രണ്ടാം ലോകമഹായുദ്ധത്തിന്റെ അവശേഷിപ്പുകൾ; വിചിത്രമായ ചിത്രങ്ങളിലൂടെ...

First Published Aug 15, 2020, 2:27 PM IST

ലോകം കണ്ട ഏറ്റവും ഭീകരമായ യുദ്ധം; 1939 സെപ്റ്റംബർ 1ന് ജർമനി പോളണ്ടിനെ ആക്രമിച്ചുകൊണ്ട് തുടക്കമിട്ട രണ്ടാം ലോകമഹായുദ്ധം. 72 ദശലക്ഷം പേർ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഇരകളായെന്നാണ് കണക്കുകൾ. ഇതിൽ 24 ദശലക്ഷം പേർ സൈനികരായിരുന്നു. ലോകത്തിന്റെ എല്ലാ ഭാ​ഗവും പോർക്കളമായപ്പോൾ  ബ്രിട്ടന്റെ അധികാരപരിധിയിലുണ്ടായിരുന്ന ഇന്ത്യൻ പ്രദേശങ്ങളും നാട്ടുരാജ്യങ്ങളും ഉൾപ്പെടുന്ന ബ്രിട്ടീഷ് ഇന്ത്യയും ബ്രിട്ടനും ഒരുമിച്ചുനിന്നുകൊണ്ട് ജർമ്മനിക്കെതിരെ യുദ്ധംചെയ്തു.

1945ൽ ജപ്പാന്റെ പരാജയത്തെത്തുടർന്ന് ബ്രിട്ടീഷ് കോളനികളായ സിംഗപ്പൂരിനെയും ഹോങ്കോങിനെയും സ്വതന്ത്രമാക്കുന്നതിൽ ഇന്ത്യൻ സൈന്യം പ്രധാന പങ്കുവഹിച്ചിരുന്നു. ഇന്ത്യൻ സൈനികർ ഇല്ലായിരുന്നെങ്കിൽ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളെ അതിജീവിക്കാൻ ബ്രിട്ടന് സാധിക്കില്ലായിരുന്നെന്ന് മുൻ ബ്രിട്ടീഷ് ഫീൽഡ് മാർഷലും ബ്രിട്ടീഷ് ഇന്ത്യയുടെ കരസേനാ മേധാവിയുമായിരുന്ന സർ ക്ലൗഡ് ഔച്ചിൻലെക്ക് പറഞ്ഞിട്ടുണ്ട്. 

പോരാട്ടം ഏറ്റവും ശക്തമായിരുന്ന കാലത്ത് ഏതാണ്ട് 25 ലക്ഷം ഇന്ത്യൻ സൈനികർ ലോകമെങ്ങും യുദ്ധം ചെയ്തിരുന്നതായി പറയപ്പെടുന്നു. ഇന്നത്തെ പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ പ്രദേശങ്ങളിൽ നിന്നുൾപ്പടെ 87000ലധികം ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ. 

യുദ്ധത്തിൽ അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ട സഖ്യകക്ഷികൾ, ജർമ്മനി, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങൾ നേതൃത്വം നൽകിയ അച്ചുതണ്ടുശക്തികളെ പരാജയപ്പെടുത്തുകയായിരുന്നു. 1945ലാണ് രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നത്.