800 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തീ തുപ്പി ഫാഗ്രഡൽസ്ജാൾ അഗ്നിപര്‍വ്വതം
800 വർഷത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് 19 ന് ഐസ്‌ലാന്‍റിലെ ഫാഗ്രഡൽസ്ജാൾ അഗ്നിപര്‍വ്വതം വീണ്ടും സജീവമായി. കഴിഞ്ഞ ആഴ്ചകളില്‍ ഐസ്‍ലാന്‍റില്‍ നിരവധി ഭൂചനങ്ങള്‍ സംഭവിച്ചിരുന്നു. ഇതിനെ തുടര്‍ന്നാകാം 800 വര്‍ഷങ്ങള്‍ക്ക് ശേഷം ഫാഗ്രഡൽസ്ജാൾ അഗ്നിപര്‍വ്വതം സജീവമായതെന്ന് നിരീക്ഷിക്കുന്നു. ഐസ്‍ലാന്‍റിന്‍റെ തലസ്ഥാനമായ റെയ്ജാവിക്കിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് ഫാഗ്രഡൽസ്ജാൾ അഗ്നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ അഗ്നിപര്‍വ്വത സ്ഫോടനത്തിന്‍റെ നിരവധി വീഡിയോകളും ചിത്രങ്ങളും ഇതിനകം തരംഗമായി.ഒരു നദി പോലെ പരന്നൊഴുകുന്ന ലാവയുടെ ഡ്രോണ്‍ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി.
Seems like my video went full throttle! More on my YouTube channel pic.twitter.com/RzrRniXxPu
— Bjorn Steinbekk (@BSteinbekk) March 22, 2021
കഴിഞ്ഞ മാർച്ച് 19 ന് രാത്രി 8:45 ഓടെയാണ് ഫാഗ്രഡൽസ്ജാൾ അഗ്നിപര്‍വ്വതത്തില്‍ നിന്ന് 800 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഒരു പൊട്ടിത്തെറി ആരംഭിച്ചതെന്ന് ഐസ്‌ലാന്‍റ് കാലാവസ്ഥാ ഓഫീസ് അറിയിച്ചു.
പൊട്ടിത്തെറിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഫാഗ്രഡൽസ്ജാള്‍ പര്‍വ്വതത്തിന് സമീപത്തായി റിക്ടര്‍ സ്കെയിലില്‍ 1.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി.
അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ ജനങ്ങള്‍ക്കോ സ്വത്തിനോ നാശമുണ്ടായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
ആദ്യപൊട്ടിത്തെറിക്ക് നാലുമണിക്കൂറുകള്‍ക്ക് ശേഷം ഏതാണ്ട് ഒരു ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തോളം ലാവയും ചാരവും ഉരുകിയൊലിച്ചു.
അതായത് ഏതാണ്ട് 200 ഓളം ഫുട്ബോള്‍ മൈതാനങ്ങള്‍ക്ക് തുല്യമായ സ്ഥലത്തേക്ക് ലാവ ഉരുകിയൊലിച്ചു.
ഏകദേശം 300,000 ക്യുബിക് മീറ്റർ (10.5 ദശലക്ഷം ഘനയടി) ലാവ ഇത്രയും ദിവസങ്ങള്‍ക്കുള്ളില്‍ അഗ്നിപര്‍വ്വതം പുറന്തള്ളിയതായി ഐസ്‌ലാന്‍റ് കാലാവസ്ഥാ ഓഫീസ് പറഞ്ഞു.
എന്നാല്‍ ഭയക്കാനില്ലെന്നും ഫാഗ്രഡൽസ്ജാൾ അപകടകാരിയല്ലെന്നുമാണ് അധികൃതര്‍ പറയുന്നത്.
സ്ഫോടനത്തെ തുടര്‍ന്ന് വിഷവാതകങ്ങള്‍ നിര്‍ഗമിച്ചേക്കാമെന്നും അതിനാല്‍ ആളുകള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നും അധികൃതര്‍ പറഞ്ഞു.
അഗ്നിപര്‍വ്വത സ്ഫോടനത്തിന്‍റെ പൊട്ടിത്തെറിയുടെ അവിശ്വസനീയമായ ആദ്യത്തെ ചിത്രങ്ങള്‍ ഐസ്‌ലാന്‍റ് കാലാവസ്ഥാ ഓഫീസ് പുറത്ത് വിട്ടു.
ജോൺ സ്റ്റെയ്ൻബെക്ക് എന്ന ബ്ലോഗര്‍ അഗ്നിപര്‍വ്വതം സജീവമായപ്പോള്‍ അതിന് മുകളിലൂടെ ഡ്രോണ്‍ പറത്തുകയും നിരവധി വീഡിയോകളും ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും പങ്കുവച്ചു.
നിമിഷ നേരങ്ങള്‍ കൊണ്ട് തന്നെ ഈ ചിത്രങ്ങള്‍ ലോകം മൊത്തം തരംഗമായി മാറി. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച സംഭവസ്ഥലത്തേക്ക് സഞ്ചാരികളെ കടത്തി വിട്ടിരുന്നു.
എന്നാല്‍ തിങ്കളാഴ്ച മുതല്‍ അഗ്നിപര്‍വ്വതത്തില്‍ നിന്ന് കൂടുതല്‍ ചാരവം പുകയും ബഹിര്‍ഗമിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ സന്ദര്‍ശകരെ അനുവദിക്കാനാകില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഇതിനകം ആയിരക്കണക്കിന് പേര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. റിപ്പോർട്ടുകൾ പ്രകാരം, 32 കിലോമീറ്റർ അകലെയുള്ള റെയ്ജാവക്ക് നഗരത്തിന്‍റെ പ്രാന്തപ്രദേശത്ത് നിന്ന് ലാവയുടെ തിളക്കം കാണാമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു
ഇതിനിടെ ലോകമെമ്പാടുമുള്ള നെറ്റിസൻമാർക്ക് അഗ്നിപർവ്വതം കാണാൻ തത്സമയം കാണുന്നതിനായി തത്സമയ സ്ട്രീമും സജ്ജമാക്കി.
യുറേഷ്യൻ, വടക്കേ അമേരിക്കൻ എന്നീ രണ്ട് ടെക്റ്റോണിക് പ്ലേറ്റുകളിലാണ് ഐസ്‍ലാന്‍റിന്‍റെ സ്ഥാനം.
കഴിഞ്ഞ നാല് ആഴ്ചയ്ക്കുള്ളിൽ 40,000 മുതല്‍ 50,000 വരെ ചെറിയതോതിലുള്ള ഭൂകമ്പങ്ങൾ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഐസ്‌ലാന്‍റ് കാലാവസ്ഥാ ഓഫീസ് അറിയിച്ചു.
അനേകം ശാസ്ത്രജ്ഞരും അഗ്നിപര്‍വ്വതത്തെ കുറിച്ച് പഠിക്കാനായെത്തിയിട്ടുണ്ട്. എന്നാല്‍, അതിനിടെ സന്ദര്‍ശകരിലാരോ അഗ്നിപര്‍വ്വത ലാവയില്‍ വച്ച് സോസേജുകള്‍ വേവിച്ച് കഴിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നു.