അഫ്ഗാനില്‍ ഭീകരരുടെ ഭരണകൂടം നിലവില്‍ വന്നു; തൊട്ട് പുറകെ പലായനം ചെയ്യുന്ന പതിനായിരങ്ങളുടെ ചിത്രങ്ങളും
ഓഗസ്റ്റ് 15 ന് കാബൂള്‍ കീഴടക്കിയെങ്കിലും ഓഗസ്റ്റ് 31 ന് അവസാന യുഎസ് സൈനീകനും രാജ്യം വിടും വരെ കാത്ത് നിന്നു താലിബാന്‍. ഒടുവില്‍ അഫ്ഗാനിലെ അധിനിവേശ ശക്തികളെല്ലാം പുറത്ത് പോയപ്പോള്‍ പുതിയ അധിനിവേശകരായി അവര്‍ അധികാരമേറ്റു. മൊത്തം മന്ത്രിസഭയിലെ പകുതിയധികം പേരും ഐക്യരാഷ്ട്ര സഭ തീവ്രവാദപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവരാണെന്ന് പുറകെ വാര്‍ത്തകളും വന്നു. തങ്ങള്‍ക്കും അധികാരത്തില്‍ പങ്കാളിത്തം വേണമെന്ന് ആവശ്യപ്പെട്ട് കാബൂളില്‍ സ്ത്രികള്‍ സമരം ചെയ്തതിന് പിന്നാലെ താലിബാന്‍- മുജാഹിദ്ദുകളുടെ ഭരണത്തില്‍ തങ്ങള്‍ സംതൃപ്തരാണെന്ന് അറിയിച്ച് കൊണ്ട് ശരീരമാസകലം കറുത്ത പര്‍ദ്ദയണിഞ്ഞ സ്ത്രീകള്‍, താലിബാന്‍ തീവ്രവാദിയുടെ തോക്കിന്‍ കീഴില്‍ പ്രകടനം നടത്തി. എന്നാല്‍ ഏറ്റവും ഒടുവില്‍ അഫ്ഗാനെന്ന തങ്ങളുടെ മാതൃരാജ്യം ഉപേക്ഷിച്ച് പലായനം ചെയ്യാനായി അതിര്‍ത്തികളിലെത്തിയ പതിനായിരക്കണക്കിനാളുകളെ വിദേശ രാജ്യങ്ങള്‍ പുറത്ത് വിട്ട ചില സാറ്റ്ലൈറ്റ് ചിത്രങ്ങളില്‍ കാണാം.
തങ്ങള്‍ പഴയ താലിബാനികളല്ലെന്നും സാഹചര്യങ്ങള്‍ക്കനുശൃതമായി മാറിയ പുതിയ താലിബാനികളാണെന്നുമായിരുന്നു വിദേശരാജ്യങ്ങളുമായുള്ള ആദ്യത്തെ ചര്‍ച്ചകളിലെല്ലാം താലിബാന്‍ തീവ്രവാദികള്‍ അറിയിച്ചിരുന്നത്. എന്നാല്‍ അധികാരമേറ്റെടുത്ത താലിബാന്‍ തീവ്രവാദികള്‍ പിന്നീട് തങ്ങളുടെ യഥാര്‍ത്ഥ മുഖം വെളിവാക്കുക തന്നെ ചെയ്തു.
''ഒരു സ്ത്രീക്ക് മന്ത്രിയാകാന്‍ ഒരിക്കലും സാധിക്കില്ല. അത് എടുക്കാനാകാത്ത ഭാരം അവരുടെ പിടലിയില്‍ വെക്കുന്നതിന് തുല്യമാണ്. കാബിനറ്റില്‍ ഒരു സ്ത്രീയുടെ ആവശ്യമില്ല. അവര്‍ പ്രസവിക്കണം. പ്രതിഷേധിക്കുന്ന സ്ത്രീകള്‍ അഫ്ഗാനിലെ എല്ലാ സ്ത്രീകളെയും പ്രതിനിധീകരിക്കുന്നവരല്ല'' എന്നാണ് താലിബാന്‍ വക്താവ് സയിദ് സെകറുള്ള ഹാഷിമി പറഞ്ഞത്. '
തൊട്ട് പുറകെ അഫ്ഗാനിസ്ഥാന്‍റെ ഉള്‍ഗ്രാമങ്ങിളില്‍ 15 വയസ്സുള്ള പെണ്‍കുട്ടികളെ കണ്ടെത്താന്‍ താലിബാന്‍ തീവ്രവാദികള്‍ വീടുകളില്‍ കയറി പരിശോധന നടത്തുകയാണെന്ന വാര്‍ത്തകള്‍ വന്നു. അവര്‍ക്കാവശ്യം 15 വയസ്സുള്ള പെണ്‍കുട്ടികളെയാണ്. മുല്ലമാരുടെ ഭാര്യമാരാക്കാനാണെന്നാണ് പറഞ്ഞതെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ താലിബാന്‍ വന്നതിന് ശേഷം അഫ്ഗാനിസ്താനിലെ 20 പ്രവിശ്യകളിലെ 153 മാധ്യമ സ്ഥാപനങ്ങള്‍ പൂട്ടിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഉദ്ധരിച്ച് അഫ്ഗാനിലെ പ്രമുഖ ചാനല്‍ ടോലോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സ്ത്രീകള്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നത് ഇസ്ലാം മതം അനുവദിക്കുന്നില്ലെന്നും അതിനാല്‍ സ്ത്രീകള്‍ക്ക് കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നുമുള്ള താലിബാന്‍ ശാസനം വന്നു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ക്രിക്കറ്റ് സംഘത്തെ പിരിച്ച് വിട്ടു.
തങ്ങളെ ഇതുവരെ ഉപദ്രവിച്ചവരോടും ഇസ്ലാം മതത്തിന് എതിരായ ജീവിതം നയിച്ചവരോടും പകയില്ലെന്നും ആരെയും വേട്ടയാടില്ലെന്നും വിദേശ രാജ്യങ്ങളുമായുള്ള മധ്യസ്ഥ ചര്‍ച്ചയില്‍ ആവര്‍ത്തിച്ച് പറഞ്ഞ താലിബാനായിരുന്നില്ല പിന്നീട് അധികാരത്തിലെത്തിയ താലിബാനെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു.
അമേരിക്കയേയും നാറ്റോ സഖ്യത്തെയും സഹായിച്ച ആളുകളെ തേടി വീടുവീടാന്തരം ആയുധാധാരികളായ താലിബാന്‍ തീവ്രവാദികള്‍ കയറിയിറങ്ങി. യുവാക്കളെ വെടിവെച്ച് കൊലപ്പെടുത്തി. വൃദ്ധന്മാരെ അടിച്ച് അവശരാക്കി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ നഗ്നരാക്കി മര്‍ദ്ദിച്ചു.
തിങ്കളാഴ്ച രാവിലെയാണ് ഒരു സംഘം താലിബാന്‍കാര്‍ വീടാക്രമിച്ചതെന്ന് അഹദ് ചാനലിനോട് പറഞ്ഞു. ''താലിബാന്‍ സംഘം ആദ്യം വീട്ടിലേക്ക് വെടിവെപ്പ് നടത്തുകയായിരുന്നു. പിന്നീട് അവര്‍ വീട്ടിലേക്ക് കയറി വന്ന് എന്നെ പൊതിരെ തല്ലി. അതിനു ശേഷം പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി ലോക്കപ്പിലടച്ചതായും അദ്ദേഹം പറഞ്ഞു.
ഗര്‍ഭിണിയായ ഒരു വനിതാ പൊലീസ് ഉദേ്യാഗസ്ഥയെ താലിബാന്‍കാര്‍ കുട്ടികളുടെ മുന്നിലിട്ട് വെടിവെച്ചു കൊന്നത് കഴിഞ്ഞ ആഴ്ചയാണ്. താലിബാന്‍ ഭീകരവാദികള്‍ ആദ്യം വീടുകള്‍ക്ക് നേരെ നിറയൊഴിക്കും. പിന്നെ വീട്ടില്‍ വന്ന് പെണ്‍കുട്ടികളെ പിടിച്ച് കൊണ്ട് പോകും. യുവാക്കളോ ആണുങ്ങളോ ഉണ്ടെങ്കില്‍ കൊല്ലാക്കൊല ചെയ്യും അബ്ദുള്ള അഹമ്മദ് എന്ന പ്രദേശ വാസി പറഞ്ഞതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും ഒടുവില്‍ പുറത്ത് വന്ന സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ വലുപ്പം കാണിച്ച് തരുന്നു. അവര്‍ ആയിരങ്ങളല്ല, പതിനാരങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഏതാണ്ട് രണ്ടര ലക്ഷത്തോളം പേരെ വിമാനങ്ങളിലായി അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങള്‍ അഫ്ഗാനില്‍ നിന്ന് പുറത്തെത്തിച്ചിരുന്നു.
അതിന് പിന്നാലെ അഫ്ഗാന്‍ - പാകിസ്ഥാന്‍ - ഇറാന്‍ അതിര്‍ത്തിയിലെ മരുഭൂമിയില്‍ ആയിരക്കണക്കിനാളുകള്‍ രാജ്യം വിടാനായി കാല്‍നടയായി പോകുന്നതിന്‍റെ വീഡിയോകളും ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ രാജ്യം വിടാന്‍ കാത്ത് നില്‍ക്കുന്ന അഫ്ഗാനികളുടെ സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ പുറത്ത് വന്നത്.
അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സ്പിൻ ബോൾഡാക്കിലെ ചാമൻ അതിർത്തിയിലാണ് രാജ്യം വിടാനായുള്ള തത്രപാടില്‍ നില്‍ക്കുന്ന പതിനായിരക്കണക്കിന് അഫ്ഗാനികളെ കാണുന്നത്.
പാകിസ്ഥാൻ, ഇറാൻ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളുമായുള്ള അഫ്ഗാനിസ്ഥാന്‍റെ അതിർത്തികളിലെല്ലാം സമാനമായ അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഇടയിലുള്ള സ്പിൻ ബോൾഡാക്കിന് പുറമെ, അഫ്ഗാനിസ്ഥാനിലെ പ്രധാന അതിർത്തികളായ താജിക്കിസ്ഥാന്‍ അതിർത്തിയിലുള്ള ഷിർ ഖാൻ, ഇറാന്‍റെ അതിർത്തിയിലുള്ള ഇസ്ലാം കാല, പാകിസ്താന്‍റെ അതിർത്തിയിലെ തോർഖാം എന്നിവിടങ്ങളിലും സമാനമായ സാഹചര്യമാണെന്നാണ് റിപ്പോര്‍ട്ട്.
സ്പിൻ ബോൾഡാക്കിലെ ചമാൻ അതിർത്തി അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള ഏറ്റവും തിരക്കേറിയ അതിര്‍ത്തികളിലൊന്നാണ്. കാബൂളിലും മറ്റ് നഗരങ്ങളിലും വീടുകൾ ഉപേക്ഷിച്ച് കൈയില്‍ കിട്ടിയ ബാഗുകളും വസ്തുക്കളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങൾ താൽക്കാലിക ക്യാമ്പുകളിൽ അതിര്‍ത്തി കടക്കാന്‍ കഴിയുന്നതും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ താലിബാനെ അധികാരത്തിലേറാന്‍ സഹായിച്ച ഏക രാജ്യമായ പാകിസ്ഥാന്‍ അടക്കം അഫ്ഗാന്‍റെ എല്ലാ അതിര്‍ത്തി രാജ്യങ്ങളും തങ്ങളുടെ അതിര്‍ത്തികളില്‍ കൂടുതല്‍ സൈനീകരെ വിന്യസിച്ച് അഭയാര്‍ത്ഥികളെ തടയുന്നതായും അതിര്‍ത്തികളില്‍ മുള്ള് വെലിയടക്കം സ്ഥാപിച്ച് സുരക്ഷയൊരുക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.