ജോര്‍ജ്ജ് ഫ്ലോയിഡിന്‍റെ രക്തസാക്ഷിത്വത്തിന് ഒരു വയസ്; കറുത്ത വംശജരെ സംരക്ഷിക്കാന്‍ നിയമം വേണമെന്ന് ആവശ്യം

First Published May 27, 2021, 4:11 PM IST


കൊവിഡ് വ്യാപനത്തിന്‍റെ മൂര്‍ദ്ധന്യത്തിലും അമേരിക്കയില്‍ നിന്നും വന്‍കരകള്‍ കടന്ന് നിരവധി രാജ്യങ്ങളില്‍ പ്രതിഷേധമുയര്‍ത്തിയ കൊലപാതകമായിരുന്നു ജോര്‍ജ്ജ് ഫ്ലോയിഡിന്‍റെത് (46). കഴിഞ്ഞ വര്‍ഷം മെയ് 25 ന് അമേരിക്കയിലെ മിനിയാപോലിസിലായിരുന്നു കൊലപാതകം നടന്നത്. പൊലീസ് ഉദ്യോഗസ്ഥനും വെള്ളുത്തവംശജനുമായ ഡെറക് ചൌവിൻ 20 ഡോളറിന്‍റെ വ്യജ ബില്ല് ഉപയോഗിച്ചുവെന്ന് ആരോപിച്ച് ജോര്‍ജ് ഫ്ലോയിഡിനെ അറസ്റ്റ് ചെയ്യുന്നതിനിടെ അദ്ദേഹത്തിന്‍റെ കഴുത്തില്‍ കാല്‍ മുട്ട് കുത്തി കീഴ്പ്പെടുത്തി. ' തനിക്ക് ശ്വാസം മുട്ടുന്നു' വെന്ന് ജോര്‍ജ് ഫ്ലോയിഡ് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഡെറക് ചൌവിൻ കാല്‍മുട്ട് ഉയര്‍ത്താന്‍ തയ്യാറായില്ല. ഒമ്പത് മിനിറ്റും 29 സെക്കന്‍റും കഴുത്തില്‍ അമര്‍ന്നിരുന്ന ആ കാല്‍മുട്ട് ജോര്‍ജ് ഫ്ലോയിഡിന്‍റെ ജീവനെടുത്തു. ഈ ദൃശ്യങ്ങളത്രയും ഡാര്‍നെല്ല ഫ്രൈസര്‍ മൊബൈലില്‍ ചിത്രീകരിച്ച് തന്‍റെ ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധപ്പെടുത്തി. ഈ വീഡിയോ കണ്ട് ലോകമെങ്ങും പ്രതിഷേധമിരമ്പി. ചിത്രങ്ങള്‍ ഗെറ്റിയില്‍ നിന്ന്.