള്ള തങ്ങളുടെ ശ്രമം ഇപ്പോൾ അവസാനിച്ചതായും ചൈനയെപ്പോലുള്ള മറ്റ് ശക്തികളുമായുള്ള ബന്ധം വികസിപ്പിക്കുമെന്നും റഷ്യയും അവകാശപ്പെട്ടു.
ഒരു യു.എസ് നയതന്ത്ര കേബിൾ ഒരിക്കൽ മെദ്‌വദേവിനെ 'റോബിൻ ടു പുടിന്‍റെ ബാറ്റ്മാൻ' (Robin to Putin's Batman) എന്ന് വിശേഷിപ്പിച്ചിരുന്നു. റഷ്യയിലെ പുടിന്‍റെ ഏറ്റവും വലിയ എതിരാളിയായ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിയുടെ 2017 ലെ ഒരു ഡോക്യുമെന്‍ററിയില്‍ മെദ്‌വദേവ് 1.2 ബില്യൺ ഡോളർ അപഹരിച്ചതായി ആരോപിച്ചിരുന്നു.
'കൊട്ടാരങ്ങൾ, വസതികൾ, പൂർവ്വിക എസ്റ്റേറ്റുകൾ. റഷ്യയിലും വിദേശത്തുമുള്ള വള്ളങ്ങളും മുന്തിരിത്തോട്ടങ്ങളും, അങ്ങനെ വലിയൊരു സാമ്രാജ്യത്തിന് ഉടമയാണ് മെദ്വദേവ്. രാജ്യത്തെ 'ഏറ്റവും അഴിമതിക്കാരനായ ഉദ്യോഗസ്ഥരിൽ ഒരാളാണ്' അദ്ദേഹമെന്നായിരുന്നു നവല്‍നിയുടെ നിരീക്ഷണം.
ഉക്രൈന്‍ അധിനിവേശത്തെ യുദ്ധമെന്ന വാക്ക് ഉപയോഗിച്ച് വിശേഷിപ്പിക്കുന്നതിന് റഷ്യയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. പകരം പ്രത്യേക സൈനിക നടപടിയെന്ന് മാത്രമേ വിശേഷിപ്പിക്കാന്‍ പാടുള്ളൂ. ഈ നടപടിയെ വിമര്‍ശിച്ചാല്‍ 15 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായും റഷ്യ നിയമനിര്‍മ്മാണം നടത്തി.
അതിനിടെ, തങ്ങള്‍ പിടികൂടിയ റഷ്യക്കാരായ സൈനികരെ തിരികെ കിട്ടാന്‍ അമ്മമാര്‍ നേരിട്ടെത്തണമെന്ന ഉക്രൈന്‍റെ പ്രസ്ഥാവനയ്ക്ക് വലിയ തോതിലുള്ള പ്രതികരണമാണ് ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരവധി അമ്മമാരും മുത്തശ്ശിമാരും റഷ്യന്‍ അതിര്‍ത്തിയിലേക്ക് എത്തുകയാണെന്നും ഉക്രൈനില്‍ തടവിലായവരില്‍ തങ്ങളുടെ മക്കളുണ്ടോയെന്ന് അന്വേഷണത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam