- Home
- News
- International News
- ആ ചിത്രത്തിലെ കുഞ്ഞ് ; ജനിച്ച് 16 ദിവസങ്ങള്‍ക്ക് ശേഷം അന്ന് അവളെ ആദ്യമായി കാണുകയായിരുന്നെന്ന് അച്ഛന്‍
ആ ചിത്രത്തിലെ കുഞ്ഞ് ; ജനിച്ച് 16 ദിവസങ്ങള്‍ക്ക് ശേഷം അന്ന് അവളെ ആദ്യമായി കാണുകയായിരുന്നെന്ന് അച്ഛന്‍
ഓഗസ്റ്റ് 15, കാബൂള്‍ വിമാനത്താവളം. രാജ്യതലസ്ഥാനമായ കാബൂളിലേക്ക് വിജയപതാകകളുമേന്തി താലിബാന്‍ തീവ്രവാദികള്‍ ഇരച്ച് കയറിയപ്പോള്‍, കാബൂളികള്‍ പ്രാണരക്ഷാര്‍ത്ഥം ഓടുകയായിരുന്നു. അവിടെ, വിമാനത്താളത്തിന്‍റെ മതിലിന് മുകളില്‍ അമേരിക്കന്‍ സൈന്യം തോക്കും പിടിച്ച് കാവല്‍ നിന്നു. അപ്പോഴാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു നവജാത ശിശുവിനെ ഉയര്‍ത്തിപ്പിടിച്ച ഒരു കൈ ഉയര്‍ന്ന് വന്നത്. താലിബാന്‍ തീവ്രവാദികളില്‍ നിന്ന് രക്ഷതേടി വന്ന ആരോ എടുത്തുയര്‍ത്തിയ കുഞ്ഞിനെ കണ്ടപ്പോള്‍ അമേരിക്കന്‍ സൈനീകന് കണ്ട് നില്‍ക്കാനായില്ല. അയാള്‍ ആ കുഞ്ഞിനെ വാങ്ങി. അച്ഛനും അമ്മയും മതിലിന് പുറത്ത് നില്‍ക്കുമ്പോള്‍ തന്നെ ആ സൈനികന്‍ കുഞ്ഞിനെ വിമാനത്താവളത്തിന് അകത്തുള്ള സഹസൈനീകര്‍ക്ക് കൈമാറി. അഫ്ഗാനിലെ രാഷ്ട്രീയ സ്ഥിതിവിഗതികള്‍ നോക്കിയിരുന്ന ലോകജനതയാകെ ആ വീഡിയോ ദൃശ്യങ്ങള്‍ കണ്ടു. അച്ഛനും അമ്മയും അമേരിക്കന്‍ സൈനീകന് കൈമാറിയ ആ കുഞ്ഞിനെന്ത് സംഭവിച്ചു ? ലോകം അന്വേഷിച്ചു. ഒടുവില്‍ കുഞ്ഞും അച്ഛനുമമ്മയും ഒത്തുചേര്‍ന്നെന്ന ശുഭ വാര്‍ത്തയെത്തി...

അതിദുര്‍ഘടമായ പര്‍വ്വതനിരകളില്‍ നിന്ന് ഇറങ്ങിവന്ന താലിബാന്‍ തീവ്രവാദികള്‍ ഓഗസ്റ്റ് 15 ന് കാബൂള്‍ നഗരത്തിലേക്ക് യന്ത്രത്തോക്കുകളുമായി പ്രവേശിച്ചു. താലിബാന്‍റെ ഒന്നാം വരവിന്‍റെ ഓര്‍മ്മകള്‍ മായാത്ത അഫ്ഗാനികള്‍ കൂട്ടത്തോടെ പലായനത്തിന് സന്നദ്ധമായി. കൈയില്‍ കിട്ടിയ സാധനങ്ങളുമായി അവര്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് ഓടി.
വിമാനത്താവളം അപ്പോഴും അമേരിക്കന്‍ സൈനീകരുടെ നിയന്ത്രണത്തിലായിരുന്നു. അവിടെ സൈനീകരെ സഹായിച്ചിരുന്നവരെ അഫ്ഗാന്‍റെ അതിര്‍ത്തിക്ക് പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു അമേരിക്കന്‍ സൈന്യം. ആളുയരത്തേക്കാളുള്ള മതിലും അതിന് മുകളിലെ ഇരുമ്പ് വളയങ്ങളും കൂടുതല്‍ പേര്‍ വിമാനത്താവളത്തിലേക്ക് കടക്കുന്നത് തടഞ്ഞു.
അപ്പോഴായിരുന്നു ലോകം കണ്ട ആ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കപ്പെട്ടത്. വിമാനത്താവളത്തിലെ സംഘര്‍ഷം ചിത്രീകരിച്ച ആരുടെയോ വീഡിയോയില്‍ ആ ദൃശ്യങ്ങള്‍ പതിഞ്ഞു. വിമാനത്താവളത്തിന് കാവല്‍ നിന്ന് അമേരിക്കന്‍ മറൈന്‍റെ കൈയിലേക്ക് ആരോ ഒരാള്‍ ഒരു കൈക്കുഞ്ഞിനെ കൈമാറുന്നു.
ഒടുവില്‍, ആ കുഞ്ഞുന്‍റെ അച്ഛന്‍ തന്നെ വെളിപ്പെടുക്കുകയാണ്, "അന്ന് ആദ്യമായിട്ടാണ് ഞാന്‍, എന്‍റെ മകളെ കണ്ടത്." എന്ന്. അദ്ദേഹത്തിന്‍റെ വ്യക്തിപരമായ വിവരങ്ങള്‍ വിദേശമാധ്യമങ്ങള്‍ വെളിപ്പെടുത്തിയില്ല. എങ്കിലും അയാളെ അവര്‍ ഹമീദ് എന്നാണ് വിശേഷിപ്പിച്ചത്.
ഹമീദ്, അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള അമേരിക്കന്‍ സൈനീക പിന്‍മാറ്റത്തില്‍ അമേരിക്കന്‍ സൈന്യത്തെ സഹായിക്കുന്ന ഒരു തര്‍ജ്ജിമക്കാരനായി പ്രവര്‍ത്തിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഹമീദ് അമേരിക്കന്‍ സൈന്യത്തിന് വേണ്ടി തര്‍ജ്ജിമക്കാരനായി ജോലി ചെയ്യുന്നു.
ഓഗസ്റ്റ് മുതല്‍ ഹമീദിന് കാബൂള്‍ അന്താരാഷ്ട്രാ വിമാനത്താവളത്തിലായിരുന്നു ജോലി. ഇതേ സമയത്താണ് കാബൂള്‍ നഗരത്തിലേക്ക് താലിബാന്‍ തീവ്രവാദികള്‍ അതിക്രമിച്ച് കടക്കുന്നതും. എന്നാല്‍ ജോലിക്കിടെ ജനിച്ച കുഞ്ഞിനെ കാണാന്‍ പോകാന്‍ ഹമീദിനായില്ല.
ഒടുവില്‍ തീവ്രവാദികള്‍ കാബൂളില്‍ കീഴടക്കിയപ്പോള്‍ 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയുമായി ഹമീദിന്‍റെ ഭാര്യ സാദിയ വീട് വിട്ടിറങ്ങി. കാബൂള്‍ വിമാനത്താവളം ലക്ഷ്യമാക്കി അവള്‍ ഓടി. ഒടുവില്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ അവള്‍ക്ക് ഹമീദിനെ കാണാന്‍ കഴിഞ്ഞു.
16 ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായി തന്‍റെ ആദ്യകുഞ്ഞിന്‍റെ മുഖം അച്ഛന്‍ കാണുകയായിരുന്നു. അങ്ങേയറ്റം സംഘര്‍ഷഭരിതമായ ആ അന്തരീക്ഷത്തില്‍ അയാള്‍ക്ക് മകളെ ഒന്ന് ഒമനിക്കാന്‍ പോലും കഴിഞ്ഞില്ല. അതിന് മുന്നേ ഹമീദ് കുഞ്ഞിനെ ഉയര്‍ത്തിപ്പിടിച്ചു.
മതിലിന് മുകളില്‍ കാവല്‍ നിന്ന അമേരിക്കന്‍ മറൈനോട് തന്‍റെ കുഞ്ഞിനെ സുരക്ഷിതയാക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു. ' ഞാൻ വിശ്വസിച്ച ഒരേയൊരു കാര്യം അദ്ദേഹം ഒരു മറൈൻ ആണെന്നും എന്‍റെ മകൾ സുഖമായിരിക്കുമെന്നും മാത്രമാണ്,' അഞ്ച് വർഷത്തോളം അമേരിക്കൻ സൈനികരോടൊപ്പം പ്രവർത്തിച്ച ഹമീദ് സിബിഎസിനോട് പറഞ്ഞു.
അവളെ രക്ഷിച്ച സൈനികരുടെ ബഹുമാനാർത്ഥം എട്ട് ആഴ്ച പ്രായമുള്ള ലിയയുടെ പേരിനൊപ്പം 'മറൈൻ' എന്നുകൂടി നല്‍കാന്‍ താന്‍ ആലോചിക്കുന്നതായി ഹമീദ് കൂട്ടിച്ചേർത്തു. 'അവള്‍ ജനിച്ചപ്പോള്‍ ഞാന്‍ വിമാനത്താവളത്തില്‍ സൈനീകര്‍ക്കൊപ്പമായിരുന്നു. എനിക്കവളെ കാണാന്‍ പോകാന്‍ പറ്റിയില്ല. സാദിയയോടെ സംസാരിക്കാന്‍ മാത്രമേ കഴിഞ്ഞെള്ളൂ.' ഹമീദ് പറയുന്നു.
താലിബാൻ തീവ്രവാദികള്‍ നഗരത്തില്‍ കയറിയതോടെ അഫ്ഗാന്‍ സൈന്യത്തെയോ പൊലീസിനെയോ കാണാന്‍ പറ്റാതായി. ഇതോടെ സാദിയയോടെ കുഞ്ഞിനെയുമെടുത്ത് വിമാനത്താവളത്തിലേക്ക് വരാന്‍ ഞാന്‍ ആവശ്യപ്പെടുകയായിരുന്നു. കാരണം, എന്‍റെ വീടിന് സമീപത്ത് നിന്ന് ആളുകള്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്യുന്നതായി സൈനീകര്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നുണ്ടായിരുന്നു.
എന്‍റെ നിര്‍ദ്ദേശപ്രകാരം കൈയില്‍ കിട്ടിയ സാധനങ്ങളുമായി ലിയയെയും എടുത്ത് സാദിയ വിമാനത്താവളത്തിലെത്തി. എന്നാല്‍ അവള്‍ ചെക്ക് പോസ്റ്റിലെത്തിയപ്പോള്‍ താലിബാന്‍ തീവ്രവാദികള്‍ അവളെ തടഞ്ഞ് നിര്‍ത്തി കൈയിലുള്ള പണമെല്ലാം മോഷ്ടിച്ചു. തിരിച്ചറിയല്‍ രേഖകള്‍ പിടിച്ചെടുത്തു. സാദിയയെ തടഞ്ഞ് വച്ച് മറ്റ് പലരെയും കടത്തിവട്ടു.
അപ്പോഴേക്കും വിമാനത്താവളത്തിന് പുറത്ത് താലിബാന്‍ ക്രൂരതകള്‍ ആരംഭിച്ചിരുന്നു. ജീവനില്‍ കൊതിയോടെ രക്ഷപ്പെട്ടെത്തുന്നവരെ വിമാനത്താവളത്തിന് പുറത്ത് വച്ച് താലിബാനികള്‍ അക്ഷരാര്‍ത്ഥത്തില്‍ കൊള്ളയടിച്ചു. ചിലരുടെ കൈയിലുള്ളതെല്ലാം പിടിച്ച് വാങ്ങി. അവര്‍ അവരുടെ തോന്നലിന് അനുസരിച്ച് മാത്രം പെരുമാറി.
സാദിയയുടെ കുഞ്ഞും അകത്ത് കടക്കാന്‍ ശ്രമം നടത്തുമ്പോള്‍ താനിതെല്ലാം നിസഹായതയോടെ വിമാനത്താവളത്തിനകത്ത് നിന്ന് കാണുകയായിരുന്നു. ഒടുവില്‍ എനിക്ക് മനസിലായി എന്‍റെ മകളും ഭാര്യയും ആ മതില്‍കൊട്ടിന് പുറത്ത് വച്ച് കൊല്ലപ്പെടുകയോ ക്രൂരമായി അക്രമിക്കപ്പെടുകയോ ചെയ്യുമെന്ന്.
അങ്ങനെ ഒരു വിധത്തില്‍ മതില്‍ക്കെട്ടിന് പുറത്ത് കടന്ന് സാദിയയുടെ ഒപ്പമെത്തി. കുഞ്ഞിനെ രക്ഷിക്കാന്‍ മതിലിന് മുകളില്‍ നിന്ന മറൈനോട് ഞാന്‍ അപേക്ഷിച്ചു. മുള്ളുകമ്പിക്ക് മുകളിൽ അവളെ ഉയർത്താന്‍ മാത്രമാണ് തനിക്ക് ചെയ്യാനാകൂവെന്ന് അദ്ദേഹം പറഞ്ഞു. അവള്‍ക്ക് മുറിവേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും അയാള്‍ എന്നെ നിരന്തരം ഓര്‍മ്മിപ്പിച്ചു.
പക്ഷേ അവള്‍ കൊല്ലപ്പെടുന്നതിനേക്കാള്‍ നല്ലത് അവള്‍ക്ക് അല്പം മുറിവേല്‍ക്കുന്നതാണെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍, ഒന്നും പറയാതെ നീട്ടിപ്പിടിച്ച എന്‍റെ കൈയില്‍ നിന്ന് അദ്ദേഹം എന്‍റെ മകളെ വാങ്ങി മതില്‍ കെട്ടിനുള്ളില്‍ നിന്ന മറ്റൊരു മറൈന് കൈമാറി.
അന്നാദ്യമായി ജനിച്ച് 16 ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ എന്‍റെ മകളെ കണ്ടു. അവളെ ആദ്യമായി രണ്ട് മിനിറ്റ് നേരത്തേക്ക് ഉയര്‍ത്തിപ്പിടിച്ചു, ഹമീദ് വികാരാധീനനായി. മകളെ അകത്തെത്തിക്കാന്‍ കഴിഞ്ഞ സമാധാനത്തില്‍ ഞാന്‍ ആ ആള്‍ക്കൂട്ടത്തില്‍ നിന്ന് സാദിയയുമായി അകത്ത് കടക്കാനായി ശ്രമം നടത്തി.
എന്നാല്‍, ഗേറ്റ് അടുത്തെത്തവേ അവള്‍, ക്ഷീണം കാരണം കുഴഞ്ഞ് വീണു. ഒടുവില്‍ ഏറെ നേരത്തെ ശ്രമത്തിന് ശേഷം സാദിയയെയും കുടുംബത്തെയും വിമാനത്താവളത്തിനകത്തെത്തിക്കാന്‍ എനിക്ക് കഴിഞ്ഞു. അടുവില്‍ ഞങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള വിമാനവും റെഡിയായി.
ഹൃദയഭേദകമായ കാര്യങ്ങളായിരുന്നു അവിടെ അന്ന് സംഭവിച്ചത്. എന്‍റെ കുഞ്ഞിനെ മതിലിന് മുകളിലൂടെ അകത്തേ സുരക്ഷിതത്വത്തിലേക്ക് കടത്താന്‍ മതിലിന് മുകളില്‍ ഒരു മറൈന്‍ ഉണ്ടായിരുന്നു. ഭാര്യയുടെ കുടുംബാംഗങ്ങളെയും വിമാനത്താവളത്തിനകത്ത് കടത്താന്‍ എനിക്ക് കഴിഞ്ഞു.
എന്നാല്‍, അതിനൊന്നും പറ്റാതെ വിമാനത്താവളത്തിന് പുറത്ത് , ജീവനും കൈയില്‍ പിടിച്ച് ദിവസങ്ങളായി കാത്ത് നില്‍ക്കുന്നവരുണ്ടായിരുന്നു. പക്ഷേ, നമ്മുക്കാര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റാത്ത മണിക്കൂറുകളായിരുന്നു അപ്പോളെന്നും ഹമീദ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam