- Home
- News
- International News
- Vladimir Zhoga: പുടിന് തിരിച്ചടി; റഷ്യന്‍ വിമത സ്പാര്‍ട്ടാ ബറ്റാലിയന്‍ കേണല്‍ വ്‌ളാഡിമിർ സോഗ കൊല്ലപ്പെട്ടു
Vladimir Zhoga: പുടിന് തിരിച്ചടി; റഷ്യന്‍ വിമത സ്പാര്‍ട്ടാ ബറ്റാലിയന്‍ കേണല്‍ വ്‌ളാഡിമിർ സോഗ കൊല്ലപ്പെട്ടു
റഷ്യയുടെ ഉക്രൈന്‍ അധിനിവേശം പന്ത്രണ്ടാം ദിവസവും പൂര്‍ത്തിയാക്കുമ്പോഴും മൂന്നാമത്തെ ഉക്രൈന്‍ - റഷ്യ ചര്‍ച്ചയിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഉക്രൈനില്‍ നിന്ന് വിദേശികളെയും സ്വദേശികളെയും സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് മാനുഷിക ഇടനാഴികൾ ഒരുക്കാമെന്ന റഷ്യന്‍ വാഗ്ദാനവും നടപ്പായില്ല. അതിനിടെ ഉക്രൈന്‍റെ അതിശക്തമായ പ്രതിരോധത്തില്‍ റഷ്യന്‍ സൈന്യത്തിന് കനത്ത നാശം നേരിട്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നു. 11,000-ലധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി ഉക്രൈന്‍ അവകാശപ്പെട്ടു. ഇതേസമയത്താണ് കിഴക്കന്‍ ഉക്രൈനിലെ റഷ്യന്‍ യുദ്ധപ്രഭുവും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഡോനെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക് (Donetsk People's Republic (DPR) എന്ന് വിളിക്കപ്പെടുന്ന റഷ്യന്‍ പിന്തുണയുള്ള വിമത സൈനിക ഗ്രൂപ്പിന്‍റെ കേണല്‍ വ്‌ളാഡിമിർ ആർട്ടെമോവിച്ച് സോഗയാണ് (Colonel Vladimir Artemovich Zhoga ) യുദ്ധത്തിനിടെ കൊല്ലപ്പെട്ടത്.

2014 ല്‍ റഷ്യ, രക്തരൂക്ഷിതമായ യുദ്ധത്തിലൂടെ ഉക്രൈനില്‍ നിന്ന് ക്രിമിയ പിടിച്ചെടുത്ത സമയത്താണ് ഡോനെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക് (Donetsk People's Republic (DPR) എന്ന് വിമത സൈനിക ഗ്രൂപ്പ് റഷ്യന്‍ പിന്തുണയോടെ സ്ഥാപിക്കപ്പെടുന്നത്.
2014 ലെ യുദ്ധാനന്തരം കിഴക്കന്‍ ഉക്രൈനില്‍ റഷ്യന്‍ പിന്തുണയോടെ കലാപങ്ങള്‍ക്കും ഉക്രൈന്‍ സൈന്യത്തിന് നേരെയുള്ള അക്രമണങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്ന വിമത ഗ്രൂപ്പാണ് ഡോനെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക്. ഈ ഗ്രൂപ്പിന്‍റെ നവ-നാസി സ്പാര്‍ട്ട ബറ്റാലിയന്‍റെ (Sparta Battalion) നേതാവാണ് കൊല്ലപ്പെട്ട സോഗ.
ഡോനെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക്കിന്‍റെ സ്പാർട്ട ബറ്റാലിയന്‍ കേണലായിരുന്നു കൊല്ലപ്പെട്ട വ്‌ളാഡിമിർ സോഗ. കിഴക്കന്‍ ഉക്രൈനിലെ യുദ്ധക്കുറ്റങ്ങള്‍ക്കും യുദ്ധത്തടവുകാരെ വെടിവെച്ച് കൊന്നതിലും സോഗയ്ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. '
എന്നാല്‍, റഷ്യയുടെ പിന്തുണയുള്ളതിനാല്‍ ഇയാള്‍ക്കെതിരെ നടപടികളൊന്നും സാധ്യമായിരുന്നില്ല. ഉക്രൈന്‍ അതിനിവേശത്തിന്‍റെ പതിനൊന്നാം ദിവസമായ ഇന്നലെ വോൾനോവാഖയിൽ വച്ച് നടന്ന പോരാട്ടത്തിനിടെയാണ് സോഗ കൊല്ലപ്പെട്ടതെന്നാണ് പുറത്ത് വരുന്ന വിവരം.'
'ഇന്ന് വോൾനോവാഖയിൽ, ഗാർഡിന്‍റെ പ്രത്യേക രഹസ്യാന്വേഷണ ബറ്റാലിയൻ 'സ്പാർട്ട'യുടെ കമാൻഡർ കേണൽ വ്‌ളാഡിമിർ സോഗ, കോൾ സൈൻ വോഖ വീരമൃത്യു വരിച്ചു. സിവിലിയൻമാരുടെ പുറത്തുകടക്കൽ ഉറപ്പാക്കുന്നതിനിടെ അദ്ദേഹത്തിന് മാരകമായി പരിക്കേറ്റു. സാധാരണക്കാരെ, കൂടുതലും സ്ത്രീകളും കുട്ടികളും ഒഴിപ്പിക്കലിനിടെ നാസികൾ അവർക്ക് നേരെ വെടിയുതിർത്തു...'
എന്നാണ് ഡിപിആർ മേധാവി ഡെനിസ് പുഷിലിൻ (Denis Pushilin) ടെലിഗ്രാം ചാനൽ പോസ്റ്റിൽ സോഗയുടെ കൊലപാതകം ഇന്നലെ സ്ഥിരീകരിച്ച് കൊണ്ട് പറഞ്ഞത്. മരണാനന്തരം വ്‌ളാഡിമിർ ആർട്ടെമോവിച്ച് സോഗയ്ക്ക് ഡൊനെറ്റ്‌സ്‌ക് പീപ്പിൾസ് റിപ്പബ്ലിക്കിന്‍റെ ഹീറോ പദവി നൽകുന്നതിനുള്ള ഉത്തരവിൽ താന്‍ ഒപ്പുവച്ചതായും ഡെനിസ് പുഷിലിൻ അവകാശപ്പെട്ടു.
ഡോനെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക്കിന്‍റെ നേതാവായിരുന്ന ആഴ്‌സൻ പാവ്‌ലോവ് 2016-ൽ അപ്പാർട്ട്‌മെന്‍റിലെ ലിഫ്റ്റിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടതോടെയാണ് സ്പാർട്ട ബറ്റാലിയന്‍റെ നേതാവായി വ്‌ളാഡിമിർ സോഗ നിയമിക്കപ്പെടുന്നത്.
2015-ൽ കീവ് പോസ്റ്റ് വാർത്താ ഔട്ട്‌ലെറ്റുമായിയുള്ള ഒരു ഫോണ്‍ സംഭാഷണത്തില്‍ താന്‍ 15 തടവുകാരെ വെടിവച്ചു കൊന്നു' എന്ന് അവകാശപ്പെട്ട യുദ്ധകുറ്റവാളിയായിരുന്നു ആഴ്‌സൻ പാവ്‌ലോവ്.
മോട്ടോറോള എന്ന് വിളിപ്പോരുണ്ടായിരുന്ന ആഴ്‌സൻ പാവ്‌ലോവിന്‍റെ കൊലപാതകത്തോടെ 2016 മുതല്‍ കിഴക്കന്‍ ഉക്രൈനിലെ ഡോൺബാസ് മേഖലയിലെ റഷ്യയുടെ സൈനീക നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് വ്‌ളാഡിമിർ ആർട്ടെമോവിച്ച് സോഗയായിരുന്നു.
മരിയാപോളില്‍ നിന്ന് സാധാരണക്കാരെ രക്ഷപ്പെടുത്താനുള്ള മാനുഷിക ഇടനാഴി സൃഷ്ടിക്കാമെന്ന് റഷ്യ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അതിനിടെ നടന്ന കനത്ത ഷെല്ലാക്രമണത്തിന് ഉത്തരവാദി ഈ വിതമ ഗ്രൂപ്പാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ഏകദേശം 4,00,000 ജനങ്ങളെ ഒഴിപ്പാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും റഷ്യന്‍ വാഗ്ദാനം ലംഘിക്കപ്പെട്ടു. ഇതോടെ മരിയാപോളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ പുറത്ത് കടത്തുകയെന്നത് അസാധ്യമായി. വെള്ളവും വെളിച്ചവും ഭക്ഷണവുമില്ലാത്ത നഗരത്തില്‍ ജനങ്ങള്‍ ബങ്കറില്‍ കഴിയുകയാണെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം.
എന്നാല്‍, ഉക്രൈനാണ് വെടിനിര്‍ത്തല്‍ ലംഘിച്ചതെന്ന് പുടിന്‍, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുല്‍ മക്രോണുമായുള്ള സംഭാഷണത്തില്‍ ആരോപിച്ചു. 'ഉക്രൈന്‍ ദേശീയവാദികൾ' സിവിലിയന്മാരെയും വിദേശ പൗരന്മാരെയും തുറമുഖ നഗരം വിട്ടുപോകുന്നതിൽ നിന്ന് തടഞ്ഞുവെന്നായിരുന്നു പുടിന്‍റെ ആരോപണം.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ റഷ്യയ്ക്ക് നഷ്ടമാകുന്ന പ്രധാനപ്പെട്ട മൂന്നാമത്തെ സൈനിക ഓഫീസറാണ് സോഗ. സോഗയുടെ മരണം ഉക്രൈന്‍ യുദ്ധത്തിന് നേതൃത്വം നല്‍കുന്ന റഷ്യന്‍ പ്രസിഡന്‍റ് പുടിനേറ്റ കനത്ത തിരിച്ചടിയായി യുദ്ധ വിദഗ്ദര്‍ വിലയിരുത്തുന്നു.
തലസ്ഥാനമായ കൈവിൽ നിന്ന് ഏകദേശം 30 മൈൽ അകലെയുള്ള ഹോസ്‌റ്റോമൽ എയർഫീൽഡിന് വേണ്ടിയുള്ള യുദ്ധത്തിനിടെ മേജർ ജനറൽ ആൻഡ്രി സുഖോവെറ്റ്‌സ്‌കി കൊല്ലപ്പെട്ട വാര്‍ത്തയായിരുന്നു ആദ്യം പുറത്ത് വന്നത്.
അതിനിടെ കരയുദ്ധത്തില്‍ റഷ്യന്‍ നീക്കം പാളിയതായും ഉക്രൈന്‍ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി പുറപ്പെട്ട 64 കിലോമീറ്റര്‍ നീളമുള്ള കോണ്‍വോയുടെ നീളത്തില്‍ വലിയ വിടവുകള്‍ സൃഷ്ടിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രദേശിക ജനങ്ങളുടെ കനത്ത പ്രതിരോധം കടന്ന് കോണ്‍വോയിക്ക് പോകാന്‍ കഴിയുന്നില്ലെന്നും ജനങ്ങള്‍ പെട്രോള്‍ ബോംബുകളുപയോഗിച്ച് കോണ്‍വോ കടന്നുപോകുന്ന ഇടങ്ങളിലെല്ലാം അക്രമണം അഴിച്ചു വിടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam