സ്വവര്‍ഗ്ഗാനുരാഗികളെ ലക്ഷ്യമിട്ട് താലിബാന്‍റെ 'കൊലപ്പട്ടിക' !
അഫ്ഗാനിസ്ഥാന്‍റെ ഭരണം കൈയാളിയ താലിബാന്‍ തീവ്രവാദികള്‍, സ്വവര്‍ഗ്ഗാനുരാഗികളുടെ 'കൊലപ്പട്ടിക' ( Kill List ) തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. ഇതോടെ താലിബാനെ ഭയന്ന് നിരവധിപേര്‍ ഒളിവില്‍ പോയി. ശരിയ നിയമത്തിന്‍റെ താലിബാന്‍ വ്യാഖ്യാന പ്രകാരം സ്വവർഗരതി നിരോധിക്കേണ്ട ഒന്നാണ്. ഇത് മരണ ശിക്ഷ അര്‍ഹിക്കുന്ന കുറ്റമായാണ് താലിബാന്‍ വ്യാഖ്യാനിക്കുന്നത്. അതിപ്രകൃതമായ രീതിയിലാണ് സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് താലിബാന്‍ തീവ്രവാദികള്‍ വധശിക്ഷ വിധിക്കുന്നത്.
'അഫ്ഗാനിസ്ഥാനിൽ ജീവിക്കുകയെന്നത് ഇപ്പോള്‍ മരണ തുല്യമാണ്. ശരിക്കും ഭയാനകമായ സമയമാണ് ഇത്.' അഫ്ഗാനിസ്ഥാനിലെ ഒരേയൊരു അന്താരാഷ്ട്ര എൽജിബിടി + സംഘടനായ റെയിൻബോ റെയിൽറോഡിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടർ കിമാഹ്ലിയു പവൽ ഫ്രാൻസ് 24-നോട് പറഞ്ഞു.
താലിബാൻ തീവ്രവാദികള്‍, തങ്ങൾ കൊല്ലാൻ ആഗ്രഹിക്കുന്ന സ്വവർഗ്ഗാനുരാഗികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കിയതായും അദ്ദേഹം പറഞ്ഞു. 'താലിബാന്‍റെ കൈയില്‍ ഒരു 'കൊലപാതക പട്ടികയുണ്ടെന്ന് ഞങ്ങൾക്കറിയാം.
എല്‍ജിബിടി വ്യക്തികളെ തിരിച്ചറിയുന്ന പട്ടിക. അവര്‍ ആ പട്ടിക പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. യുഎസും സഖ്യസേനയും അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങുന്നതിന് ആഴ്ചകൾക്ക് മുമ്പ് വിദേശ അവകാശ സംഘടനകള്‍ വഴി രക്ഷപ്പെടാന്‍ ശ്രമിച്ച ആളുകളുടെ പേരുകൾ താലിബാൻ ശ്രദ്ധിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും പവൽ പറയുന്നു.
'കാബൂളിന്‍റെ പതനത്തിന് ശേഷം, ധാരാളം വിവരങ്ങൾ പങ്കുവെക്കപ്പെടുകയുണ്ടായി. രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ കഴിയാത്തവരുടെ വ്യക്തിഗത വിവരങ്ങള്‍ കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് അവര്‍ക്ക് ലഭിച്ചിരിക്കാം. കാരണം വിമാനത്താവളം ആ സമയം അവരുടെ കൈകളിലായിരുന്നു.
ഇത്തരത്തില്‍ ശേഖരിക്കപ്പെട്ട പേരുകളില്‍ ആളുകളുടെ സ്വത്വം നോക്കി ആ കൊലപ്പട്ടികയില്‍ ഇടം നേടാന്‍ സാധ്യതയുണ്ടെന്നും പവല്‍ പറയുന്നു.
'റെയിൻബോ റെയിൽറോഡുമായി ബന്ധമുണ്ടെന്ന് സ്വയം അവകാശപ്പെട്ട ഒരാളിൽ നിന്ന് വ്യക്തിഗത വിവരങ്ങളും പാസ്‌പോർട്ടും ആവശ്യപ്പെട്ട് നിഗൂഢ ഇമെയിൽ സന്ദേശം സംഘടനയിലെ പലര്‍ക്കും ലഭിച്ചതായി നിരവധി പേരാണ് പരാതിപ്പെട്ടത്.
'ഞങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി ഞങ്ങൾ അറിയുന്നത് അങ്ങനെയാണ്.' താലിബാൻ ഭരണത്തിൻ കീഴിൽ, അഫ്ഗാനിസ്ഥാനിലെ ഏറ്റവും ദുർബലരായ ആളുകളിൽ പ്രധാനപ്പെട്ട വിഭാഗം എൽജിബിടിയാണ്. പലര്‍ക്ക് നേരെയും അക്രമണം ഉണ്ടായെന്ന പരാതിയും ഉയരുന്നു.
2006-ൽ സ്ഥാപിതമായ റെയിൻബോ റെയിൽറോഡ് സംഘടന , താലിബാന്‍ തീവ്രവാദികളുടെ രണ്ടാം വരവിനെ തുടര്‍ന്ന് LGBT+ കമ്മ്യൂണിറ്റിയിലെ ഭീഷണി നേരിടുന്ന അംഗങ്ങളെ 'കര വഴിയോ വിമാനമാർഗ്ഗമോ' ഏതെങ്കിലും ഒരു വിദേശ രാജ്യത്തേക്ക് കടത്തിവിടുന്നതിന് മുമ്പ് സുരക്ഷിതമായി താവസിക്കാന്‍ അഭയം നല്‍കിയിരുന്നു.
'ഈ വർഷം ഇവിടെ നിന്നും രക്ഷപ്പെടുന്നതിനായി ഞങ്ങൾക്ക് ലഭിക്കുന്ന അഭ്യർത്ഥനകളുടെ എണ്ണം വർദ്ധിക്കുമെന്ന് എനിക്ക് ഇപ്പോൾ തന്നെ നിങ്ങൾക്ക് ഉറപ്പ് നൽകാൻ കഴിയും'.
2017-ൽ, ചെച്‌നിയയിലെ 'സ്വവർഗ്ഗാനുരാഗ വിരുദ്ധ ശുദ്ധീകരണ വേള'യിൽ നൂറിലധികം ആളുകളെ പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചതോടെ റെയിൻബോ റെയിൽറോഡ് സംഘടന ലോകമെമ്പാടും പ്രശസ്തമായിരുന്നു.
ഓഗസ്റ്റിൽ വീണ്ടും താലിബാൻ തീവ്രവാദികള്‍ അധികാരത്തിൽ വന്നപ്പോൾ അഫ്ഗാനിസ്ഥാനിലെ LGBTQ+ കമ്മ്യൂണിറ്റിയുടെ ഭാവി വീണ്ടും ഇരുളിലായി. ഈ വർഷം ഗ്രൂപ്പിന് ഇതിനകം തന്നെ 700 സഹായ അഭ്യർത്ഥനകൾ ലഭിച്ചു. അതില്‍ 200 എണ്ണം 'അടിയന്തര ഒഴിപ്പിക്കൽ ആവശ്യമുള്ള'താണെന്നും പവല്‍ പറയുന്നു.
അഫ്ഗാൻ നിയമങ്ങൾ സ്വവർഗരതിയെ നേരത്തെ തന്നെ നിരോധിച്ചിരുന്നു. അതിനാല്‍ സ്വവർഗ ലൈംഗികതയിൽ ഏർപ്പെടുന്ന ആളുകൾക്ക് ജയിൽ ശിക്ഷയും വ്യാപകമായ പീഡനവും ഏല്‍ക്കേണ്ടിവന്നിരുന്നു.
എന്നാൽ, ശരിയനിയമത്തിന്‍റെ താലിബാന്‍ തീവ്രവാദ വ്യാഖ്യാനത്തിന് കീഴിൽ, സ്വവർഗരതി കർശനമായി നിരോധിക്കപ്പെടുകയും വധശിക്ഷയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നു. അതും അതിക്രൂരമായ തരത്തിലുള്ള മരണശിക്ഷയ്ക്ക് വിധേയമാക്കപ്പെടുന്നു.
അഫ്ഗാനിസ്ഥാനിലും ഇറാഖിലും സേവനമനുഷ്ഠിച്ച യുഎസ് സ്പെഷ്യൽ ഫോഴ്‌സ് സ്‌നൈപ്പർ ടീം കെന്നഡി, താലിബാൻ തീവ്രവാദികള്‍ സ്വവർഗാനുരാഗികളെ ജീവനോടെ കത്തിക്കുകയും മേൽക്കൂരയിൽ നിന്ന് എറിഞ്ഞ് കൊല്ലുകയും ചെയ്യുന്നത് നേരിട്ട് കണ്ടതായി അവകാശപ്പെട്ടിരുന്നു.
'വർഷങ്ങളായി LGBTQ+ അഫ്ഗാനികൾക്ക് ഭരണകൂടത്തിന്‍റെ പതിവ് വിവേചനങ്ങളും പീഡനവും സഹിക്കേണ്ടിവന്നിരുന്നു. താലിബാൻ അധികാരത്തിലെത്തിയതോടെ ഈ സാഹചര്യം കൂടുതൽ വഷളായെന്ന് LGBT റൈറ്റ്സ് ചാരിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് നാൻസി കെല്ലി പറയുന്നു.
പൊതു സ്ഥലത്ത് ആളുകളുടെ മുന്നില്‍ വച്ചാണ് താലിബാന്‍ തങ്ങളുടെ ഇത്തരം അതിക്രൂരമായ ശിക്ഷാവിധികള്‍ നടപ്പാക്കുന്നത്. അതോടൊപ്പം ഈ ക്രൂരതകള്‍ റെക്കോര്‍ഡ് ചെയ്ത് മതത്തിന്‍റെയും ശരീയത്തിന്‍റെയും പിന്‍ബലത്തിലാണ് ഇവ ചെയ്യുന്നതെന്ന് വ്യഖ്യാനിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതും പതിവാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona